ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കോഴ്‌സില്‍ സ്‌പോട്ട് അഡ്മിഷന്‍
മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ നടത്തുന്ന പി.ജി.ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കോഴ്‌സില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് (സ്റ്റേറ്റ് മെരിറ്റ്) നവംബര്‍ 13 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.  പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ച നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ രാവിലെ 10.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ എത്തണം.
 
ന്യൂനപക്ഷ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി / ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആന്റ് വര്‍ക്ക് അക്കൗണ്ടന്‍സി / കമ്പനി സെക്രട്ടറിഷിപ്പ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ (മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈനര്‍) ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ ആറ് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരെയും പരിഗണിക്കും. മുസ്ലീങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും 80:20 എന്ന അനുപാതത്തിലാണ് സ്‌കോളര്‍ഷിപ്പ്.  മുപ്പത് ശതമാനം തുക പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. മെരിറ്റിന്റെയും താഴ്ന്ന വരുമാന പരിധിയുടെയും അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.  ഒരു വിദ്യാര്‍ത്ഥിക്ക് 15,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്.  മുന്‍ വര്‍ഷങ്ങളില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷിക്കരുത്.  അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in മുഖേന ഓണ്‍ലൈനായി 30 നകം അപേക്ഷിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2302090, 2300524.
 
ഹയര്‍സെക്കണ്ടറി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഓറിയന്റേഷന്‍ ക്ലാസ്
സ്‌കോള്‍ കേരള മുഖേന 2017-2019 ബാച്ചില്‍ ഹയര്‍സെക്കന്‍ഡറി കോഴ്‌സിന് പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്കുള്ള ഒന്നാം വര്‍ഷ ഓറിയന്റേഷന്‍ ക്ലാസുകള്‍ 12, 19 തീയതികളില്‍  നടത്തുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.  വിശദാംശങ്ങള്‍ക്ക് അതത് പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.
 
സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരളത്തില്‍ സ്ഥിരതാമസക്കാരായ മുസ്ലീം, ലത്തീന്‍ ക്രിസ്ത്യന്‍ / മതപരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളില്‍ നിന്നും 2017-18 അധ്യയന വര്‍ഷത്തേയ്ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് / ഹോസ്റ്റല്‍ സ്റ്റൈപ്പന്റിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബിരുദത്തിന് പഠിക്കുന്നവര്‍ക്ക് 5,000/- രൂപാ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവര്‍ക്ക് 6,000/- രൂപാ വീതവും, പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്നവര്‍ക്ക് 7,000 രൂപാ വീതവും ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് ഇനത്തില്‍ 13,000/- രൂപാ വീതവുമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഒരു വിദ്യാര്‍ത്ഥിനിക്ക് സ്‌കോളര്‍ഷിപ്പ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. കേരള സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും, പൊതു പ്രവേശന പരീക്ഷയെഴുതി സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നേടി സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ആദ്യ വര്‍ഷങ്ങളില്‍ അപേക്ഷിക്കാന്‍ കഴിയാതെ പോയവര്‍ക്കും ഇപ്പോള്‍ പഠിക്കുന്ന വര്‍ഷത്തേയ്ക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ താഴെയുള്ളവരുമായിരിക്കണം. കോളേജ് ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും, സ്ഥാപന മേധാവി അംഗീകരിച്ച സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്റ്റൈപ്പന്റിന് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.inഎന്ന വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍-30. അപേക്ഷയുടെ പ്രിന്റ് ഔട്ട് സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി അയയ്‌ക്കേണ്ട വിലാസം ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാംനില, വികാസ് ഭവന്‍, തിരുവനന്തപുരം-33. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 - 2302090, 2300524.