20 വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഹവായിയന്‍ രാജകുമാരി പ്രിയസഖിക്ക് വരണമാല്യമണിഞ്ഞു

പ്രണയത്തിനും വിവാഹത്തിനും പ്രായമൊരു തടസ്സമേയല്ലെന്ന് ഹവായിയന്‍ രാജകുമാരിയായ അബിഗാലി കിനോയികി കെകുവാലികെ കവനനാകോവയ്ക്ക് നന്നായറിയാം. അതുകൊണ്ടാണ് 91ാം വയസ്സില്‍ കെകുവാ പ്രിയപ്പെട്ടവളെ സ്വന്തമാക്കിയത്!!
ഇരുപത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് കെകുവാ 63കാരിയായ വെറോണിക്ക വെയില്‍ഗെര്‍ത്തിനെ വിവാഹം ചെയ്തത്. തങ്ങളുടെ ബന്ധത്തെ പവിത്രീകരിക്കുവാന്‍ വിവാഹം ആവശ്യമാണെന്ന ചിന്തയാണ് ഇരുവരെയും വിവാഹിതരാവാന്‍ പ്രേരിപ്പിച്ചത്. കോടിക്കണക്കിന് സ്വത്തുക്കളുടെ ഉടമയായ കെകുവ നിരവധി വിവാദങ്ങള്‍ക്കൊടുവിലാണ് പ്രിയസഖിയെ വിവാഹമാല അണിയിച്ചത്.
200 കോടി ഡോളര്‍ വിലമതിക്കുന്ന സ്വത്തുക്കളെ ചൊല്ലിയായിരുന്നു വിവാദങ്ങള്‍. കെകുവയുടെ സ്വത്തുവകകള്‍ കൈകാര്യം ചെയ്യാന്‍ തന്നെ അനുവദിക്കണമെന്നാശ്യപ്പെട്ട് അവരുടെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചിരുന്നു. കെകുവായ്ക്ക് സാമ്പത്തിക കാര്യങ്ങള്‍ നോക്കിനടത്താന്‍ ശാരീരിക മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു വാദം. ഈ അനാരോഗ്യം ചൂഷണം ചെയ്ത് വെറോണിക്ക ലാഭം കൊയ്യുകയാണെന്നും അഭിഭാഷകന്‍ ആരോപിച്ചു.
എന്നാല്‍, ആരോപണങ്ങളെ കെകുവാ നിഷേധിച്ചു. താന്‍ പൂര്‍ണ ആരോഗ്യവതിയാണെന്നും വെറോണിക്കയ്‌ക്കെതിരെ ആരോപണങ്ങളുന്നയിക്കുന്നത് ശരിയല്ലെന്നും അഭിഭാഷകനെ താക്കീത് ചെയ്തു. നിരവധി സേവനപ്രവര്‍ത്തനങ്ങളാണ് കെകുവായുടെ ഉടമസ്ഥതയിലുള്ള ചാരിറ്റി ട്രസ്റ്റ് ചെയ്യുന്നത്. ഹവായിയന്‍ ജനതയെ സഹായിക്കുന്നതിനുള്ള സേവനങ്ങളുമായി താനും വെറോണിക്കയും മുന്നോട്ടുപോവുമെന്നും കെകുവാ അറിയിച്ചു.


VIEW ON mathrubhumi.com