തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ ഈ അധ്യയനവര്‍ഷം തുടങ്ങുന്ന ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. 17-ന് അഞ്ചുമണിവരെ അപേക്ഷിക്കാം.എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളായ എം.എസ്‌സി. ബയോസയന്‍സ്, ഫിസിക്‌സ്, കെമിസ്ട്രി, എം.എ. ഡെവലപ്‌മെന്റ് സറ്റഡീസ് എന്നിവയാണ് കോഴ്‌സുകള്‍. ഒരു വിദ്യാര്‍ഥിക്ക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ പരമാവധി മൂന്ന് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.

രണ്ടു പ്രോഗ്രാമുകള്‍വരെ ജനറല്‍ വിഭാഗത്തിന് 370 രൂപയും എസ്.സി.-എസ്.ടി. വിഭാഗത്തിന് 160 രൂപയുമാണ് ഫീസ്. മൂന്ന് പ്രോഗ്രാമുകള്‍ക്ക് ഇത് യഥാക്രമം 425 രൂപയും 215 രൂപയുമാണ്.

അപേക്ഷകര്‍ അപേക്ഷയുടെ പ്രിന്റൗട്ട് സൂക്ഷിക്കണം. പ്രവേശന വിജ്ഞാപനവും പ്രോസ്‌പെക്ടസും admission.uoc.ac.in ലഭ്യമാണ്. ഫോണ്‍: 0494 2407016, 2407017.