ആല്‍പ്‌സില്‍ ത്വായിറ്റ്‌സിന്റെ ആടുജീവിതം

ജീവിത പ്രാരാബ്ധം കൊണ്ട് ഗള്‍ഫില്‍ പോകേണ്ടി വന്ന, മണലാരണ്യത്തില്‍ പെട്ടുപോയ നജീബിന്റെ ആടുജീവിതം മലയാളികള്‍ക്കു പരിചിതമാണ്. എന്നാല്‍ ഒരാള്‍ ആടിനെ പോലെ ജീവിക്കാന്‍ സ്വയം തീരുമാനിച്ചിറങ്ങിയാലോ? ജോലിയില്ല, സ്വകാര്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ഇങ്ങനെ ജീവിതം മുഷിഞ്ഞു തുടങ്ങിയപ്പോള്‍ ലണ്ടന്‍ സ്വദേശിയായ തോമസ് ത്വായിറ്റ്‌സെന്ന മുപ്പത്തഞ്ചുകാരന്‍ ഒരു തീരുമാനമെടുത്തു. കുറച്ചു കാലം ആടായി ജീവിക്കുക.
ഫോട്ടോ കടപ്പാട്: ഡെയ്‌ലി മെയില്‍
കുറച്ചുകാലം മുമ്പ് സുഹൃത്തിന്റെ നായയുമൊത്ത് നടക്കാന്‍ പോയപ്പോഴാണ് മൃഗങ്ങളെപ്പോലെ ജീവിച്ചാലോ എന്നു തോന്നിയത്. മാംസത്തോടു താല്‍പര്യം കുറവായതുകൊണ്ട് നായയെയും പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ആനയെയും ഒഴിവാക്കി. ഒടുവിലാണ് ആല്‍പ്‌സ് പര്‍വതനിരകളുടെ താഴ്‌വാരത്തിലെ ആടുജീവിതത്തിലേക്ക് എത്തുന്നത്-ത്വായിറ്റ്‌സ് പറഞ്ഞു.
പുത്തന്‍ജീവിതത്തിലേക്കുള്ള ആദ്യപടിയായി ആടുകളുടെ മന:ശാസ്ത്രത്തെ കുറിച്ചു പഠിക്കാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റിന് അപേക്ഷിച്ചു. പിന്നീട് സ്വിറ്റ്‌സര്‍ലന്‍ഡിലെ വുള്‍ഫെന്‍ഷൈസന്‍ ഗ്രാമത്തിലെ ആട്ടിടയന്റെ അരികിലെത്തുകയും അയാളുടെ ആടുകള്‍ക്കൊപ്പം ''ജീവിക്കാന്‍'' അനുമതി നേടുകയും ചെയ്തു.
ഫോട്ടോ കടപ്പാട്: ഡെയ്‌ലി മെയില്‍
ആടുകളുടെതിനു സമാനമായി നാലു കൃത്രിമക്കാലുകളും കടിച്ചെടുക്കുന്ന പുല്ല് നിക്ഷേപിക്കാന്‍ വയറിനോടു ചേര്‍ന്ന് കൃത്രിമ അറയും ഘടിപ്പിച്ചു. തങ്ങള്‍ക്കൊപ്പമുള്ളത് മനുഷ്യനാണെന്ന് ആടുകള്‍ അറിയാതിരിക്കാനായിരുന്നു ഈ മുന്‍കരുതലുകള്‍. അതേസമയം മനുഷ്യനു ഭക്ഷ്യയോഗ്യമായ മില്‍ക്ക് ഷേക്ക്, ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ എത്തിക്കാന്‍ ഈ കൃത്രിമ വയറില്‍ സൗകര്യമൊരുക്കിയിരുന്നു.
ഫോട്ടോ കടപ്പാട്: ഡെയ്‌ലി മെയില്‍
ആടുജീവിതവും ബുദ്ധിമുട്ടുള്ളതാണ്. ഏങ്കിലും ഓരോ നിമിഷവും ആസ്വദിച്ചാണ് ആടുകള്‍ ജീവിക്കുന്നതെന്നാണ് ത്വായിറ്റ്‌സിന്റെ നിരീക്ഷണം. ഒരു വര്‍ഷമാണ് ആടുകള്‍ക്കൊപ്പം താവായിറ്റ്‌സ് കഴിഞ്ഞത്. ത്വായിറ്റ്‌സിനെ ആടുകള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നതാണ് രസകരമായ വസ്തുത.
ഫോട്ടോ കടപ്പാട്: ഡെയ്‌ലി മെയില്‍
മലെഞ്ചരിവിലുടെയുള്ള ഇറക്കത്തിനിടെ വീഴ്ച പതിവായിരുന്നു. അതിനിടെ ആടുകള്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കൂട്ടത്തിന്റെ അധികാരശ്രേണി ബോധ്യപ്പെടുത്താനായിരുന്നു അതെന്നു പിന്നീടാണ് മനസിലായത്.ഒരു പെണ്ണാടിനെ സുഹൃത്തായി ലഭിച്ചതാണ് ആടുജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മ. അവള്‍ എപ്പോഴും എന്റെ ചുറ്റും പരിസരത്തും വരുമായിരുന്നു- ത്വായിറ്റ്‌സ് ഓര്‍മിക്കുന്നു.


VIEW ON mathrubhumi.com