എം.എ ഹിന്ദി മാര്‍ക്ക് ലിസ്റ്റ് വിതരണം
കാലിക്കറ്റ് സര്‍വകലാശാല 2017 ഏപ്രിലില്‍ നടത്തിയ വിദൂരവിദ്യാഭ്യാസം ഫെനല്‍ എം.എ ഹിന്ദി പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകളും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളും പരീക്ഷ എഴുതിയ കേന്ദ്രങ്ങളില്‍ ജനുവരി 31 മുതല്‍ വിതരണം ചെയ്യും. പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജില്‍ പരീക്ഷ എഴുതിയവര്‍ തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ നിന്നും കൈപ്പറ്റണം.
 
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല എം.എസ്.സി ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) മൂന്ന്, ഒന്ന് സെമസ്റ്റര്‍ പരീക്ഷ ഫെബ്രുവരി രണ്ടിന് ആരംഭിക്കും.
 
വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാലയുടെ വിദേശത്തും കേരളത്തിന് പുറത്തുമുള്ള കേന്ദ്രങ്ങളിലെ ബി.എ / ബി.കോം ആറാം സെമസ്റ്റര്‍ ജൂണ്‍ 2017, അഞ്ചാം സെമസ്റ്റര്‍ ഫെബ്രുവരി 2017 പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി മൂന്ന് വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് ചലാന്‍ സഹിതം ഫെബ്രുവരി 14-നകം ലഭിക്കണം.
 
എല്‍.എല്‍.ബി പരീക്ഷകളില്‍ മാറ്റം
കാലിക്കറ്റ് സര്‍വകലാശാല ജനുവരി 31, ഫെബ്രുവരി ഒന്ന് തിയതികളില്‍ നടത്താനിരുന്ന എട്ടാം സെമസ്റ്റര്‍ ബി.ബി.എ-എല്‍.എല്‍.ബി (പഞ്ചവത്സരം, 2011 സ്‌കീം) റഗുലര്‍ / സപ്ലിമെന്ററി, നാലാം സെമസ്റ്റര്‍ എല്‍.എല്‍.ബി യൂണിറ്ററി (ത്രിവത്സരം, 2015 സ്‌കീം) റഗുലര്‍ പരീക്ഷകള്‍ ഫെബ്രുവരി 16-ന് ആരംഭിക്കും. മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.
 
അന്താരാഷ്ട്ര സഹകരണം: ഇംഗ്ലണ്ടിലെ കൊവന്‍ട്രി സര്‍വകലാശാലാ ഉന്നതസംഘം ജനുവരി 31 മുതല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍
വിദേശത്തെ മികച്ച സര്‍വകലാശാലകളുമായി അക്കാദമിക സഹകരണം ലക്ഷ്യമാക്കുന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ സുവര്‍ണ്ണ ജൂബിലി പദ്ധതിയുടെ ഭാഗമായി ഇംഗ്ലണ്ടിലെ കൊവന്‍ട്രി സര്‍വകലാശാലയുടെ ഉന്നതസംഘത്തിന്റെ കാമ്പസ് സന്ദര്‍ശനത്തിന് ജനുവരി 31-ന് തുടക്കമാകുന്നു. കൊവന്ററിയിലെ സ്ട്രാറ്റജി ഡയറക്ടര്‍ ഡോ.മാര്‍ക്ക് ഹോള്‍ട്ടന്‍, അസോസിയേറ്റഡ് പ്രോ-വൈസ് ചാന്‍സലര്‍ ഡോ.ആന്‍ട്രൂ ടേണര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് സന്ദര്‍ശനത്തിന് സര്‍വകലാശാലയില്‍ എത്തുന്നത്. രാവിലെ 11.30-ന് വൈസ് ചാന്‍സലര്‍, പ്രോ-വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള സ്റ്റാറ്റിയൂട്ടറി ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവരുമായി സംഘം ചര്‍ച്ചകള്‍ നടത്തും. കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍, പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ എന്നിവര്‍ നവംബര്‍ 13, 14 തിയതികളില്‍ കൊവന്‍ട്രി സര്‍വകലാശാല സന്ദര്‍ശിച്ചിരുന്നു. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പങ്കാളിത്തത്തിനുള്ള ആറ് നിര്‍ദ്ദേശങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാല, കൊവന്‍ട്രി സര്‍വകലാശാലക്ക് സമര്‍പ്പിച്ചിരുന്നു. ഇതിലെ സെമസ്റ്റര്‍ ഇന്ത്യാ പ്രോഗ്രാം അനുസരിച്ച് വിദേശ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിക്ക് ഒരു സെമസ്റ്റര്‍ കാലിക്കറ്റില്‍ പഠിക്കുകയും അതിന്റെ അക്കാദമിക് ക്രെഡിറ്റുകള്‍ സ്വന്തം സര്‍വകലാശാലക്ക് കൈമാറുകയും ചെയ്യാം. ഇരു സര്‍വകലാശാലകളും ചേര്‍ന്ന് കോഴ്‌സ് നടത്തി സംയുക്തമായി ഡിഗ്രി നല്‍കുന്നതാണ് ജോയിന്റ് ഡിഗ്രി, ഡ്യുവല്‍ ഡിഗ്രി പദ്ധതി. വിദൂരപഠന സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തി ഹ്രസ്വകാല കോഴ്‌സുകള്‍, ഗവേഷണ പ്രോഗ്രാമുകള്‍ തുടങ്ങിയവയും വിഭാവനം ചെയ്യുന്നുണ്ട്.
 
ഭരണഭാഷ അവബോധ പരിശീലന പരിപാടി സംഘടിപ്പിച്ചു
കാലിക്കറ്റ് സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കായി ഭരണഭാഷാ അവബോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഹയര്‍ ഗ്രേഡ് സെക്ഷന്‍ ഓഫീസര്‍ മുതല്‍ ജോയിന്റ് രജിസ്ട്രാര്‍ വരെയുള്ള മൂന്നോറോളം ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. സര്‍വകലാശാലയും സംസ്ഥാന ഗവണ്‍മെന്റിന്റെ ഔദ്യോഗിക ഭാഷാവകുപ്പും സംയുക്തമായി സംഘടിപ്പിച്ച പരിപാടി പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ ഉദ്ഘാടനം ചെയ്തു. ഫിനാന്‍സ് ഓഫീസര്‍ വേലായുധന്‍ മുടിക്കുന്നത്ത് അധ്യക്ഷനായിരുന്നു.
 
'മാക്ക' ട്രോഫി റാങ്കിംഗില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് അഞ്ചാം സ്ഥാനം
കായിക മികവിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സര്‍വകലാശാലകളുടെ റാങ്കിംഗ് നിര്‍ണ്ണയിക്കുന്ന 'മാക്ക' ട്രോഫി റാങ്കിംഗില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് അഞ്ചാം സ്ഥാനം. പാട്യാല പഞ്ചാബി സര്‍വകലാശാലക്കാണ് ദേശീയതലത്തില്‍ ഒന്നാം റാങ്ക്. ചണ്ഡീഗഡ് പഞ്ചാബ് സര്‍വകലാശാല രണ്ടും, അമൃതസര്‍ ഗുരുനാനാക് ദേവ് സര്‍വകലാശാല മൂന്നും, കുരുക്ഷേത്ര സര്‍വകലാശാല നാലും റാങ്കുകള്‍ നേടി. റാങ്കിംഗ് വിവരങ്ങള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
 
എലാന്‍-18 ഫാഷന്‍ വസ്ത്ര പ്രദര്‍ശനം 
കാലിക്കറ്റ് സര്‍വകലാശാലയുടെ കോഴിക്കോട്ടെ ഫാഷന്‍ ഡിസൈനിംഗ് പഠനകേന്ദ്രത്തിലെ വിദ്യാര്‍ത്ഥികള്‍ ഡിസൈന്‍ ചെയ്ത ഫാഷന്‍ വസ്ത്രങ്ങളുടെയും ജ്വല്ലറി ഇനങ്ങളുടെയും വാര്‍ഷിക പ്രദര്‍ശനവും വില്‍പ്പനയും 'എലാന്‍-18' ഫെബ്രുവരി ഒന്ന്, രണ്ട് തിയതികളില്‍ നടക്കും. കോഴിക്കോട് പി.ടി.ഉഷ റോഡിലെ സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് കേന്ദ്രത്തില്‍ രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം ഏഴ് വരെയാണ് പ്രദര്‍ശനം. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് ബി.എസ്.സി, എം.എസ്.സി വിദ്യാര്‍ത്ഥികള്‍ ഡിസൈന്‍ ചെയ്ത സാരി, കുര്‍ത്ത, ടി-ഷര്‍ട്ട്, കിഡ്‌സ്‌വെയര്‍, ക്രാഫ്റ്റ് ഐറ്റംസ് തുടങ്ങിയവയും ആധുനികവും പൗരാണികവുമായ ഡിസൈനിംഗിലുള്ള നെക്ലേസ്, ബ്രേസ്‌ലെറ്റ്, കാഷ്വല്‍ ചെയിന്‍സ് തുടങ്ങിയവയാണ് എലാന്‍-18 വാര്‍ഷിക പ്രദര്‍ശനത്തിലുള്ളത്. ഇതിന് പുറമെ പെയിന്റിംഗുകളും പ്രദര്‍ശനത്തിലുണ്ടെന്ന് പഠനവകുപ്പ് മേധാവി അറിയിച്ചു.
 
സര്‍വകലാശാലയില്‍ ഫെബ്രുവരി ഒന്നിന് നാടകം 'മരണമാച്ച്'
കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രതിമാസ നാടകപ്രദര്‍ശനത്തില്‍ ഫെബ്രുവരി ഒന്നിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലിറ്റില്‍ തിയേറ്റര്‍ (കള്‍ട്ട്) അവതരിപ്പിക്കുന്ന അമേച്വര്‍ നാടകം 'മരണമാച്ച്' അരങ്ങേറും. സര്‍വകലാശാലാ കാമ്പസിലെ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 6.30-നാണ് പ്രദര്‍ശനം. കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ സര്‍വകലാശാലാ പബ്ലിക് റിലേഷന്‍സ് വിഭാഗമാണ് നാടകം സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്.
 
പ്രിന്‍സിപ്പല്‍മാരുടെ യോഗം ഫെബ്രുവരി ആറിന്
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ ആര്‍ട്‌സ് ആന്റ് സയന്‍സ്, ഓറിയന്റല്‍ ടൈറ്റില്‍ (അറബിക്) കോളേജ് പ്രിന്‍സിപ്പല്‍മാരുടെ സമ്പൂര്‍ണ്ണ യോഗം ഫെബ്രുവരി ആറിന് പത്ത് മണിക്ക് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ ചേരും. ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍, പരീക്ഷാ നടത്തിപ്പ്, മെയ് 31-ന് മുമ്പായി ഫലപ്രഖ്യാപനം നടത്തുന്നതിനുള്ള ക്രമീകരണം, കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തില്‍ അധ്യാപകരുടെ പങ്കാളിത്തം, മൂല്യനിര്‍ണയ നിലവാരമുയര്‍ത്തല്‍ തുടങ്ങിയവയാണ് യോഗത്തിന്റെ സുപ്രധാന വിഷയങ്ങള്‍.
 
ആന്ത്രോത്ത്, കടമത്ത് കേന്ദ്രങ്ങളില്‍ പ്രിന്‍സിപ്പല്‍: അപേക്ഷ ക്ഷണിച്ചു
ആന്ത്രോത്ത്, കടമത്ത് കാലിക്കറ്റ് സര്‍വകലാശാലാ കേന്ദ്രങ്ങളില്‍ പ്രിന്‍സിപ്പല്‍ കരാര്‍ നിയമനത്തിന് പാനല്‍ തയ്യാറാക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ഫെബ്രുവരി 17. പ്രതിമാസ മൊത്തവേതനം: 86,900 രൂപ. പ്രായപരിധി: 2018 ജനുവരി ഒന്നിന് 65 വയസ് കവിയരുത്. വിവരങ്ങള്‍ www.universityofcalicut.info എന്ന വെബ്‌സൈറ്റില്‍.