തേഞ്ഞിപ്പലം: അടച്ചിടൽ കാലത്ത് വീട്ടിലിരുന്ന് മൊബൈൽ ഫോണുപയോഗിച്ച് ബിരുദ രജിസ്ട്രേഷൻ നടത്താവുന്ന സൗകര്യത്തോടെ കാലിക്കറ്റ് സർവകലാശാലയുടെ പോർട്ടൽ. http://cuonline.uoc.ac.in/ug/ വഴി ചൊവ്വാഴ്ച മുതലാണ് രജിസ്ട്രേഷൻ തുടങ്ങിയത്.
കൺടെയ്ൻമെന്റ് മേഖലയിൽപ്പെട്ടതിനാൽ തിങ്കളാഴ്ച മുതൽ സർവകലാശാല അടച്ചിട്ടിരിക്കുകയാണ്. സാധാരണ പ്രവേശനസമയത്ത് വിദ്യാർഥികളുടെ സംശയങ്ങൾക്ക് ഫോണിൽ മറുപടി നൽകാറുണ്ട്. ഓൺലൈൻ സേവനകേന്ദ്രങ്ങൾ പലതും അടച്ചിടുന്നതിനാൽ ഇവയുടെ സേവനവും ലഭിക്കില്ല.
ഇതെല്ലാം കണക്കിലെടുത്ത് പ്രവേശന വിഭാഗത്തിനുവേണ്ടി സർവകലാശാലാ കംപ്യൂട്ടർ സെന്ററാണ് പോർട്ടലിന് പുതിയ മുഖം നൽകിയത്.
ക്യാപ് ഐഡി (CAP) ഉപയോഗിച്ച് അപേക്ഷയുടെ തത്സ്ഥിതി അറിയാനുള്ള സൗകര്യം കൂടി പുതുതായി ഉൾപ്പെടുത്തി (http://cuonline.ac.in/ug/SupportCenter) പ്രവേശന വിജ്ഞാപനം മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാണ്.
ഇതിനുപുറമെ ജില്ലതിരിച്ചുള്ള കോളേജുകൾ, സീറ്റുകളുടെ എണ്ണം, കോഴ്സുകൾ, ഓരോ ബിരുദവുമായി ബന്ധപ്പെട്ട യോഗ്യതകൾ, റാങ്കിങ് നിയമങ്ങൾ എന്നിവയുടെ വിവരങ്ങളറിയാനാകും. കോളേജുകളുടെ വിവരങ്ങളിൽ വെബ്സൈറ്റ് ലിങ്ക്, റൂട്ട് മാപ്പ് എന്നിവയുണ്ട്.
2019-20 വർഷത്തെ പ്രവേശനം ആധാരമാക്കിയുള്ള ഇൻഡക്സ് മാർക്ക് വിവരങ്ങളും ലഭ്യമാണ്. പ്രവേശന നോഡൽ ഓഫീസർമാരുടെ മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി. എന്നിവയും നൽകിയിട്ടുണ്ട്.
മൊബൈൽ ഫോൺ ഉപയോഗിച്ചുതന്നെ ഇ-പേമെന്റ് (സ്റ്റേറ്റ് ബാങ്ക് ഓൺലൈൻ/ കോളേജുകളിലെ നോഡൽ കേന്ദ്രങ്ങൾ/ഫ്രണ്ട്സ് ജനസവേനകേന്ദ്രം/അക്ഷയകേന്ദ്രങ്ങൾ) ഉൾപ്പെടെ പൂർത്തീകരിച്ച് ഈ പോർട്ടലിലൂടെ അപേക്ഷ സമർപ്പിക്കാൻ കഴിയും.