കുവൈത്ത് സിറ്റി: ലോകത്ത് ഏറ്റവുമധികം വികാസം പ്രാപിക്കുന്ന മേഖലകളിലൊന്നാണ് ഓയില്‍ - ഗ്യാസ് , മറൈന്‍ - ഓഫ്ഷോര്‍ , പെട്രോ കെമിക്കല്‍ രംഗം. ഏറ്റവുമധികം വന്‍കിട കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയും ഇതു തന്നെ. ഈ മേഖലയില്‍ കുവൈത്തില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങുകയാണ് ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏരീസ് ഗ്രൂപ്പ്. 

ഓയില്‍ - ഗ്യാസ് , മറൈന്‍ - ഓഫ്ഷോര്‍ , പെട്രോ കെമിക്കല്‍ മേഖലകളിലെ പുത്തന്‍ സാധ്യതകളും, ഭാവിയില്‍ നേരിടേണ്ടി വന്നേക്കാവുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച അന്താരാഷ്ട്ര കോണ്‍ഫറന്‍സിലാണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളും സാങ്കേതിക വിദഗ്ധരും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

വിദഗ്ധര്‍ നയിച്ച ക്ലാസുകള്‍ക്കു പുറമേ, വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും ഇതോടനുബന്ധിച്ച് നടന്നു . സമുദ്ര - കപ്പല്‍- ഓയില്‍-ഗ്യാസ് മേഖലകളില്‍ വരും വര്‍ഷങ്ങളില്‍ സ്വീകരിക്കേണ്ട വ്യാവസായിക നയങ്ങളും വിപണി സാധ്യതകളും സംബന്ധിച്ച പൊതുധാരണ കോണ്‍ഫറന്‍സില്‍ രൂപപ്പെടുത്തി.

ഓയില്‍ - ഗ്യാസ്, മറൈന്‍- ഓഫ്ഷോര്‍ രംഗത്തേയ്ക്ക് ചുവടുവെയ്ക്കാനൊരുങ്ങുന്ന സംരഭകര്‍ക്കും നിലവില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഏറെ പ്രയോജനപ്രദമായതായി സംഘാടകരായ ബിസ് ഈവന്റ് മാനേജ്‌മെന്റ് അറിയിച്ചു. ഇന്റര്‍നാഷണല്‍ മാരിടൈം ക്ലബ് പുരസ്‌കാരങ്ങളും കോണ്‍ഫറന്‍സിനോടനുബന്ധിച്ച് വിതരണം ചെയ്തു.

Content Highlights: International Conference on discussing new possibilities in oil and gas sector