കൊച്ചി: നാഷണൽ ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സമിതി മനുഷ്യാവകാശ പരിസ്ഥിതി പ്രവർത്തകന് ഏർപ്പെടുത്തിയ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ അവാർഡിന് കേരള സാംസ്‌കാരിക പരിഷത്ത് മനുഷ്യാവകാശ വിഭാഗം സംസ്ഥാന കോ-ഓർഡിനേറ്റർ എം.എൻ. ഗിരി കാക്കനാട് അർഹനായി. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ശനിയാഴ്ച വൈത്തിരി വൈ.എം.സി.എ. ഹാളിൽ നടക്കുന്ന ചടങ്ങിൽ മാതൃഭൂമി ജോയിന്റ് മാനേജിങ്‌ ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ സമ്മാനിക്കും.

എം.പി.എ. ലത്തീഫ് കുറ്റിപ്പുറം (പരിസ്ഥിതി), ജഗത്മയൻ ചന്ദ്രപുരി (സാംസ്കാരികം), കെ.വി. ഷമീജ്, കെ. ശ്രീഹരി (സോഷ്യൽ വർക്ക്), (അസാപ്പ് പാലക്കാട്), ഡോ. എം.കെ. അബ്ദുൾ സത്താർ (മാനവ വിഭവശേഷി പരിശീലകൻ) തുടങ്ങിയവർക്ക് പ്രത്യേക പുരസ്‌കാരങ്ങൾ സാമൂഹിക സേവനത്തിനായി ഇതിനോടനുബന്ധിച്ച് നൽകും.

ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്മാരക മനുഷ്യാവകാശ പ്രവർത്തക സംഗമം വൈത്തിരി വൈ.എം.സി.എ. ഹാളിൽ ശനി, ഞായർ ദിവസങ്ങളിൽ നടക്കുമെന്ന് സമിതി പ്രസിഡന്റ് എം. ഹംസ ഹാജി, സെക്രട്ടറി ടി.കെ. മുഹമ്മദുകുട്ടി എന്നിവർ അറിയിച്ചു.