സ്വാതികുമാരി; പട്‌നയില്‍ നിന്നൊരു ഫീനിക്‌സ് പക്ഷി

ഫ്രാന്‍സില്‍ നിന്ന് എംബിഎ ബിരുദം സ്വന്തമാക്കി നാട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ സ്വാതി കുമാരിയുടെ മനസ്സില്‍ ഭാവിയെക്കുറിച്ചുള്ള നല്ല സ്വപ്‌നങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍,വിധി അവള്‍ക്കായി കാത്തുവച്ചത് ദുരന്തങ്ങളുടെ തുടര്‍ക്കഥയും.....
ജീവിതസ്വപ്‌നങ്ങളിലേക്ക് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റവളാണ് പട്‌നക്കാരിയായ സ്വാതി കുമാരി. സ്വന്തം ജീവിതത്തിലെ ദുരനുഭവങ്ങളില്‍ നിന്ന് മോചിതയാവുക മാത്രമല്ല അവള്‍ ചെയ്തത്. സമാനഅനുഭവങ്ങളിലൂടെ കടന്നുപോവുന്ന നിരവധി പേര്‍ക്ക് പ്രചോദനവും പിന്തുണയും നല്കുകയും ചെയ്യുന്നു ഈ പെണ്‍കുട്ടി.
കാണ്‍പൂരിലെ ഒരു കൂട്ടുകുടുംബത്തിലാണ്‌ സ്വാതിയുടെ ജനനം. പഠനമികവായിരുന്നു ചെറുപ്പത്തില്‍ സ്വാതിയുടെ മുതല്‍ക്കൂട്ട്. എല്ലാ പരീക്ഷകളിലും അവള്‍ ഉയര്‍ന്ന വിജയം നേടി. ബംഗളൂരുവില്‍ എംബിഎയ്ക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഫ്രാന്‍സില്‍ ഉപരിപഠനം നടത്താന്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. മാനേജ്‌മെന്റ് പഠനത്തില്‍ ഉപരിപഠനത്തിന് ശേഷം 2012ല്‍ അവള്‍ തിരികെ നാട്ടിലെത്തി.
കാത്തിരുന്ന ദുരന്തങ്ങള്‍...
കോര്‍പ്പറേറ്റ് ലോകത്ത് തന്റേതായ ചുവടുകള്‍ ഉറപ്പിച്ചുതുടങ്ങിയ സമയത്താണ് 2013ല്‍ ആദ്യത്തെ ദുരന്തം അവളെ തേടിയെത്തിയത്, സെര്‍വിക്കല്‍ ട്യൂബര്‍കൊളോസിസിന്റെ രൂപത്തില്‍. മരുന്നും വിശ്രമവും ചികിത്സയുമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത രണ്ട് വര്‍ഷങ്ങളായിരുന്നു പിന്നെ അവളുടെ ജീവിതത്തിലേത്. ശാരീരികമായി മാത്രമല്ല മാനസികമായും ഈ അവസ്ഥ അവളെ തളര്‍ത്തി.
ജീവിതത്തിലുടനീളം സ്വാശ്രയത്വം എന്നത് എന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു. അസുഖം വന്നതോടെ സാമ്പത്തികമായി വീട്ടുകാരെ ആശ്രയിക്കേണ്ടി വന്നത് എന്നെ മാനസികമായി തളര്‍ത്തി
അസുഖവുമായി മത്സരിക്കുന്നതിനിടെയാണ് അടുത്ത ദുരന്തമുണ്ടായത്. അമ്മയുടെ ആത്മഹത്യ. അമ്മയായിരുന്നു സ്വാതിക്കെല്ലാം. ഏറ്റവുമടുത്ത കൂട്ടുകാരി, ഗുരു, പ്രചോദക എല്ലാം. അമ്മയുടെ മരണം സ്വാതിയെ മാത്രമല്ല കുടുംബത്തെയാകെ ഇരുട്ടിലാക്കി. എന്നിട്ടും ഏതോ ഒരു ഘട്ടത്തില്‍ അതില്‍ നിന്നൊക്കെ കരകയറാനുള്ള ധൈര്യം അവള്‍ക്കുണ്ടായി. അമ്മയുടെ ഓര്‍മ്മ നല്കിയ പിന്തുണയായിരുന്നു പിന്നിലെന്ന് സ്വാതി പറയുന്നു.
അമ്മയുടെ ജീവിതത്തെ അവരുടെ കണ്ണുകളിലൂടെ നോക്കിക്കാണാന്‍ ഞാന്‍ ശ്രമിച്ചു. അങ്ങനെയാണ് 'Without a Goodbye' എന്ന എന്റെ ആദ്യ നോവല്‍ പൂര്‍ത്തിയായത്.
എഴുത്തിന്റെ വഴിയിലേക്ക്...
അറിയപ്പെടുന്ന ഒരെഴുത്തുകാരിയാവുക എന്നത് സ്വാതിയുടെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു. എന്നാല്‍,ആ ലക്ഷ്യത്തിലേക്കെത്താന്‍ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടം വരെ കാത്തിരിക്കേണ്ടി വന്നെന്ന് മാത്രം. അമ്മയുടെ മരണശേഷം കേള്‍ക്കുന്ന ഓരോ ആത്മഹത്യാ വാര്‍ത്തയും സ്വാതിയെ വല്ലാതെ നോവിച്ചു. എന്തുകൊണ്ട് ജീവിതം സ്വയം അവസാനിപ്പിക്കാന്‍ മനുഷ്യര്‍ തീരുമാനിക്കുന്നു എന്നതായി പിന്നെയുള്ള ചിന്ത. ഓരോ ആത്മഹത്യയും അവശേഷിപ്പിക്കുന്ന വേദനകളും കുടുംബാംഗങ്ങളുടെ അവസ്ഥയും അവളെ പുതിയ പുസ്തകത്തിലേക്കെത്തിച്ചു.
അങ്ങനെയാണ് 'Amayra,the Essence of Life' എന്ന ഫോട്ടോ സ്‌റ്റോറി സ്വാതി പൂര്‍ത്തിയാക്കിയത്. ആത്മഹത്യാ ചിന്തകളെ എങ്ങനെ പ്രതിരോധിക്കാമെന്നും ജീവിതം മടുത്ത് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സഹായിക്കുന്ന സംഘടനകള്‍ ഏതൊക്കെയെന്നും അവള്‍ പുസ്തകത്തില്‍ പ്രതിപാദിച്ചു. ലോക ആത്മഹത്യാ പ്രതിരോധ കോണ്‍ഫറന്‍സില്‍ ഈ വിഷയത്തില്‍ ഒരു പ്രബന്ധവും സ്വാതി അവതരിപ്പിച്ചു.
അമ്മയുടെ സ്‌നേഹവും അവരുടെ സ്വപ്‌നങ്ങളുമാണ് ഇന്നുമെന്നെ മുന്നോട്ട് നടത്തുന്ന ശക്തി
ആദ്യമൊക്കെ തനിച്ചിരുന്ന് എഴുതുക എന്നത് സ്വാതിക്ക് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ക്രമേണ അവള്‍ ആ പ്രതിസന്ധിയെയും മറികടന്നു. ഇപ്പോള്‍ 15 മണിക്കൂര്‍ വരെയൊക്കെ ഒറ്റയ്ക്കിരുന്ന് എഴുതാനാവുന്നുണ്ടെന്ന് സ്വാതി പറയുന്നു.


VIEW ON mathrubhumi.com