സ്റ്റാര്‍ട്ടപ്പ് വിപ്ലവം ചെറു നഗരങ്ങളിലേക്കും

By: കെ.പി. പ്രവിത
കൊച്ചി:തിരുവനന്തപുരത്തിനും കൊച്ചിക്കുമൊപ്പം മറ്റു നഗരങ്ങളിലേക്കും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ വ്യാപിപ്പിക്കാന്‍ പദ്ധതി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സി.ഇ.ഒ.) സജി ഗോപിനാഥ് പറഞ്ഞു.കോഴിക്കോട്ട് തുടങ്ങുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍ക്യുബേറ്റര്‍, കാസര്‍കോട്ട് തുടക്കമിട്ട റൂറല്‍ ഇന്നൊവേഷന്‍ തീംപാര്‍ക്ക് എന്നിവ ഈ ലക്ഷ്യത്തോടെയാണ്. ഇവ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന സാമൂഹ്യ സംരംഭങ്ങളാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റൊരു മേഖലയെന്നും അദ്ദേഹം 'മാതൃഭൂമി'യോട് പറഞ്ഞു.വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുക. ഓരോ വകുപ്പും അവര്‍ക്ക് കീഴിലുള്ള പ്രശ്‌നങ്ങള്‍ ക്രോഡീകരിച്ച് നല്‍കും. ഇതു സംരംഭകര്‍ക്കു മുന്നില്‍ അവതരിപ്പിച്ച് പരിഹാരം തേടും. കുടിവെള്ളം, മാലിന്യ സംസ്‌കരണം എന്നീ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാണ് പ്രതീക്ഷ.നമ്മുടെ സ്റ്റാര്‍ട്ടപ്പുകളുടേതായി ഒട്ടേറെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പുറത്തുവരുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ ഇവയ്ക്ക് കഴിയുന്നില്ല. ഇതിനൊരു മാറ്റമാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍ക്യുബേറ്റര്‍. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണിത്.അന്താരാഷ്ട്ര നിലവാരത്തിലുള്ള മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാന്‍ ഈ കേന്ദ്രം വഴികാട്ടിയാകും. പ്രമുഖ കമ്പനികളില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരുടെ മാര്‍ഗ നിര്‍ദേശവും ലഭിക്കും. 10,000 ചതുരശ്രയടി സ്ഥലത്തായിരിക്കും കേന്ദ്രം. മൂന്നു മാസത്തിനകം തുടങ്ങും. അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ മൂന്നാമത്തെ കേന്ദ്രമാണിത്. ബെംഗളൂരുവിലും ഗുഡ്ഗാവിലുമാണ് മറ്റു കേന്ദ്രങ്ങള്‍.ഗ്രാമീണ, സാമൂഹ്യക്ഷേമ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായും പ്രത്യേക പദ്ധതിയുണ്ട്. ഗ്രാമീണ മേഖലയില്‍ ഇന്നൊവേഷന്‍ തീംപാര്‍ക്കുകള്‍ വ്യാപിപ്പിക്കും. ഐ.ടി. കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്കും പദ്ധതികള്‍ പരിഗണനയിലുണ്ട്. ഐ.ടി. കമ്പനികളിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിലയിരുത്താം ഈ നീക്കം. സ്വന്തം നിലയില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഇത് ഐ.ടി. പ്രൊഫഷണലുകള്‍ക്ക് കരുത്താകും.കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങളുടെ പ്രചാരത്തിന് ഈ മേഖലയിലെ പ്രമുഖരുടെ സഹായം തേടും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതലായി സാമ്പത്തികം ലഭ്യമാക്കും. സ്വകാ ര്യസഹകരണം ഇതിനായി ഉപയോഗപ്പെടുത്തും.വരുന്ന അഞ്ചു വര്‍ഷം കൊണ്ട് 1,000 നൂതന ആശയങ്ങളെങ്കിലും കേരളത്തിന്റേതായി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. 10,000 സ്റ്റാര്‍ട്ടപ്പുകളും പ്രതീക്ഷകളിലുണ്ട്. ഇലക്ട്രോണിക് മേഖലയിലെ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കും. കളമശ്ശേരിയിലെ ഇലക്ട്രോണിക് മേക്കര്‍ വില്ലേജില്‍ നിന്ന് മൂന്നുവര്‍ഷം കൊണ്ട് വിജയകരമായ 50 സ്റ്റാര്‍ട്ടപ്പുകള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.


VIEW ON mathrubhumi.com