മുപ്പത് കോടിയുടെ ദോശ ചുടാൻ ഒരു ഒളിച്ചോട്ടം

By: അനുശ്രീ
സ്വന്തം വീടു വിട്ടിറങ്ങുമ്പോള്‍ വെറും 17 വയസ്സ് മാത്രമേ തമിഴ്‌നാട്ടിലെ തുത്തുക്കുടി സ്വദേശിയായ പ്രേമ ഗണപതിക്ക് പ്രായമുണ്ടായിരുന്നുള്ളു. അതും വീട്ടുകാരുടെ അറിവോ സമ്മതമോ കൂടാതെ. ഒരുകാലത്ത് വിശപ്പടക്കാന്‍ പോലും പണമില്ലാതെ നഗരങ്ങള്‍ തോറും അലഞ്ഞു തിരിഞ്ഞു നടന്ന ഇദ്ദേഹത്തിന്റെ ഇന്നത്തെ മാസവരുമാനം മുപ്പത് കോടിയിലേറെ വരും.
സിനിമാക്കഥകളെ വെല്ലുന്നതാണ് പ്രേമ ഗണപതിയുടെ ജീവിതം. ജീവിത പ്രാരാബ്ധങ്ങളെ തുടര്‍ന്ന് വിദ്യാഭ്യാസം പോലും മുഴുവനാകാന്‍ സാധിക്കാതെ വന്നപ്പോള്‍ വീടു വിട്ടിറങ്ങി.
ഒരു പരിചയക്കാരന്‍ വഴിയാണ് ഗണപതി മുംബൈയില്‍ എത്തിച്ചേരുന്നത്. 1200 രൂപ മാസ വരുമാനമുള്ള ജോലിയാണ് ഗണപതിക്ക് അയാള്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ മുംബൈയിലെത്തിയപ്പോള്‍ കാര്യങ്ങളെല്ലാം കീഴ്മേല്‍ മറിഞ്ഞു. ഗണപതിയുടെ കയ്യിലുള്ളതെല്ലാം തട്ടിയെടുത്ത് പരിചയക്കാരന്‍ തടി തപ്പി.
പ്രതീക്ഷകളെല്ലാം അസ്തമിച്ച ഘട്ടത്തിലാണ് മാഹിയിലെ ഒരു ചെറിയ ബേക്കറിയില്‍ ജോലി കിട്ടുന്നത്. പാത്രം കഴുകലും വൃത്തിയാക്കലുമായിരുന്നു ഗണപതിയുടെ ജോലി. ഒരു മാസം വെറും 150 രൂപയായിരുന്നു ശമ്പളം. രണ്ടു വര്‍ഷത്തോളം ഹോട്ടലുകളില്‍ പണിയെടുത്തു. അധ്വാനിച്ച പണം ഗണപതി വെറുതെ ചെലവാക്കിക്കഴിഞ്ഞില്ല.
1992 ആയപ്പോഴേയ്ക്കും സൂക്ഷിച്ചുവെച്ച പണം ഉപയോഗിച്ചും കൂട്ടുകാരില്‍ നിന്ന് കടം വാങ്ങിയും ഒരു ഉന്തുവണ്ടി വാടകയ്‌ക്കെടുത്തു. വാശീ റെയില്‍വേ സ്റ്റേഷന് എതിര്‍വശത്ത് ദോശയും ഇഡ്ഡലിയും ഉണ്ടാക്കുന്ന ഒരു ചെറിയ തട്ടുകട തുടങ്ങി. തുടക്കത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടു. പലപ്പോഴും റോഡിന്റെ വശത്ത് ഒതുക്കിയിട്ട തന്റെ ഉന്തുവണ്ടി മുനിസിപ്പാലിറ്റിക്കാർ എടുത്തു കൊണ്ടുപോകാറുണ്ടെന്ന് ഗണപതി പറയുന്നു. പക്ഷെ ഇതൊന്നും ഇദ്ദേഹത്തെ തകര്‍ത്തില്ല. ആത്മ വിശ്വാസത്തോടെ മുന്‍പോട്ട് നീങ്ങി.
വിദ്യാസമ്പന്നരായ സുഹൃത്തുക്കള്‍ ഗണപതിയെ ഇന്റര്‍നെറ്റ് ഉപേയോഗിക്കാന്‍ പഠിപ്പിച്ചു. എല്ലാ ജോലികളും തീര്‍ത്ത് ദിവസവും ഇന്റര്‍നെറ്റ് സര്‍ഫിങ്ങിന് അല്‍പ്പനേരം മാറ്റിവയ്ക്കാന്‍ തുടങ്ങി. ഇന്റര്‍നെറ്റിലൂടെയാണ് ഗണപതി പുതിയ ബിസിനസ് തന്ത്രങ്ങള്‍ പഠിക്കുന്നത്. തന്റെ തട്ടുകടയ്ക്ക് സമീപമുണ്ടായിരുന്ന മക്‌ഡൊണാള്‍ഡ്‌സ് റസ്റ്റാറന്റിന്റെ വിജയമാണ് ഗണപതിക്ക് ഒരു ഹോട്ടല്‍ തുടങ്ങാന്‍ പ്രചോദനമാകുന്നത്.
1997ല്‍ ഒരു കൊച്ചുമുറി വാടകയ്‌ക്കെടുത്ത് ഗണപതി ഒരു ഹോട്ടല്‍ തുടങ്ങി. പ്രേംസാഗര്‍ ദോശ പ്ലാസ എന്നാണ് ഹോട്ടലിന് പേരിട്ടത്. 26 വ്യത്യസ്ത തരത്തിലുള്ള ദോശകളായിരുന്നു ഹോട്ടലിന്റെ പ്രത്യേകത.
വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഗണപതിയുടെ ദോശക്ക് ആവശ്യക്കാരേറിവന്നു. 2002 ആയപ്പോഴേയ്ക്കും 105 തരത്തിലുള്ള ദോശകളാണ് ദോശ പ്ലാസയില്‍ ഉണ്ടാക്കിയത്. വരുമാനം കൂടിയപ്പോള്‍ വാശീയിലെ സെന്റര്‍ വണ്‍ മാളിലും 2003 ല്‍ താനെ മാളിലും ദോശ പ്ലാസയുടെ ശാഖകള്‍ തുടങ്ങി. ഇന്ന് ഇന്ത്യയൊട്ടാകെ ദോശ പ്ലാസയ്ക്ക് പതിനഞ്ചിലധികം ശാഖകളുണ്ട്.
ദോശ പ്ലാസ വിദേശങ്ങളില്‍ തുടങ്ങണമെന്ന് സുഹൃത്തുക്കളായ പ്രവാസി ഇന്ത്യക്കാര്‍ ആവശ്യപ്പെട്ടപ്പോഴാണ് ഗണപതി തന്റെ കച്ചവടം ഇന്ത്യക്ക് പുറത്തേക്ക് വ്യാപിപ്പിക്കുന്നത്. ദോശ പ്ലാസക്ക് ഇന്ന് ന്യൂസീലൻഡിൽ മൂന്നും ദുബായില്‍ രണ്ടും ഒമാനില്‍ ഓരോ ശാഖകള്‍ വീതവുമുണ്ട്. വെറും 1000 രൂപ മുടക്കി ദോശ കട തുടങ്ങിയ ഗണപതി ഇന്ന് കോടീശ്വരനാണ്. 30 കോടിയാണ് ഇദ്ദേഹത്തിന്റെ വരുമാനം.


VIEW ON mathrubhumi.com