കേരള നിയമസഭയുടെ പാര്‍ലമെന്റി പഠന പരിശീലന കേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുമായി (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജിയര്‍) ബന്ധപ്പെട്ട സമ്പര്‍ക്ക ക്ലാസ്സുകള്‍ ഒക്ടോബര്‍ 14, 15 തീയതികളില്‍ തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിലെ 5 ഇ സമ്മേളന ഹാളിലും ഒക്ടോബര്‍ 21, 22 തീയതികളില്‍ കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്. സ്‌കൂളിലും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ നടത്തും. ഒരേ വിഷയത്തിലുള്ള ക്ലാസുകളായതിനാല്‍ പഠിതാക്കള്‍ക്ക് സൗകര്യപ്രദമായ കേന്ദ്രം തിരഞ്ഞെടുക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ അഡ്മിഷന്‍ ഫീസ്, ട്യൂഷന്‍ ഫീസിന്റെ ആദ്യ ഗഡു എന്നിവ അടച്ച പഠിതാക്കള്‍ക്ക് ക്ലാസ്സുകളില്‍ പങ്കെടുക്കാം. കോഴ്‌സിനുള്ള നിര്‍ദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും ഒരു പകര്‍പ്പും പരിശോധയ്ക്കായി ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ നിയമസഭയുടെ വെബ്‌സൈറ്റില്‍ (www.niyamasabha.org) ലഭ്യമാണ്. 
 
 
യുവശാസ്ത്രജ്ഞ പുരസ്‌കാരത്തിന് അപേക്ഷിക്കാം
 
കേരളത്തിലെ ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങള്‍ കൈവരിച്ച യുവശാസ്ത്രജ്ഞരെ ആദരിക്കുന്നതിന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയിട്ടുളള സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയില്‍ ജനിച്ചു കേരളത്തില്‍ ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ഗവേഷണം നടത്തുന്ന 37 വയസ് വരെയുളള യുവശാസ്ത്രജ്ഞര്‍ക്ക് 14 വിഭാഗങ്ങളിലായി അപേക്ഷിക്കാം. ഗവേഷണ പുരസ്‌കാരങ്ങള്‍ക്കുളള നാമനിര്‍ദേശം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 10 വരെ നല്‍കാം. ജേതാക്കള്‍ക്ക് 50,000 രൂപയും പ്രശസ്തി പത്രവും മുഖ്യമന്ത്രിയുടെ സ്വര്‍ണ പതക്കവും ലഭിക്കും. തുടര്‍ന്ന് 50 ലക്ഷം രൂപയുടെ പ്രോജക്ട് ചെയ്യാനുളള അവസരവുമുണ്ടാവും. നാമനിര്‍ദ്ദേശങ്ങള്‍ ഡയറക്ടര്‍, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ശാസത്രഭവന്‍, പട്ടം, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയയ്ക്കണം. വെബ്‌സൈറ്റ്: www.kscste.kerala.gov.in.
 
 
സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ സീറ്റൊഴിവ്
 
കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിച്ച ഡിപ്ലോമ ഇന്‍ ഡി.ടി.പി, മൊബൈല്‍ ഫോണ്‍ സര്‍വീസിംഗ്, ഡിപ്ലോമ ഇന്‍ ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ ആന്റ് വെബ് ടെക്‌നോളജി, ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് എന്നീ സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് പ്രവേശനം നേടാം. പട്ടികജാതി / പട്ടികവര്‍ഗ്ഗ / മറ്റര്‍ഹ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. സ്റ്റൈഫന്റും ലഭിക്കും. ഒ.ബി.സി / എസ്.ഇ / ബിസി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. അപേക്ഷകര്‍ വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം 695 024 എന്ന വിലാസത്തില്‍ നേരിട്ടെത്തണം. ഫോണ്‍ : 0471-2474720, 0471-2467728.
 
 
ഹയര്‍ സെക്കന്ററി പ്രൈവറ്റ് രജിസ്‌ട്രേഷന്‍: പിശകുകള്‍ തിരുത്താന്‍ അവസരം
 
സ്‌കോള്‍ കേരള മുഖേന 2017-19 ബാച്ച് ഹയര്‍ സെക്കന്ററി പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിച്ച്, ഇതിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളുടെ പട്ടിക പ്രസിദ്ധപ്പെടുത്തി. രജിസ്‌ട്രേഷന്‍ സമയത്ത് ലഭിച്ച യൂസര്‍ നെയിം, പാസ് വേര്‍ഡ് ഉപയോഗിച്ച് പരിശോധിക്കാം. രജിസ്‌ട്രേഷന്‍ സമയത്ത് ഉപഭാഷാ, സബ്ജക്ട് കോമ്പിനേഷന്‍ എന്നിവ തിരഞ്ഞെടുക്കുമ്പോള്‍ പിശക് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തുന്നതിന് ഒക്ടോബര്‍ 9 വരെ scolekerala@gmail.com ല്‍ ആപ്ലിക്കേഷന്‍ നമ്പര്‍ സഹിതം അപേക്ഷ അയയ്ക്കാം.
 
 
മെരിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് ഫ്രഷ്/റിന്യൂവല്‍ അപേക്ഷാ തീയതി നീട്ടി
 
കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം കേരളത്തിലും ഇന്ത്യയില്‍ മറ്റിടങ്ങളിലും പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, സിഖ് പാഴ്‌സി മതവിഭാഗങ്ങളില്‍പ്പെട്ടതും വിവിധ പ്രൊഫഷണല്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പഠിക്കുന്നതുമായ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് ഫ്രഷ് / റിന്യുവല്‍ അപേക്ഷിക്കുന്നതിനുളള അവസാന തീയതി ഒക്ടോബര്‍ 31 വരെ നീട്ടി. അപേക്ഷ സമര്‍പ്പിക്കുന്നതിനുളള വിശദാംശങ്ങള്‍ www.dtekerala.gov.in ല്‍ MCM Scholarship ലിങ്കില്‍ നല്‍കിയിട്ടുണ്ട്. ഫോണ്‍: 0471 2561214, 9497723630.