കണ്ണൂർ: കല്യാട്ടുപറമ്പിൽ സ്ഥാപിക്കുന്ന അന്താരാഷ്ട്ര ആയുർവേദ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഐ.ആർ.ഐ.എ.) കെട്ടിടനിർമാണത്തിനുള്ള ടെൻഡർ നടപടി വീണ്ടും തുടങ്ങി. ഇത് മൂന്നാംതവണയാണ് ടെൻഡർ ക്ഷണിക്കുന്നത്. എസ്റ്റിമേറ്റ് തുകയെക്കാൾ ഏറെ ഉയർന്ന തുക ടെൻഡറിൽ രേഖപ്പെടുത്തിയതിനാൽ നേരത്തെയുള്ള രണ്ടും അംഗീകരിച്ചില്ല.

311 ഏക്കർ ഭൂമിയാണ് പദ്ധതിക്കാവശ്യം. ഈ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ തുടരുന്നു. ഇപ്പോൾ സർക്കാരിന്റെ കൈവശമുള്ള 44 ഏക്കർ സ്ഥലത്ത് 100 കിടക്കകളുള്ള ആസ്പത്രിക്കും മ്യൂസിയത്തിനും വേണ്ടി 59 കോടി ചെലവിൽ കെട്ടിടം നിർമിക്കുന്നതിനാണ് വീണ്ടും ടെൻഡർ ക്ഷണിച്ചത്. രണ്ടുവർഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനാണ് സ്ഥാപനത്തിന് തറക്കല്ലിട്ടത്.