കുട്ടികളുടെ വിദ്യാഭ്യാസ ചലച്ചിത്രമേള തിരുവനന്തപുരത്ത്
സംസ്ഥാന കുട്ടികളുടെ ആറാമത് വിദ്യാഭ്യാസ ചലച്ചിത്രമേള തലസ്ഥാനത്ത് നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജിയാണ് മേള സംഘടിപ്പിക്കുന്നത്. കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ചതും വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മിച്ചതുമായ ചിത്രങ്ങളുടെ പ്രദര്‍ശനവും മത്സരവുമാണ് നടക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് ചലച്ചിത്രനിര്‍മാണത്തില്‍ അറിവു പകരുക, അവരുടെ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക, ചലച്ചിത്രങ്ങള്‍ സംസ്ഥാനതലത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വേദി ഒരുക്കുക എന്നിവയാണ് മേളയുടെ ലക്ഷ്യം. വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ചത്, വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നിര്‍മിച്ചത് എന്നീ രണ്ടു വിഭാഗങ്ങളായി പ്രൈമറി, സെക്കന്ററി, സീനിയര്‍ സെക്കന്ററി, ബി.ആര്‍.സി വിഭാഗങ്ങളില്‍ പ്രത്യേക മല്‍സരമുണ്ടാകും. ആകെയുള്ള എട്ടു വിഭാഗങ്ങളിലും മികച്ച ഒന്നാമത്തെ ചിത്രം, രണ്ടാമത്തെ ചിത്രം, മൂന്നാമത്തെ ചിത്രം, മികച്ച തിരക്കഥ, സംവിധാനം, ഛായാഗ്രഹണം, എഡിറ്റിംഗ്, ശബ്ദലേഖനം, സെറ്റ് ഡിസൈനിംഗ്, പശ്ചാത്തലസംഗീതം, ആനിമേഷന്‍, ഡബ്ബിംഗ് എന്നിങ്ങനെ പന്ത്രണ്ട് അവാര്‍ഡുകള്‍ വീതം നല്‍കും. ചലച്ചിത്രപ്രദര്‍ശനത്തോടൊപ്പം ചലച്ചിത്രനിര്‍മാണത്തിന്റെ വിവിധ വശങ്ങളെ അടിസ്ഥാനമാക്കിയുള്ള ശില്‍പശാലകളും സെമിനാറുകളും നടക്കും. അന്തര്‍ദേശീയതലത്തിലും ദേശീയതലത്തിലും കുട്ടികള്‍ക്കായി നിര്‍മിച്ച മികച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചലച്ചിത്രമേളയിലും ചലച്ചിത്രനിര്‍മാണ ശില്‍പശാലയിലും പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. വിശദവിവരങ്ങള്‍ക്ക് എസ്.ഐ.ഇ.ടി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍. 0471-2338541, 40.
 
കേള്‍വി വൈകല്യമുള്ളവര്‍ക്ക് മത്സര പരീക്ഷ പരിശീലനം
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഭിന്നശേഷിക്കാര്‍ക്കുള്ള ദേശീയ തൊഴില്‍ സേവന കേന്ദ്രം (തിരുവനന്തപുരം) കേള്‍വി വൈകല്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ മത്സര പരീക്ഷ പരിശീലനം നടത്തുന്നു.  തിരുവനന്തപുരം നാലാഞ്ചിറയില്‍ നടത്തുന്ന പരിശീലനത്തിന് 18 നും 35 നുമിടയില്‍ പ്രായമായ കേള്‍വി വൈകല്യമുള്ളവര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷിക്കാം.  വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ നവംബര്‍ 20 നകം ഡെപ്യൂട്ടി ഡയറക്ടര്‍, ഭിന്നശേഷിക്കാര്‍ക്കുള്ള ദേശീയ തൊഴില്‍ സേവന കേന്ദ്രം, നാലാഞ്ചിറ പി.ഒ, തിരുവനന്തപുരം-695 015. എന്ന വിലാസത്തില്‍ അയയ്ക്കണം.  ഫോണ്‍ 0471-2530371, 2531175.  ഇ-മെയില്‍ :  vrctvm@nic.in.  ക്ലാസുകള്‍ ഡിസംബര്‍ നാലിന് ആരംഭിക്കും.
 
ഡിപ്പാര്‍ട്ട്‌മെന്റ് പരീക്ഷയ്ക്ക് ഐ.എം.ജി യില്‍ പരിശീലനം
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റിന് തയ്യാറാക്കുന്നതിനായി ഐ.എം.ജി.യുടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളില്‍ നവംബര്‍ 27 മുതല്‍ ഡിസംബര്‍ 23 വരെ പ്രത്യേക പരിശീലനം സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ തിരുവനന്തപുരത്തും ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂര്‍ ജില്ലകളിലുള്ളവര്‍ കൊച്ചിയിലും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലുള്ളവര്‍ കോഴിക്കോട്ടുമാണ് പരിശീലനത്തിനെത്തേണ്ടത്. പരീശീലന കേന്ദ്രം മാറ്റി നല്‍കില്ല. അടുത്ത ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റിനായി പി.എസ്.സിയില്‍ അപേക്ഷ സമര്‍പ്പിക്കുന്ന ക്ലാസ് 2, ക്ലാസ് 3 വിഭാഗത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം. പരിശീലനത്തിനായി ഉദ്യോഗസ്ഥരെ വകുപ്പില്‍ നിന്ന് നാമനിര്‍ദ്ദേശം ചെയ്യണം. പരിശീലനം നേരത്തെ ലഭിച്ചവരേയും പ്രത്യേക വിഷയങ്ങള്‍ മാത്രം എഴുതുന്നവരെയും നാമനിര്‍ദ്ദേശം ചെയ്യരുത്. പരിശീലനത്തിന് നാമനിര്‍ദേശം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഔദ്യോഗിക മേല്‍വിലാസവും ഫോണ്‍ നമ്പരും നാമനിര്‍ദ്ദേശത്തോടൊപ്പം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പരിശീലന വിഭാഗം സെക്ഷന്‍ ഓഫീസറെ ബന്ധപ്പെടണം. ഫോണ്‍: 0471 - 2304229. നാമനിര്‍ദ്ദേശം 17 നകം ഐ.എം.ജിയുടെ ബന്ധപ്പെട്ട ഓഫീസുകളില്‍ ലഭിക്കണം. വിശദവിവരം www.img.kerala.gov.in ല്‍ ലഭിക്കും.