കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയില്‍ അംഗീകൃത ഗൈഡുമാരായി 2018-19 വര്‍ഷത്തേയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് സര്‍വ്വകലാശാലക്കു കീഴിലുള്ള യോഗ്യരായ അധ്യാപകരില്‍ നിന്നും സര്‍വ്വകലാശാലയുടെ അംഗീകൃത ആര്‍ & ഡി ഇന്‍സ്റ്റിറ്റിയൂഷനുകളിലെ ശാസ്ത്രജ്ഞരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ രജിസ്ട്രാര്‍, കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല, മെഡിക്കല്‍ കോളേജ് പോസ്റ്റ്, തൃശൂര്‍ - 680596 എന്ന വിലാസത്തില്‍ മാര്‍ച്ച് ഇരുപത്തിയേഴിനകം ലഭിച്ചിരിക്കേണ്ടതാണ്. വെബ്‌സൈറ്റ്: www.kuhs.ac.in
 
ആരോഗ്യ സര്‍വ്വകലാശാലയില്‍ ബിരുദാനന്തര ബിരുദ നഴ്‌സുമാര്‍ക്ക് കുടുംബാരോഗ്യ വിഷയങ്ങളില്‍ പഠന പരിശീലനം
 
കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല ആര്‍ദ്രം മിഷനുമായി സഹകരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പിലെ ബിരുദാനന്തര ബിരുദധാരികളായ എഴുപത് നഴ്‌സുമാര്‍ക്ക് കുടുംബ ആരോഗ്യ സംബന്ധിയായ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നു. മാര്‍ച്ച് അഞ്ച് മുതല്‍ പതിനാറു വരെ രണ്ടാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന കുടുംബാരോഗ്യ പഠന പരിശീലനം റെസിഡന്‍ഷ്യല്‍ പ്രോഗ്രാമായാണ് നടത്തുന്നത്. ഈ റെസിഡന്‍ഷ്യല്‍ പ്രോഗ്രാമില്‍ പങ്കെടുത്തു പരിശീലനം നേടുന്നവര്‍ അതാതു മേഖലകളില്‍ മറ്റുള്ള നഴ്‌സുമാരുടെ പരിശീലകരായി പ്രവര്‍ത്തിക്കുന്നതിനുതകുന്ന തരത്തിലാണ് ക്ലാസുകള്‍ ഒരുക്കിയിട്ടുള്ളത്. ഇതിനാവശ്യമായ പഠന മൊഡ്യൂളുകള്‍ തയ്യാറാക്കുന്നതിന് വേണ്ട മുഴുവന്‍ സാങ്കേതിക സഹായങ്ങളും ആരോഗ്യ സര്‍വ്വകലാശാലയാണ് നിര്‍വ്വഹിക്കുന്നത്. സര്‍വ്വകലാശാലയിലെ ഡീന്‍മാരാണ് കോഴ്‌സ് ഡയറക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നത്. സര്‍വ്വകലാശാല അധ്യാപകര്‍ക്ക് പുറമേ സംസ്ഥാന ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധ ഡോക്ടര്‍മാരും പരിശീലനത്തിനു നേതൃത്വം നല്‍കും.