പാല്‍ മണക്കുന്ന ജീവിതത്തിൽ നിന്ന് ശരത് ഇന്ന് മരുന്ന് മണക്കുന്ന ജീവിതത്തിലേക്ക്

ഷൊര്‍ണ്ണൂര്‍: ശരത് വിഷ്ണുവിന്റെ കൈയിൽ ഇനി പാൽപ്പാത്രമല്ല, സ്റ്റെതസ്കോപ്പായിരിക്കും. തൊഴുത്തിലെ ജീവിതവും പാൽപ്പാത്രങ്ങളുമായി വീട് തോറുമുള്ള അലച്ചിലും നിർത്തി ഡോക്ടറാവുകയാണ് വിഷ്ണു. ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി. ബി.എസിന് ചേരും കഷ്ടപ്പാടുകളോട് പടവെട്ടി പഠിച്ച് പ്രവേശനപരീക്ഷയിൽ പതിനാലാം റാങ്ക് നേടിയ ഈ യുവാവ്. പാല്‍വിറ്റ് കിട്ടുന്ന വരുമാനം കൊണ്ട് കഷ്ടപ്പാടുകള്‍ക്ക് നടുവിലും താങ്ങായി നിന്ന് മകനെ പഠിപ്പിച്ച അമ്മ ശാരദയുമുണ്ട് ശരത്തിനൊപ്പം.
ശരതിന്റെ ജീവിതകഥ മാതൃഭൂമി ഓണ്‍ലൈനിലൂടെയാണ് പുറംലോകമറിഞ്ഞത്.... സാമ്പത്തിക ബുദ്ധിമുട്ടുകളും കഷ്ടതകളും മാത്രം നിറഞ്ഞ് നിന്നിരുന്ന ഷൊര്‍ണൂര്‍ വാടനാംകുറിശ്ശി കല്ലിടുമ്പില്‍ സുധാകരന്‍- ശാരദ ദമ്പതിമാരുടെ മൂത്തമകനായ ശരത്ത് തന്റെ വീടായ ഒറ്റമുറി ചായ്പിനുള്ളിലായിരുന്നു പഠനം നടത്തിയിരുന്നത്. വീട്ടില്‍ വളര്‍ത്തുന്ന പശുക്കളുടെ പാല്‍ വിറ്റ് കിട്ടുന്ന വരുമാനത്തില്‍ നിന്നുമായിരുന്നു ശരത്തിനും അനിയത്തിക്കും പഠിക്കാനുള്‍െപ്പടെയുള്ള ജീവിതച്ചെലവുകള്‍ക്ക് അമ്മ ശാരദ പണം കണ്ടെത്തിയിരുന്നത്.
അച്ഛന് സുഖമില്ലാതിരിക്കുന്നതിനാല്‍ പശുവിന് പുല്ലരിയാനും പാല്‍കൊടുക്കാനും ശരത് തന്നെ പോവണം. എന്നാല്‍ ഇതൊന്നും തന്നെ ശരത്തിന്റെ പഠനത്തിന് തടസ്സമായില്ല. എസ്.എസ്.എല്‍.സിക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസും പ്ലസ്ടുവിന് അഞ്ച് വിഷയങ്ങളില്‍ എ പ്ലസും നേടി മികച്ച വിജയമാണ് ശരത് കരസ്ഥമാക്കിയത്. മകന്‍ ഡോക്ടറായി കാണണമെന്ന അമ്മയുടെ ആഗ്രഹത്തിലാണ് മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് ശരത് തയ്യാറെടുത്തത്. മെഡിക്കല്‍ പ്രവേശനപരീക്ഷാഫലം വന്നപ്പോഴാകട്ടെ ശരത്ത് നേടിയത് 14-ാം റാങ്കും. അങ്ങനെ തനിക്കെതിരെ വന്ന എല്ലാ വിധികളേയും ശരത്ത് വിജയം കൊണ്ട് തിരുത്തുകയായിരുന്നു.
' ഒരുപാട് സന്തോഷവും ഒപ്പം ഒരുപാട് പേരോട് നന്ദിയുമുണ്ട്' ശരത് പറഞ്ഞു. ശരതിന് സഹായവുമായി ഷൊര്‍ണ്ണൂരിലെ സാംസ്‌കാരിക കൂട്ടായ്മയായ പ്രഭാതം സാംസ്‌കാരിക വേദി വിഷ്ണുവിന്റെ വീട്ടിലെത്തി. ഇനി തന്റെ മകനെ ഡോക്ടര്‍ കുപ്പായത്തില്‍ കാണാനുളള സ്വപ്‌നങ്ങള്‍ക്ക് ആ അമ്മ കൂട്ടിരിക്കും...


VIEW ON mathrubhumi.com