ഒരു ചെറു കാട് വളർത്തിയാലോ

'ഒരു തൈ നടുമ്പോൾ ഒരു തണൽ നടുന്നു' എന്ന ഒ.എൻ.വി.വരികൾ ഉൾക്കൊണ്ട് ചെറിയൊരു കാടുവളർത്താൻ തയ്യാറെടുക്കുകയാണ് പുതുക്കാട് പ്രജ്യോതിനികേതൻ. കാമ്പസിൽത്തന്നെ അതിനുള്ള അവസരം ഒരുക്കുകയാണ് ഇവിടത്തെ വിദ്യാർഥികൾ.
ചലച്ചിത്ര സംവിധായകൻ ജയരാജിന്റെ നേതൃത്വത്തിലുള്ള ജയരാജ് ഫൗണ്ടേഷൻ 'ഒരു സെന്റ് ഭൂമിയിൽ ഒരു ചെറുകാട് എന്ന ഉദ്യമത്തിന് രൂപം കൊടുത്തിരുന്നു. ഇതിന്റെ ഭാഗമായി കോളേജിലെ നാല് സെന്റിൽ അമ്പത് ഫലവൃക്ഷത്തൈകൾ കോളേജിലെ എൻ.എസ്.എസ് അംഗങ്ങൾ നട്ടു.
അംഗങ്ങളായ കെവിൻ എസ്. ചിറ്റിലപ്പിള്ളി, സി. ഡാനിയേൽ, അഖില ആർ. കൃഷ്ണ എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികൾ നടുന്ന ഈ വൃക്ഷത്തൈകൾ ഭാവിയിലൊരു ചെറുകാടായിത്തീരുകയും അവിടെ പക്ഷികൾ വരുന്നതിനും ഇവർ സാധ്യത കാണുന്നുണ്ട്.
ഇവിടം വിവിധതരത്തിലുള്ള പക്ഷികളുടെ ആവാസകേന്ദ്രമായിത്തീരുന്നതോടെ വരുംതലമുറയ്ക്ക് പക്ഷികളെക്കണ്ട് പ്രകൃതിയെ അറിയാനുമുള്ള അവസരം ലഭിക്കും. ഈ സാധ്യത മുൻകൂട്ടിക്കണ്ട് ബേർഡ്‌സ് ക്ലബ്ബ് ഇന്റർനാഷണലിന്റെ പ്രവർത്തനവും ഇവിടെ ആരംഭിച്ചുകഴിഞ്ഞു.
കുട്ടനെല്ലൂർ സി. അച്യുതമേനോൻ കോളേജിൽനിന്നാണ് വിദ്യാർഥികൾ വൃക്ഷത്തൈകൾ ശേഖരിച്ചത്. എൻ.എസ്.എസ്. കോ-ഓർഡിനേറ്റർമാരായ ഡോ.എ.ടി. ജയ, പി.പി. ജോസഫ് എന്നിവർ മേൽനോട്ടം വഹിച്ചു.


VIEW ON mathrubhumi.com