കാലിക്കറ്റ് സര്‍വകലാശാല എം.എച്ച്.എ ഒന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ ഫെബ്രുവരി 20-നും, മൂന്നാം സെമസ്റ്റര്‍ റഗുലര്‍ / സപ്ലിമെന്ററി പരീക്ഷ ഫെബ്രുവരി 19-നും ആരംഭിക്കും.
 
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2017 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ പോസ്റ്റ് അഫ്‌സല്‍-ഉല്‍-ഉലമ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി പത്ത് വരെ അപേക്ഷിക്കാം.
 
കാലിക്കറ്റ് സര്‍വകലാശാല 2017 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ ഹിന്ദി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 12 വരെ അപേക്ഷിക്കാം.
 
അഞ്ചാം സെമസ്റ്റര്‍ യു.ജി മൂല്യനിര്‍ണ്ണയ ക്യാമ്പ്
കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.എ / ബി.എസ്.സി / ബി.കോം / ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) നവംബര്‍ 2017 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ഫെബ്രുവരി 22, 23 തിയതികളില്‍ നടക്കും. ഈ ദിവസങ്ങളില്‍ യു.ജി / പി.ജി റഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. യു.ജി, പി.ജി ഗസ്റ്റ്, സ്വാശ്രയ വിഭാഗം, വിരമിച്ച് പഠിപ്പിക്കുന്നവര്‍, മറ്റേതെങ്കിലും വിഭാഗം ഉണ്ടെങ്കില്‍ അവര്‍ ഉള്‍പ്പെടെ എല്ലാ അധ്യാപകരും ക്യാമ്പില്‍ പങ്കെടുക്കേണ്ടതാണ്.
 
ഒന്നാം സെമസ്റ്റര്‍ യു.ജി പരീക്ഷ: ആറ് വരെ അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം / പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നാം സെമസ്റ്റര്‍ ബി.എ / ബി.എസ്.സി / ബി.കോം / ബി.ബി.എ / ബി.എ അഫ്‌സല്‍-ഉല്‍-ഉലമ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍ പരീക്ഷക്ക് സൂപ്പര്‍ ഫൈനോടെ ഫെബ്രുവരി ആറ് വരെ അപേക്ഷിക്കാം.
 
പി.എച്ച്.ഡി പി.ക്യു.ഇ പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല പി.എച്ച്.ഡി പ്രിലിമിനറി ക്വാളിഫൈംഗ് / കോഴ്‌സ് വര്‍ക്ക് (പി.ക്യു.ഇ) പരീക്ഷക്ക് അപേക്ഷ പിഴകൂടാതെ ഫെബ്രുവരി 14 വരെയും പിഴയോടെ ഫെബ്രുവരി 19 വരെയും ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ചില്‍ സ്വീകരിക്കും. വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷ, ചലാന്‍, ബന്ധപ്പെട്ട രേഖകള്‍ സഹിതം ഡയറക്ടര്‍, ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ച്, ടാഗോര്‍ നികേതന്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ് എന്ന വിലാസത്തില്‍ ലഭിക്കണം. പരീക്ഷ പേപ്പര്‍ ഒന്ന് മാര്‍ച്ച് അഞ്ചിനും, പേപ്പര്‍ രണ്ട് മാര്‍ച്ച് ആറിനും അതത് പഠനവകുപ്പില്‍ നടക്കും.
 
ബി-സോണ്‍ കലോത്സവം
കാലിക്കറ്റ് സര്‍വകലാശാല ബി-സോണ്‍ കലോത്സവവുമായി ബന്ധപ്പെട്ട് വേദി, തിയതി എന്നിവ സര്‍വകലാശാല ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. ഇതുസംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കുന്നതിന് വേണ്ടി ഫെബ്രുവരി രണ്ടിന് സര്‍വകലാശാലാ അധികൃതരും സര്‍വകലാശാലാ യൂണിയന്‍ പ്രതിനിധികളും സിന്റിക്കേറ്റ് പ്രതിനിധികളും വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഉചിതമായ തീരുമാനം കൈകൊള്ളുന്നതാണ്.
 
സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഇംഗ്ലീഷ് കവിയരങ്ങ്
കാലിക്കറ്റ് സര്‍വകലാശാലാ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ഇംഗ്ലീഷ് പഠനവകുപ്പ് 'മലയാളികളുടെ ഇംഗ്ലീഷ് ആവിഷ്‌കാരങ്ങള്‍' എന്ന സെമിനാറിന്റെ ഭാഗമായി ഇംഗ്ലീഷ് കവിയരങ്ങ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഏഴ്, എട്ട് തിയതികളിലാണ് സെമിനാര്‍. എട്ടിന് നടക്കുന്ന കവിയരങ്ങില്‍ കാലിക പ്രസക്തമായ വിഷയങ്ങളെ അധികരിച്ച് സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ എഴുതിയ കവിതകള്‍ക്കായിരിക്കും മുന്‍ഗണന. തെരഞ്ഞെടുക്കുന്ന കവിതകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ അക്കാദമിക് വിലാസത്തോടൊപ്പം 8943380323 (ഡോ.ഉമര്‍ തസ്‌നീം), 9847144563 (ഡോ.കെ.എം.ഷെരീഫ്) എന്നീ വാട്ട്‌സ് ആപ്പ് നമ്പറുകളിലേക്ക് കവിതയുടെ ടെക്സ്റ്റും രണ്ട് മിനിട്ടില്‍ കുറയാത്ത ഓഡിയോ ക്ലിപ്പും ഫെബ്രുവരി അഞ്ചിനകം അയക്കണം.
 
സി.ഡി.എം.ആര്‍.പി ബഹു വൈജ്ഞാനികശാഖ ദേശീയ സമ്മേളനം ഫെബ്രുവരി രണ്ടിന് തുടങ്ങും
കാലിക്കറ്റ് സര്‍വകലാശാലാ സൈക്കോളജി പഠനവകുപ്പിലെ കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്‌മെന്റ് ആന്റ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാമിന്റെ (സി.ഡി.എം.ആര്‍.പി) ആഭിമുഖ്യത്തില്‍ ത്രിദിന ബഹു വൈജ്ഞാനിക ശാഖാ ദേശീയ സമ്മേളനം കാമ്പസില്‍ സംഘടിപ്പിക്കുന്നു. ബഹുവൈജ്ഞാനികശാഖാ പരിചരണത്തിലെ നവീന പ്രവണതകള്‍ എന്ന വിഷയത്തിലെ സെമിനാറില്‍ ഡാന്‍സ് മൂവ്‌മെന്റ് തെറാപ്പി, സെറിബ്രല്‍ പാള്‍സി ബാധിതരായ കുട്ടികളിലെ ഗോള്‍ സെറ്റിംഗ്, ഇന്‍ക്ലുസീവ് എഡ്യൂക്കേഷന്‍ തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിലെ വിദഗ്ധര്‍ പങ്കെടുക്കും. പ്രൊഫ.രംഗസായി ആര്‍. റാവു, ത്രിപുര കശ്യപ്, വിനീതാ സാറാ ഫിലിപ്പ്, ഡോ.കവിതാരാജാ, ഡോ.ഷോവന്‍ സാഹ, ഡോ.ബേബി ശാരി, ഡോ.ഉഷ ധാല്‍വി, പ്രൊഫ.മാനസ് കെ. മണ്ഡല്‍, പ്രൊഫ.എസ്.വെങ്കടേശ്വരന്‍, ഡോ.ജയശ്രീ എസ്. ബട്ട്, ഡോ.പി.ടി.സുനീഷ് തുടങ്ങിയവര്‍ ഇവരില്‍ ഉള്‍പ്പെടുന്നു. ഫെബ്രുവരി രണ്ടിന് രാവിലെ 10.30-ന് സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന സമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ പങ്കെടുക്കും.
 
ഷോര്‍ട്ട് ഫിലിം എന്‍ട്രികള്‍ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ മാധ്യമ പഠനവിഭാഗം മാര്‍ച്ച് 20 മുതല്‍ 22 വരെ തിയതികളില്‍ സംഘടിപ്പിക്കുന്ന കമ്മ്യൂണിയന്‍ മാധ്യമോത്സവത്തിലെ മത്സര ഇനങ്ങളിലേക്ക് കോളേജ് / സര്‍വകലാശാലാ വിദ്യാര്‍ത്ഥികളില്‍ നിന്ന് എന്‍ട്രികള്‍ ക്ഷണിച്ചു. ഇന്ത്യയിലെവിടെയുമുള്ള അഫിലിയേറ്റഡ് കോളേജുകളിലെയും സര്‍വകലാശാലകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിം (25 മിനുട്ടില്‍ താഴെ), പരസ്യ ചിത്രം (മൂന്ന് മിനുട്ട്), ന്യൂസ് വീഡിയോ (15 മിനുട്ട്) എന്നീ വിഭാഗങ്ങളിലെ എന്‍ട്രികളാണ് ക്ഷണിച്ചത്.  ഒരു സ്ഥാപനത്തില്‍ നിന്നും ഓരോയിനത്തിലും പരമാവധി രണ്ടു എന്‍ട്രികള്‍ അയക്കാം. പ്രിന്‍സിപ്പല്‍ / വകുപ്പ് മേധാവിയുടെ സാക്ഷ്യപത്രത്തോടെ എന്‍ട്രികള്‍ ഫെബ്രുവരി 25-നകം ലഭിക്കണം. വിലാസം: പ്രസിഡണ്ട്, കമ്മ്യൂണിക്കേഷന്‍ ക്ലബ്ബ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍. കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ്, മലപ്പുറം-673 635. എന്‍ട്രികള്‍ അയക്കുന്നവര്‍ ഷോര്‍ട്ട് ഫിലിമിന് 250 രൂപയും, ആഡ് ഫിലിം, ന്യൂസ് വീഡിയോ എന്നിവക്ക് 100 രൂപയും ഡി.ഡി ആയോ ഓണ്‍ലൈന്‍ വഴിയോ കമ്മ്യൂണിക്കേഷന്‍ ക്ലബ്ബിന്റെ അക്കൗണ്ടിലേക്ക് നല്‍കണം. എസ്.ബി.ഐ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, അക്കൗണ്ട് നമ്പര്‍: 67386969466 കഎടഇ: ടആകച0070200. വിവരങ്ങള്‍ക്കും എന്‍ട്രിഫോമിനും ബന്ധപ്പെടുക. 9946823812, 9961362627, 04942407361.
 
ആഗോളീകരണ കാലത്തെ ഭാഷയും സംസ്‌കാരവും: ത്രിദിന ദേശീയ സെമിനാര്‍
ആഗോളീകരണ കാലത്തെ ഭാഷയും സംസ്‌കാരവും എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ മലയാള കേരള പഠനവിഭാഗവും മൈസൂര്‍ സതേണ്‍ റീജിയണല്‍ ലാംഗ്വേജ് കേന്ദ്രവുമായി ചേര്‍ന്ന് ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി അഞ്ച് മുതല്‍ ഏഴ് വരെയാണ് സെമിനാര്‍. ഫെബ്രുവരി അഞ്ചിന് രാവിലെ പത്ത് മണിക്ക് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ എഴുത്തുകാരന്‍ ടി.പി.രാജീവന്‍ ഉദ്ഘാടനം ചെയ്യും. ആഗോളീകരണ കാലത്ത് ഭാഷയും സംസ്‌കാരവും നേരിടുന്ന നിരവധി വെല്ലുവിളികളും പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യപ്പെടുന്ന 60 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. നോവലിസ്റ്റ് എന്‍.പ്രഭാകരന്‍ മുഖ്യപ്രഭാഷണം നടത്തും.