കണ്ണൂര്‍ പറശ്ശിനിക്കടവ് എം.വി.ആര്‍ ആയൂര്‍വേദ മെഡിക്കല്‍ കോളേജില്‍ കേരള ആരോഗ്യ സര്‍വ്വകലാശാല അംഗീകരിച്ച 2017-18 വര്‍ഷത്തെ ബി.എസ്.സി നഴ്‌സിംഗ് (ആയൂര്‍വേദം), ബി.ഫാം (ആയൂര്‍വേദം) കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനുള്ള ആദ്യഘട്ട അലോട്ട്‌മെന്റ് www.lbscentre.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ വെബ്‌സൈറ്റില്‍ നിന്നും അപേക്ഷയുടെ പ്രിന്റൗട്ടെടുത്ത് അലോട്ട്‌മെന്റ് മെമ്മോയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം നവംബര്‍ ഏഴിനകം കോളേജില്‍ ഹാജരായി നിര്‍ദ്ദിഷ്ട ഫീസ് ഒടുക്കി പ്രവേശനം നേടണം. പ്രവേശനം നേടാത്തവരെ ഒഴിവാക്കി രണ്ടാം ഘട്ട അലോട്ട്‌മെന്റ് നവംബര്‍ ഒമ്പതിന് പ്രസിദ്ധീകരിക്കും. ഫോണ്‍ : 0471 - 2560361.
 
 
പ്രീമെട്രിക്  സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
 
ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുളള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 44,500 രൂപയില്‍ കവിയാത്തതും സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നതുമായ ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.  അപേക്ഷാ ഫോമിന്റെ മാതൃകയും അപേക്ഷകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമുളള നിര്‍ദ്ദേശങ്ങളും www.scholarship.itschool.gov.inwww.bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.  അപേക്ഷ പൂരിപ്പിച്ച് നവംബര്‍ 24ന് മുമ്പ് സ്‌കൂള്‍ പ്രധാനാധ്യാപകനെ ഏല്‍പ്പിക്കണം.  സ്‌കൂള്‍ അധികൃതര്‍ ഡിസംബര്‍ അഞ്ചിനകം ഡാറ്റാ എന്‍ട്രി നടത്തണമെന്ന് പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
 
 
സ്‌കോള്‍ കേരള ഡി.സി.എ സമ്പര്‍ക്ക ക്ലാസ്സ് ആരംഭിച്ചു
 
സ്‌കോള്‍-കേരള മുഖേന നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ് മൂന്നാം ബാച്ചിന്റെ സമ്പര്‍ക്ക ക്ലാസ്സുകള്‍ ആരംഭിച്ചു. ഫീസ് അടച്ച വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്ത പഠനകേന്ദ്രവുമായി ബന്ധപ്പെട്ട് സമ്പര്‍ക്ക ക്ലാസ്സുകളില്‍ പങ്കെടുക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
 
 
കിറ്റ്‌സില്‍ സൗജന്യ പരിശീലനം
 
തിരുവനന്തപുരം ജില്ലയിലെ കോര്‍പ്പറേഷന്‍ / മുനിസിപ്പാലിറ്റിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി കിറ്റ്‌സില്‍ സൗജന്യമായി നടത്തുന്ന മള്‍ട്ടി ക്യുയിന്‍ കുക്ക് (6 മാസം), ട്രാവല്‍ കണ്‍സള്‍ട്ടന്റ് (6 മാസം) ഫ്രണ്ട് ഓഫീസ് അസോസിയേറ്റ് (6 മാസം) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു. പ്രായപരിധി: 18 നും 28 നും മദ്ധ്യേ. താല്‍പര്യമുള്ളവര്‍ കിറ്റ്‌സിന്റെ വെബ്‌സൈറ്റായ www.kittsedu.org- ല്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത്, പൂരിപ്പിച്ച് പന്ത്രണ്ടാം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, റേഷന്‍ കാര്‍ഡ് എന്നീ രേഖകളുടെ പകര്‍പ്പുകളും മൂന്ന് പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോയും സഹിതം എന്‍.യു.എല്‍.എം പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്), റസിഡന്‍സി ബില്‍ഡിംഗ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷ കിറ്റ്‌സില്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍10.