ഫൈനല്‍ എം.എ മലയാളം മാര്‍ക്ക് ലിസ്റ്റ് വിതരണം
കാലിക്കറ്റ് സര്‍വകലാശാല 2017 ഏപ്രിലില്‍ നടത്തിയ ഫൈനല്‍ എം.എ മലയാളം റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും പരീക്ഷ എഴുതിയ കേന്ദ്രത്തില്‍ മാര്‍ച്ച് ഒന്ന് മുതല്‍ വിതരണം ചെയ്യും. കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം കോളേജില്‍ പരീക്ഷ എഴുതിയവര്‍ മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ നിന്നും കൈപ്പറ്റണം.
 
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റര്‍ എം.ബി.എ (സി.സി.എസ്.എസ്) റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷ മാര്‍ച്ച് 16-ന് ആരംഭിക്കും.
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റര്‍ ബി.എസ്.സി പ്രിന്റിംഗ് ടെക്‌നോളജി (2014 പ്രവേശനം) റഗുലര്‍ പരീക്ഷ മാര്‍ച്ച് 14-ന് ആരംഭിക്കും.
 
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2017 ജൂലായില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എഡ് പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് ഒമ്പത് വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല 2017 മെയില്‍ നടത്തിയ എം.എ സോഷ്യോളജി പ്രീവയസ് റഗുലര്‍ / സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (നോണ്‍ സെമസ്റ്റര്‍) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് ഒമ്പത് വരെ അപേക്ഷിക്കാം.
 
എല്‍.എല്‍.ബി പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല എല്‍.എല്‍.ബി അഞ്ചാം സെമസ്റ്റര്‍ (ത്രിവത്സരം) മെയ് 2017, ഒമ്പതാം സെമസ്റ്റര്‍ (പഞ്ചവത്സരം) മെയ് 2017, ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ-എല്‍.എല്‍.ബി ഏപ്രില്‍ 2017 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലങ്ങള്‍ വെബ്‌സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
 
അധ്യാപക വിദ്യാഭ്യാസം: കാലിക്കറ്റ് സര്‍വകലാശാലയില്‍ അന്താരാഷ്ട്ര സെമിനാറിന് തുടക്കം
ആഗോളതലത്തില്‍ മാറിവരുന്ന സാഹചര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസൃതമായി ഉചിതമായ മാറ്റങ്ങള്‍ പാഠ്യപദ്ധതിയില്‍ വരുത്തേണ്ടതുണ്ടെന്ന് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് കീഴിലെ ഉന്നത വിദ്യാഭ്യാസ വിഭാഗത്തില്‍ സ്‌പെഷ്യല്‍ ഡൂട്ടി ഓഫീസറായ ഡോ.ഷക്കീല ശംസു പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാഭ്യാസ  പഠനവിഭാഗം സംഘടിപ്പിച്ച 'അധ്യാപക വിദ്യാഭ്യാസം: വെല്ലുവിളികളും അവസരങ്ങളും' എന്ന വിഷയത്തിലെ ദ്വിദിന അന്താരാഷ്ട്ര സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. അധ്യാപന-പഠന പ്രക്രിയയില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കണം. അധ്യാപകന്‍ സംസാരിച്ചുകൊണ്ടേയിരിക്കുകയും വിദ്യാര്‍ത്ഥി ശ്രോതാവാവുകയും ചെയ്യുന്ന രീതിയല്ല വേണ്ടത്. ലോക ജനസംഖ്യയിലെ ഏറ്റവും വലിയ യുവജനസമൂഹമാണ് ഇന്ത്യയിലേതെന്നത് ശ്രദ്ധേയമാണ്. ഒരു പഠനവിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അതേ സ്ഥാപനത്തിലെ മറ്റ് പഠനവിഭാഗങ്ങളുമായും അന്യസ്ഥാപനങ്ങളുമായും സഹകരണം ഉറപ്പാക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ അന്താരാഷ്ട്ര സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പഠനവകുപ്പ് മേധാവി ഡോ.പി.കെ.അരുണ അധ്യക്ഷയായിരുന്നു. വിദ്യാഭ്യാസ ആസൂത്രണ ഭരണനിര്‍വഹണ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉപദേഷ്ടാവ് പ്രൊഫ.കെ.രാമചന്ദ്രന്‍, മലേഷ്യ സര്‍വകലാശാലയിലെ ഡോ.റോസ് അംന ബിന്‍തി അബ്ദുറഹൂഫ്, ഡോ.പി.ഉഷ, ഡോ.കെ.പി.മീര, ഡോ.ടി.വസുമതി, ഡോ.കെ.അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെമിനാര്‍ 28-ന് സമാപിക്കും.
 
വനിതാ പഠനവകുപ്പില്‍ ദേശീയ സെമിനാര്‍ ആരംഭിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ വനിതാ പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ ആരംഭിച്ചു. തിരുവനന്തപുരം വികസനപഠന കേന്ദ്രത്തിലെ പോളിസി അനലിസ്റ്റും ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ വിമന്‍ സ്റ്റഡീസ് പ്രസിഡന്റുമായ ഡോ.മീരാ വേലായുധന്‍  കേരള മാതൃക: പുതിയ കാഴ്ച്ചപ്പാടില്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.  ന്യൂഡല്‍ഹിയിലെ വനിതാ പഠനകേന്ദ്രത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.നീത, സംസ്ഥാന സാമൂഹ്യനീതി വകുപ്പിലെ ടി.കെ.ആനന്ദി, ചെന്നൈ ഐ.ഐ.ടിയിലെ പി.അശ്വതി, മുംബൈ ഐ.ഐ.ടിയിലെ ഷര്‍മിള ശ്രീകുമാര്‍, മിനി സുകുമാര്‍, ഡോ.മോളി കുരുവിള തുടങ്ങിയവര്‍ പങ്കെടുത്തു. സെമിനാര്‍ 28-ന് സമാപിക്കും.
 
ത്രിദിന ദേശീയ സംസ്‌കൃത സെമിനാറിന് തുടക്കമായി
'സംസ്‌കൃതത്തിന്റെ പ്രാദേശിക പാരമ്പര്യം: ഉത്തര കേരളത്തിന്റെ സംഭാവനകള്‍' എന്നവിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാറിന് തുടക്കമായി. ഉദ്ഘാടനം പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ നിര്‍വഹിച്ചു. പ്രൊഫ.എം.ആര്‍.രാഘവവാര്യന്‍ മുഖ്യപ്രഭാഷണം നടത്തി. 32-ാമത് പ്രൊഫ.എം.എസ്.മേനോന്‍ എന്‍ഡോവ്‌മെന്റ് പ്രഭാഷണം ഡോ.കെ.വി.വാസുദേവന്‍ നിര്‍വഹിച്ചു. 'സാഹിത്യ ആസ്വാദനത്തില്‍ വ്യാകരണ വ്യവഹാരങ്ങള്‍' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. ഡോ.എന്‍.കെ.സുന്ദരേശ്വരന്‍ അധ്യക്ഷനായി. പ്രൊഫ.കെ.കെ.നീലകണ്ഠന്‍ ഇളയത്, പ്രൊഫ.കെ.മുത്തുലക്ഷ്മി, ഇ.ശ്രീധരന്‍, ഡോ.ടി.എസ്.അജിത,  ഡോ.എസ്.എ.എസ്.ശര്‍മ, പ്രൊഫ.വി.കെ.വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തൃക്കരിപ്പൂര്‍ ഭാസ്‌ക്കരന്‍ പണിക്കരും പാണപ്പുഴ പത്മനാഭന്‍ പണിക്കരും മറുത്ത് കളി അവതരിപ്പിച്ചു. സെമിനാര്‍ മാര്‍ച്ച് ഒന്നിന് സമാപിക്കും.
 
അഖിലേന്ത്യാ ഓഡിയോ വീഡിയോ ഫെസ്റ്റിവലില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് മൂന്ന് അവാര്‍ഡുകള്‍
22-ാമത് അഖിലേന്ത്യാ ചില്‍ഡ്രന്‍സ് എഡ്യുക്കേഷണല്‍ ഓഡിയോ വീഡിയോ ഫെസ്റ്റിവലില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ എഡ്യൂക്കേഷണല്‍ മള്‍ട്ടിമീഡിയ ആന്റ് റിസര്‍ച്ച് സെന്റര്‍ (ഇ.എം.എം.ആര്‍.സി) മൂന്ന് അവാര്‍ഡുകള്‍ നേടി. സജീദ് നടുത്തൊടി രചനയും സംവിധാനവും നിര്‍വ്വഹിച്ച മാന്‍ഗ്രോവ്‌സ്: നേചേഴ്‌സ് ഹാര്‍ഡി ഫൂട്ട് സോള്‍ഡിയേഴ്‌സ് (Mangroves: Nature's Hardy Foot Soldiers) എന്ന ഡോക്യുമെന്ററിക്ക് സീനിയര്‍ സെക്കണ്ടറി വിഭാഗത്തില്‍ മികച്ച വീഡിയോ ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചു. വേമ്പനാട് ലെയ്ക്-ദി വാനിഷിംഗ് ബ്യൂട്ടി (Vembanad Lake – the Vanishing Beauty) ഡോക്യുമെന്ററിക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡും സജീദ് നടുത്തൊടി നേടി. ശ്രീമിത്ത് ശേഖര്‍ സംവിധാനം ചെയ്ത ദി വൂണ്ടഡ് റിവര്‍ (The Wounded River) എന്ന ഡോക്യുമെന്ററിക്ക് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും ലഭിച്ചു. ഭോപ്പാല്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനില്‍ നടന്ന ചടങ്ങില്‍ മുകേഷ് ഖന്ന ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ശില്‍പവും സമ്മാനിച്ചു.