അറിയണം, വീല്‍ചെയറിലിരുന്ന് സൗന്ദര്യലോകം കയ്യിലൊതുക്കിയ ഈ പെണ്‍കുട്ടിയെ

പ്രിയാ ഭാര്‍ഗവ,മിസ് ഇന്ത്യാ വീല്‍ചെയര്‍ 2015. പ്രിയയെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു പട്ടം മാത്രമല്ല. തന്റെ സ്വപ്‌നങ്ങളിലേക്കുള്ള യാത്രയുടെ തുടക്കമാണ്.
പത്തൊമ്പതു വയസ്സുവരെ ഏതൊരു സാധാരണ പെണ്‍കുട്ടിയെയും പോലെ തന്നെയായിരുന്നു പ്രിയ. ഡോക്ടറാവുന്നതും രോഗികളെ ചികിത്സിക്കുന്നതുമൊക്കെയായിരുന്നു കുട്ടിക്കാലം മുതല്‍ പ്രിയ കണ്ട സ്വപ്നം. ആ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള ആഗ്രഹത്തോടെ ബിരുദത്തിന് ഫിസിയോതെറാപ്പി പഠിക്കാനും തീരുമാനിച്ചു. കോളേജില്‍ ചേര്‍ന്ന് രണ്ടാമത്തെ വര്‍ഷമാണ് പ്രിയയുടെ മുഖത്തും ശരീരത്തിലും ചുവന്ന പാടുകള്‍ കണ്ട് തുടങ്ങിയത്. അലര്‍ജിയോ ഡെങ്കിപ്പനിയോ ആവാം കാരണമെന്ന് കണ്ടെത്തിയ ഡോക്ടര്‍മാര്‍ അതിനുള്ള ചികിത്സയും തുടങ്ങി.
വളരെ വൈകി മാത്രമാണ് പ്രിയ ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്. ആ ചുവന്ന പാടുകള്‍ക്ക് കാരണം രോഗപ്രതിരോധശേഷിയെ ഗുരുതരമായി ബാധിക്കുന്ന സിസ്റ്റമിക് ലൂപസ് എറിതെമെറ്റോസസ് എന്ന രോഗാവസ്ഥയാണെന്ന്. രോഗം തുടക്കത്തില്‍ തിരിച്ചറിയാനാവാതെ പോയതും മറ്റ് രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കഴിച്ചതും പ്രിയയുടെ ആരോഗ്യനില കൂടുതല്‍ പ്രശ്‌നത്തിലാക്കി.
ശരീരത്തിലെ പ്രധാന അവയവങ്ങളെയെല്ലാം രോഗം ബാധിച്ചുകഴിഞ്ഞിരുന്നു. പൂര്‍ണമായും ഭേദമാക്കാനും കഴിയില്ല. നിരന്തരമായ രക്തപരിശോധനയ്ക്കും കൂടിയ ഡോസിലുള്ള മരുന്നുകള്‍ ഉള്‍പ്പെട്ട ചികിത്സയ്ക്കും അവള്‍ വിധേയയായി. റുമാറ്റോളജിസ്റ്റിനെയും ഇമ്മ്യൂണോളജിസ്റ്റിനെയും സന്ദര്‍ശിക്കുക എന്നതായി അവളുടെ പ്രധാന ജോലി. മെഡിക്കല്‍ വിദ്യാര്‍ഥി ആയതിനാല്‍ രോഗാവസ്ഥയെക്കുറിച്ചറിയാന്‍ നിരവധി പുസ്തകങ്ങളെയും അവള്‍ കൂട്ടുപിടിച്ചു.
ശക്തമായ മരുന്നുകളുടെ പാര്‍ശ്വഫലമായി അവളുടെ തലമുടി വളരെയധികം കൊഴിയാന്‍ തുടങ്ങി. ചികിത്സയ്ക്ക് ശേഷം കോളേജില്‍ തിരികെയെത്തിയ അവള്‍ക്ക് കാര്യങ്ങള്‍ പഴയതുപോലെ എളുപ്പമായില്ല. കാലുകള്‍ അവളുടെ മനസ്സിനൊത്ത് നീങ്ങാഞ്ഞതായിരുന്നു പ്രധാന പ്രതിസന്ധി. വാഷ് റൂമിലേക്ക് എത്തുന്നതിന് മുമ്പേ നിയന്ത്രണം നഷ്ടപ്പെട്ട് മൂത്രം പുറത്തുപോവുന്നതും പതിവായി. സഹപാഠികളുടെ കളിയാക്കലുകള്‍ അവളെ വളരെയധികം വേദനിപ്പിച്ചു.
എങ്കിലും പഠിത്തം തുടരുമെന്ന് അവള്‍ ഉറച്ച തീരുമാനമെടുത്തു. കോളേജില്‍ പോവാതെ തന്നെ പഠനം തുടര്‍ന്നു. പരീക്ഷയെഴുതുമ്പോള്‍ പക്ഷേ അവള്‍ക്ക് ഒന്നും ഓര്‍മിച്ചെടുക്കാന്‍ കഴിയാതെ വന്നു. ഒന്നും ചെയ്യാനാവാത്ത നിസ്സഹായത അവളെ മാനസികമായി തളര്‍ത്തി.
പ്രിയ മാതാപിതാക്കള്‍ക്കൊപ്പം
അങ്ങനെ ഫിസിയോതെറാപ്പി പഠനം പ്രിയയ്ക്ക് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. 2003ല്‍ പ്രിയയുടെ ചികിത്സയ്ക്കായി അച്ഛന്‍ ഡല്‍ഹിയിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി. കുടുംബത്തോടെ അവര്‍ നോയിഡയിലേക്ക് സ്ഥലം മാറി. ആര്‍മി ആശുപത്രിയില്‍ പ്രിയയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. മൂന്നുമാസത്തിനുള്ളില്‍ അഞ്ച് ശസ്ത്രക്രിയകള്‍ക്ക് അവള്‍ വിധേയയായി. അവളെ പരിപാലിക്കാന്‍ വേണ്ടി മാത്രം പ്രിയയുടെ ചേച്ചി ജോലി ഉപേക്ഷിച്ചു. വിവാഹം കഴിഞ്ഞ് സഹോദരി പോയതോടെ അമ്മ പ്രിയയ്ക്ക് വേണ്ടി ജോലിയില്‍ നിന്ന് വിരമിച്ചു.
ഇക്കാലയളവില്‍ കടുത്ത വിഷാദരോഗത്തിന് പ്രിയ അടിമപ്പെട്ടു. ചിത്തഭ്രമത്തിന്റെ ലക്ഷണങ്ങള്‍ പോലും അവളില്‍ പ്രകടമായി. ആഹാരം പോലും കഴിക്കാതെ ആരെയും കാണാന്‍ കൂട്ടാക്കാതെ കുറച്ചുനാളുകള്‍ അവള്‍ തള്ളിനീക്കി.
2004 ആയപ്പോഴേക്കും പ്രിയ സ്വാഭാവിക ജീവിതത്തിലേക്ക് തിരികെയെത്തിത്തുടങ്ങി. പെയിന്റിംഗിലേക്കും കരകൗശല വസ്തു നിര്‍മാണത്തിലേക്കും അവള്‍ തിരിഞ്ഞു. യൂ ട്യൂബില്‍ നിന്ന് പാഠങ്ങള്‍ പഠിച്ചായിരുന്നു തുടക്കം. ആ സമയത്താണ് അംഗവൈകല്യമുള്ളവരെക്കുറിച്ചും അവരുടെ കലാപരമായ കഴിവുകളെക്കുറിച്ചുമുള്ള ഒരു ഡോക്യുമെന്ററി പ്രിയ കണ്ടത്. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തന്റെ കലാസൃഷ്ടികള്‍ അവള്‍ ആ ഡോക്യുമെന്ററി തയ്യാറാക്കിയവര്‍ക്ക് അയച്ചു കൊടുത്തു.
പ്രൊഫ.പ്രഭാത് രഞ്ജനൊപ്പം
അങ്ങനെ പ്രിയയെക്കുറിച്ച് അറിഞ്ഞ പ്രൊഫസര്‍ പ്രഭാത് രഞ്ജന്‍ പിന്നീടുള്ള അവളുടെ ജീവിതത്തെ വഴിതിരിച്ചുവിട്ടു. അംഗവൈകല്യമുള്ളവരുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന ടിഫാക് എന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു പ്രഭാത് രഞ്ജന്‍. 2013ല്‍ അദ്ദേഹം പ്രിയയെ നേരില്‍ക്കണ്ടു. മിസ് വീല്‍ ചെയര്‍ ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാന്‍ അവളോട് നിര്‍ദേശിച്ചു.
ഇഗ്നോയില്‍ നിന്ന് ബിസിഎ ബിരുദം പൂര്‍ത്തിയാക്കി എംസിഎയ്ക്ക് പഠിക്കുകയായിരുന്നു പ്രിയ അപ്പോള്‍. പരീക്ഷയുടെ കാരണം പറഞ്ഞ് മത്സരത്തില്‍ നിന്ന് അവള്‍ ഒഴിവായി. 2014ല്‍ സമയത്തിന് അപേക്ഷ നല്കാന്‍ കഴിയാഞ്ഞതിനാലും മത്സരത്തില്‍ പങ്കെടുക്കാനായില്ല. 2015ല്‍ അവള്‍ മത്സരാര്‍ഥിയായി.
മുംബൈയിലായിരുന്നു മിസ് ഇന്ത്യാ വീല്‍ചെയര്‍ മത്സരം നടന്നത്. ആദ്യറൗണ്ടുകളില്‍ മിന്നുന്ന പ്രകടനം അവള്‍ കാഴ്ചവച്ചു. ജയിക്കുകയോ തോല്‍ക്കുകയോ ചെയ്തതിന് ശേഷം എന്തു ചെയ്യുമെന്ന വിധികര്‍ത്താക്കളുടെ ചോദ്യത്തിന് ജയിച്ചാലും ഇല്ലെങ്കിലും അംഗവൈകല്യം ബാധിച്ചവരുെട ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നായിരുന്നു പ്രിയയുടെ മറുപടി.
മത്സരഫലം വന്നപ്പോള്‍ കിരീടം പ്രിയയ്ക്ക്. ലോകത്തിന്റെ നെറുകയിലായിരുന്നു താന്‍ ആ സമയത്തെന്ന് പ്രിയ ഓര്‍മ്മിക്കുന്നു. എല്ലാവരും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വൈകല്യങ്ങളുള്ളവരാണ്. ചിലരെ മാത്രം സമൂഹത്തിന് മുന്നില്‍ കൊണ്ടുവരുന്ന ഈ തരംതിരിവാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം. നിങ്ങളുടെ കഴിവ്‌കേടല്ല നിങ്ങളെ നിര്‍ണയിക്കുന്നതിന്റെ മാനദണ്ഡം. ആ തിരിച്ചറിവുണ്ടായാല്‍ മാത്രം മതി ജീവിതവിജയം നോടാന്‍ പ്രിയ പറയുന്നു.
അടുത്ത മാസം നടക്കുന്ന മിസ് വീല്‍ചെയര്‍ വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയ ഇപ്പോള്‍.
photo:fb/priyabhargavacourtesy:betterindia


VIEW ON mathrubhumi.com