ഫ്രാന്‍സെസ്‌ക; തലയോട്ടിയില്‍ തുളയുമായി ജീവിക്കുന്ന മോഡല്‍

പഴയ ചിത്രം
പ്രശസ്തിയുടെയും ഗ്ലാമറിന്റെയും കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ തന്റെ മുഖത്ത് ഗുരുതര പരിക്കുണ്ടായാല്‍ ഒരു മോഡലിന് എന്ത് സംഭവിക്കും? അതിനുള്ള ഉത്തരമാണ് 28കാരിയായ ഫ്രാന്‍സെസ്‌ക ബെര്‍.
വീടിനുള്ളില്‍ സ്റ്റെയര്‍കെയ്‌സില്‍ നിന്ന് താഴേയ്ക്കുള്ള വീഴ്ചയാണ് ഫ്രാന്‍സെസ്‌കയുടെ ജീവിതം മാറ്റിമറിച്ചത്. വീടിനുള്ളില്‍ അബോധാവസ്ഥയില്‍ ചോരയില്‍ കുളിച്ച് കിടന്ന ഫ്രാന്‍സെസ്‌കയെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചു. ഒരുമാസത്തോളം അവള്‍ അബോധാവസ്ഥയില്‍ തന്നെയായിരുന്നു.
വീഴ്ചയുടെ ആഘാതത്തില്‍ അവളുടെ തലയോട്ടിയും താടിയെല്ലും മൂക്കും തകര്‍ന്നുപോയിരുന്നു. തലയോട്ടി അഞ്ച് ഭാഗങ്ങളായി വേര്‍പെട്ട് പോയി. അവയൊക്കെ കൂട്ടിയോജിപ്പിക്കാനായെങ്കിലും തലയോട്ടിയില്‍ ഒരു തുള അവശേഷിച്ചു. ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് അവളുടെ തലയോട്ടി കൂട്ടിച്ചേര്‍ത്തത്. തലയോട്ടിയ്ക്കകത്ത് ഒരു 3ഡി പ്രിന്റഡ് പ്ലെയിറ്റ് ഘടിപ്പിക്കേണ്ടതായും വന്നു. മുറിവുകള്‍ ഗുരുതരമായതിനാല്‍ പ്രതീക്ഷയ്ക്ക് വകയില്ലെന്നും ഡോക്ടര്‍മാര്‍ ഫ്രാന്‍സെസ്‌കയുടെ മാതാപിതാക്കളോട് പറഞ്ഞു.
ഫ്രാന്‍സെസ്‌ക ഇപ്പോള്‍
ബോധാവസ്ഥയിലേക്ക് തിരികെയെത്തിയെങ്കിലും ശാരീരിക വിഷമതകളെക്കാള്‍ കൂടുതലായിരുന്നു അവളെ കാത്തിരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍. കഴിഞ്ഞുപോയ ജീവിതത്തിലെ പല പ്രധാനപ്പെട്ട കാര്യങ്ങളും അവള്‍ക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല. ആരെയെങ്കിലും പ്രണയിച്ചിരുന്നതും പത്തുവര്‍ഷമായി മാതാപിതാക്കള്‍ വിവാഹമോചിതരാണെന്നതും എന്തിന് സ്വന്തം പേരിന്റെ പൂര്‍ണരൂപം പോലും അവള്‍ക്കോര്‍മിക്കാന്‍ കഴിഞ്ഞില്ല.
ഇളയ സഹോദരന്‍ അവള്‍ക്കായി എഴുതിത്തയ്യാറാക്കിയ കുറിപ്പുകള്‍ വായിച്ച് ഫ്രാന്‍സെസ്‌ക മറന്നുപോയതിനെയൊക്കെ ഓര്‍മ്മയിലേക്ക് തിരികെക്കൊണ്ടുവരാന്‍ ശ്രമിച്ചു. അപ്പോഴും പൂരിപ്പിക്കാനാവാത്ത നിരവധി കാര്യങ്ങള്‍ അവളെ നിരാശപ്പെടുത്തി. ജീവന്‍ തിരികെ കിട്ടിയതില്‍ സന്തോഷിച്ചപ്പോഴും ജീവിതം കൈവിട്ടു പോയത് അവളെ മാനസികമായി തകര്‍ത്തു.
പഴയ ചിത്രം
അപൂര്‍വ്വതരം ജനിതക രോഗമായ എഹ്ലേഴ്‌സ് ഡാന്‍ലോസ് സിന്‍ഡ്രം ആയിരുന്നു അവളുടെ ആ വീഴ്ച്ചയ്ക്ക് കാരണം. ആ ദുരന്തം ബാക്കിയാക്കിയതാവട്ടെ സ്വപ്‌നങ്ങളിലേക്ക് സഞ്ചരിച്ചു തുടങ്ങിയ ഇരുപത്തിയെട്ട്കാരിക്ക് പെട്ടന്നെല്ലാം അവസാനിപ്പിക്കേണ്ടി വന്നു എന്ന നിരാശയും. മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കാന്‍ അവള്‍ വെറുത്തു. നിരാശയും വിഷാദവും പിടിമുറുക്കമെന്നായതോടെ പല വഴികളും അവള്‍ തിരഞ്ഞു. കൗണ്‍സിലിംഗ് ക്ലാസ്സുകളില്‍ അംഗമായി. ഒടുവില്‍ മാനസികപ്രശ്‌നങ്ങളില്‍ അകപ്പെട്ട് വിഷമത്തിലായവര്‍ക്ക് ക്ലാസ്സുകള്‍ എടുക്കാന്‍ അവള്‍ പ്രാപ്തയായി.
തലയോട്ടിയുടെ ഒരു വശം പൂര്‍ണമായും നഷ്ടപ്പെട്ടെങ്കിലും മോഡലും കലാകാരിയും പ്രൈമറി സ്‌കൂള്‍ ടീച്ചറുമൊക്കെയായ ഫ്രാന്‍സെസ്‌ക വിധിയോട് തോല്ക്കാന്‍ തയ്യാറായിരുന്നില്ല എന്നതാണ് അവളുടെ ജീവിതം നല്കുന്ന ഏറ്റവും വിലപ്പെട്ട പാഠം.
courtsey:timesofindia


VIEW ON mathrubhumi.com