തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല അത്‌ലറ്റിക് മീറ്റിൽ കിരീടം നിലനിർത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്. പുരുഷ വിഭാഗം 4x400 മീറ്റർ റിലേയിൽ ഇഞ്ചോടിഞ്ചുപോരാട്ടത്തിൽ ശ്രീകൃഷ്ണകോളേജിനെ പിന്തള്ളിയാണു ക്രൈസ്റ്റ് കോളേജ് കിരീടം ഉറപ്പിച്ചത്. പരിശീലകരായ ടി.പി. ഔസേഫ്, സേവ്യർ പൗലോസ്, വാൾട്ടർ ജോൺ എന്നിവരുടെ നേതൃത്വത്തിലിറങ്ങിയ 62 പേരുടെ സംഘമാണ് ക്രൈസ്റ്റിന് ഇത്തവണയും കിരീടം സമ്മാനിച്ചത്.

പുരുഷവിഭാഗത്തിൽ 88-ഉം വനിതാ വിഭാഗത്തിൽ 81-ഉം പോയിൻറ് നേടിയാണ് ക്രൈസ്റ്റ് കോളേജിൻറെ വിജയം. 81 പോയിൻറ് നേടിയ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് പുരുഷ വിഭാഗത്തിൽ രണ്ടാമതെത്തി. വനിതാവിഭാഗത്തിൽ 53 പോയിൻറ് നേടിയ തൃശ്ശൂർ സെയ്ൻറ് തോമസ് കോളേജിനാണ് രണ്ടാംസ്ഥാനം. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മലബാർ ക്രിസ്ത്യൻകോളേജ് കിരീടംനേടി.

മീറ്റിലെ താരങ്ങളായി സാന്ദ്ര, അഞ്ജലി, അനസ്

മീറ്റിലെ മികച്ച വനിതാ താരങ്ങളായി സെയ്ൻറ് തോമസ് കോളേജിലെ പി.ഡി. അഞ്ജലിയും ക്രൈസ്റ്റ് കോളേജിലെ സാന്ദ്രാ ബാബുവും തിരഞ്ഞെടുക്കപ്പെട്ടു. ക്രൈസ്റ്റ് കോളേജിലെ എൻ. അനസാണ് മികച്ചതാരം. ട്രിപ്പിൾ ജമ്പിൽ മീറ്റ് റെക്കോഡ് കുറിച്ച പ്രകടനമാണ് അനസ് (15.75 മീറ്റർ) പുറത്തെടുത്തത്. ക്രൈസ്റ്റ് കോളേജിലെ സനൽ സ്കറിയ 2019-ൽ സ്ഥാപിച്ച റെക്കോഡാണ് തിരുത്തിയത്. കാലിനേറ്റ പരിക്കിൽനിന്നു മുക്തനായി രണ്ടു വർഷത്തിനുശേഷമാണ് അനസ് ട്രാക്കിലിറങ്ങിയത്. പാലക്കാട് പിലാപ്പുള്ളി സ്വദേശിയാണ്.

ഇരട്ടസ്വർണം മൂന്നുപേർക്ക്

ക്രൈസ്റ്റ് കോളേജിലെ പി.ഡി. അഞ്ജലി, പി.എസ്. സൂര്യ, ശ്രീകൃഷ്ണ കോളേജിലെ നെവിൽ ഫ്രാൻസീസ്, കെ.ടി. അബ്ദുൾ ബാഷിദ് എന്നിവർ മൂന്നാംദിനം ഇരട്ടസ്വർണം കൈവരിച്ചു. അഞ്ജലിയും നെവിലും 100 മീറ്ററിലെ സ്വർണനേട്ടം 200 മീറ്ററിലും ആവർത്തിച്ചു. 10,000 മീറ്ററിലും 5,000 മീറ്ററിലുമാണ് സൂര്യയുടെ സ്വർണം. സ്റ്റീപ്പിൾ ചെയ്സിലും 5000 മീറ്ററിലുമാണ് അബ്ദുൾബാഷിദ് സ്വർണം നേടിയത്.

സ്പ്രിന്റ് ഡബിളുമായി അഞ്ജലിയും നെവിലും

വനിതകളുടെ 200 മീറ്ററിൽ സെയ്ൻറ് തോമസ് കോളേജിലെ പി.ഡി. അഞ്ജലി സ്വർണം നേടി. സെയ്ൻറ് തോമസിലെതന്നെ ആൻസി സോജനാണ് വെള്ളി. പുരുഷവിഭാഗം 200 മീറ്ററിൽ ശ്രീകൃഷ്ണകോളേജിലെ നെവിൽ ഫ്രാൻസിസ് സ്വർണവും ഇതേ കോളേജിലെ ടി. ആദർശ് വെള്ളിയും നേടി. വനിതാവിഭാഗം 4x400 മീറ്റർ റിലേയിൽ സെയ്ൻറ് തോമസ് കോളേജിനാണ് (3:52 സെക്കൻഡ്) സ്വർണം. ക്രൈസ്റ്റ് കോളേജ് വെള്ളി നേടി.

പുരുഷന്മാരുടെ 4x400 മീറ്റർ റിലേയിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (3:21 സെക്കൻഡ്) ഒന്നാമതും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് രണ്ടാമതും എത്തി.

53 ടീമുകളിലായി 312 കായികതാരങ്ങളാണ് മീറ്റിൽ പങ്കെടുത്തത്. സമാപനച്ചടങ്ങിൽ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ്, പ്രോ വൈസ് ചാൻസലർ ഡോ. എം. നാസർ, സിൻഡിക്കേറ്റ് അംഗം അഡ്വ. കെ. ടോം, കായികവകുപ്പ് മേധാവി ഡോ. സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.