തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല അത്‌ലറ്റിക് മീറ്റിന്റെ രണ്ടാംദിനം അവസാനിച്ചപ്പോൾ പുരുഷവിഭാഗത്തിൽ 55 പോയിന്റും വനിതാവിഭാഗത്തിൽ 46 പോയിന്റും നേടി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ആധിപത്യമുറപ്പിച്ചു. പുരുഷവിഭാഗത്തിൽ 50 പോയിന്റ് നേടിയ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജാണ് രണ്ടാമത്.

ഇരട്ടത്തിളക്കം

ആദ്യദിനം വനിതാവിഭാഗം ട്രിപ്പിൾ ജമ്പിൽ സ്വ‍ർണംനേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സാന്ദ്രാ ബാബു രണ്ടാംദിനം ലോങ്ജമ്പിലും ഒന്നാമതെത്തി സ്വർണനേട്ടം രണ്ടാക്കി. പുരുഷവിഭാഗം 800 മീറ്ററിൽ സ്വ‍ർണംനേടിയ ടി. സെയ്ഫുദ്ദീനും ഇരട്ട സ്വ‍ർണനേട്ടം കരസ്ഥമാക്കി. ആദ്യദിനം 400 മീറ്ററിലും സെയ്ഫുദ്ദീൻ സ്വർണം നേടിയിരുന്നു.

റിലേയിൽ റെക്കോഡ്

വനിതാവിഭാഗം 4x100 മീറ്റർ റിലേയിൽ റെക്കോഡോടെ തൃശ്ശൂർ സെയ്ന്റ് തോമസ് കോളേജ് (46.59 സെക്കൻഡ്) സ്വ‍ർണംനേടി. 2010-ൽ തൃശ്ശൂർ വിമല കോളേജ് സ്ഥാപിച്ച (47.50 സെക്കൻഡ്) റെക്കോഡാണ് പഴങ്കഥയായത്.

രണ്ടാംദിനം 17 ഫൈനലുകൾ

17 ഫൈനലുകളാണ് രണ്ടാംദിനം നടന്നത്. വനിതാവിഭാഗം ലോങ്ജമ്പിൽ റെക്കോഡ് പ്രതീക്ഷയുമായി ഇറങ്ങിയ സാന്ദ്രാ ബാബുവിനും ആൻസി സോജനും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. സാന്ദ്രാ ബാബു 5.91 മീറ്റർ ദൂരം ചാടി സ്വർണംനേടി. ആൻസി സോജനാണ് രണ്ടാംസ്ഥാനം. വനിതാവിഭാഗം 800 മീറ്ററിൽ ക്രൈസ്റ്റ് കോളേജിലെ എം.പി. അർച്ചന സ്വർണംനേടി. തൃശ്ശൂർ വിമല കോളേജിലെ എ.പി. സിമി പോളിനാണ് വെള്ളി. 100 മീറ്റർ ഹർഡിൽസിൽ സെയ്ൻറ്്‌ തോമസ് കോളേജിലെ ആൻ റോസ് ടോമിക്കാണ് (14.47 സെക്കൻഡ്) സ്വർണം. പാലക്കാട് മേഴ്‌സി കോളേജിലെ കെ. ആതിര വെള്ളി നേടി.

110 മീറ്റർ ഹർഡിൽസിൽ ചിറ്റൂർ ഗവ. കോളേജിലെ ഫാസിൽ ഫറൂഖ് അഹമ്മദ് (15.14 സെക്കൻഡ്) സ്വർണവും ക്രൈസ്റ്റ് കോളേജിലെ സച്ചു ജോർജ് വെള്ളിയും നേടി. പാലക്കാട് യാക്കര സ്വദേശിയായ ഫാസിലിന്റെ ആദ്യ സർവകലാശാല മീറ്റാണിത്.

വനിതാവിഭാഗം 400 മീറ്റർ ഹർഡിൽസിൽ സെയ്ന്റ് തോമസ് കോളേജിലെ ആർ. ആരതി സ്വർണംനേടി. തിരൂർ ദീർഘായുഷ് സ്‌കൂൾ ഓഫ് അത്‌ലറ്റിക്സിലെ എം.എസ്. അനന്തുവാണ് എറണാകുളം കളമശ്ശേരി സ്വദേശിയായ ആരതിയുടെ പരിശീലകൻ. മേഴ്സി കോളേജിലെ ജെ. വിഷ്ണുപ്രിയ രണ്ടാമതെത്തി.

പുരുഷവിഭാഗം 400 മീറ്റർ ഹർഡിൽസിൽ വിക്ടോറിയ കോളേജിലെ ആർ.കെ. സൂര്യജിത് സ്വർണംനേടി. യാക്കര ഒളിമ്പിക്സ് അക്കാദമയിലെ എച്ച്. അർജുൻ, സി. ഹരിദാസ് എന്നിവരാണ് സൂര്യജിത്തിൻറെ പരിശീലകർ. ഇതേ കോളേജിലെ ഡി. രോഹിത്തിനാണ് വെള്ളി.