പൊന്നാപുരം കോട്ടകളിലെ റാണിമാര്‍ പറയുന്നു

By: # ആർ. വൈശാഖ്
തിരുവനന്തപുരം നഗരത്തിലെ പൊന്നാപുരം കോട്ടകളാണ് വഴുതയ്ക്കാട് ഗവ. വിെമൻസ് കോളേജ്, ഓൾ സെയിന്റ്‌സ് കോളേജ്, നീറമൺകര എൻ.എസ്.എസ്. കോളേജ് എന്നിവ.
എന്നും മറ്റ് കോളേജുകളിൽനിന്നും ഇവിടത്തെ യുണിയൻ പ്രവർത്തനവും തിരഞ്ഞെടുപ്പും വ്യത്യസ്തവും വാശിയേറിയതുമാണ്. ഇവിടത്തെ യുണിയൻ ചെയർപേഴ്‌സൺമാർ സംസാരിക്കുകയാണ് അവരുടെ പ്രതീക്ഷകൾ ലക്ഷ്യങ്ങൾ എന്നിവയെപ്പറ്റി...
കാമ്പസ് ക്ലീനായി തുടരണം...
വിെമൻസ് കോളേജിലെ യുണിയൻ ചെയർപേഴ്‌സണായ ഗൗരി എസ്.കൃഷ്ണന്റെ പ്രധാന ലക്ഷ്യം ക്ലീൻ കാമ്പസാണ്. കഴിഞ്ഞകൊല്ലം മേയർ വി.കെ.പ്രശാന്ത് കോളേജിലെത്തിയാണ് കാമ്പസിനെ ക്ലീൻ കാമ്പസായി പ്രഖ്യാപിച്ചത്.
അത് ഇനിയും തുടരണമെന്നാണ് ഗൗരിയുടെ ലക്ഷ്യം. പുതുതായി വരുന്ന കുട്ടികൾക്ക് ഇതിനെപ്പറ്റി വലിയ ധാരണയില്ല. അതിനായി കാമ്പസ്‌ ക്ലീനായി തുടരാനുള്ള പ്രവർത്തനങ്ങൾ തുടരണം. ഇതിനായി മുൻ യുണിയന്റെ സഹകരണവും വേണം അവർ ചെയ്തത് തുടരണം.
സ്ത്രീകളുടെ കോളേജ് ആയതുകൊണ്ടുതന്നെ കോളേജിന്റെ ബാത്ത്‌റൂം സൗകര്യങ്ങൾ വികസിപ്പിക്കണം. ഇപ്പോൾ അത് ചെറിയതോതിൽ ശോചനീയാവസ്ഥയിലാണ്. അവ പരിഹരിക്കുകതന്നെ വേണം.
കോളേജിൽ നാപ്‌കിൻ വെൻഡിങ് മെഷീനുകളുമുണ്ട്. എന്നാൽ ഇതിൽ ചിലത് തകരാറിലാണ് അത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണം.
സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ വർഷങ്ങളായി കോളേജിൽ നടക്കുന്നുണ്ട് അത് തുടരണം. സ്കൂളിലെ കുട്ടികൾക്കായി കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യണമെന്നും ഗൗരി പറയുന്നു. രണ്ടാംവർഷ സൈക്കോളജി വിദ്യാർഥിയാണ് ഗൗരി എസ്.കൃഷ്ണൻ.

വനിതാ ശാക്തീകരണവും ഒപ്പം ചിലതും...ഓൾ സെയിന്റ്‌സ് കോളേജിലെ ചെയർപേഴ്‌സണാണ് കൃഷ്ണപ്രിയ. വനിതാ കോളേജ് ആയതു കൊണ്ടുതന്നെ പ്രധാനമായും സ്ത്രീശാക്തീകരണമാണ് ലക്ഷ്യം.
അതിനായി മികച്ച രീതിയിലുള്ള പരിപാടികൾ നടത്തണം. ഇതിനായി കുടുതൽ ഫെമിനിസ്റ്റുകളെ കൊണ്ടുവന്ന് കൂടുതൽ പരിപാടികൾ നടത്തണം. കുട്ടികൾക്ക് അവരുമായി സംവദിക്കാനുള്ള അവസരം സൃഷ്ടിക്കണം. കൂടാതെ കോളേജിൽ സജഷൻ ബോക്സ് സ്ഥാപിക്കുമെന്നും കൃഷ്ണപ്രിയ പറഞ്ഞു.
വിദ്യാർഥിനികൾക്കായി കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ നടത്തണം. മുൻപുണ്ടായിരുന്ന യുണിയന്റെ നല്ല പ്രവർത്തനങ്ങൾ തുടരണം. കുട്ടികളും അധ്യാപകരും മറ്റ് യൂണിയൻ പ്രതിനിധികളുമായി ചർച്ചചെയ്ത് ഭാവിപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്നും കൃഷ്ണപ്രിയ പറയുന്നു.
കുട്ടികളെ ഉൾപ്പെടുത്തി കൂടുതൽ പരിപാടികൾ നടത്തണം ഇതിനായി കലൻഡർ തയ്യാറാക്കും. അതനുസരിച്ച് കുട്ടികൾക്ക് തയ്യാറാകാനുള്ള അവസരമുണ്ടാക്കും. മാത്രമല്ല ഓൾ സെയിന്റ്‌സിൽ ഇന്റർ കോളേജ് മത്സരങ്ങൾ സംഘടിപ്പിക്കാനും പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാമെന്ന പ്രതീക്ഷയിലാണ് രണ്ടാംവർഷ ഇക്കണോമിക്സ് വിദ്യാർഥിയായ കൃഷ്ണപ്രിയ.

സംഗീതസാന്ദ്രമായി ഒരു മുന്നേറ്റം...
നീറമൺകര എൻ.എസ്.എസ്. വനിതാ കോളേജിലെ ചെയർപേഴ്‌സണായ അമൃതാലക്ഷ്മി മൂന്നാംവർഷ സംഗീത വിദ്യാർഥിനിയാണ്. അതിനാൽതന്നെ അമൃത കൂടുതൽ പ്രധാന്യം നൽകാൻ ഉദ്ദേശിക്കുന്നതും കലാപരമായ പ്രവർത്തനങ്ങൾക്കുതന്നെയാണ്.
കോളേജിന് ഫണ്ടായി അധികംതുക ലഭിക്കാറില്ല അതിനാൽതന്നെ അത്രവിപുലമായ രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്താനും ഇതുവരെ സാധിച്ചിട്ടില്ല.
അതിനു മാറ്റംവരുത്താമെന്ന പ്രതീക്ഷയിലാണ് അമൃത. അതിനുള്ള പ്രവർത്തനങ്ങൾ നടത്താനാണ് ഉദ്ദേശിക്കുന്നത്. വെറുതേ കലാപരിപാടികൾ നടത്താൻ മാത്രമല്ല ഉദ്ദേശിക്കുന്നത്‌ അതുവഴി കഴിയുന്നതരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കുമെന്നും അമൃത പറയുന്നു.
ക്ലീൻ കാമ്പസ് പ്രവർത്തനങ്ങളും സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളും തുടരുന്നുണ്ട്. അത് മുന്നോട്ടു കൊണ്ടുപോകണം. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനും ശ്രമിക്കും. കോളേജിൽ ഇപ്പോഴത്തെ ഗ്രൗണ്ടിന്റെ അവസ്ഥ അത്ര നല്ലതല്ല. അത് മെച്ചപ്പെടുത്തണം. അതിനുള്ള നടപടികളും സ്വീകരിക്കുമെന്നും അമൃത പറയുന്നു.VIEW ON mathrubhumi.com