സമൂഹമാധ്യമങ്ങളിലെ പുതിയ ചര്‍ച്ച ഒരു പച്ചക്കറി ലിസ്റ്റാണ്

ഫീസില്‍ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങാറാകുമ്പോഴേക്കും വീട്ടിലേക്ക് വാങ്ങിക്കൊണ്ടുവരേണ്ട സാധനങ്ങളുടെ കുറിപ്പടി നല്‍കുന്ന ഭാര്യമാര്‍ നമുക്കത്ര അപരിചിതരൊന്നുമല്ല. പണ്ടുകാലത്തെ ഭാര്യമാര്‍ വാങ്ങേണ്ട സാധനങ്ങളുടെ നീളന്‍ കുറിപ്പടികളായിരുന്നു നല്‍കിയിരുന്നതെങ്കില്‍ ഇന്ന് സംഗതി വാട്‌സാപ്പിലൂടെ നല്‍കാമെന്നതാണ് സൗകര്യം. എന്തൊക്കെയാണ് വേണ്ടതെന്ന് ആലോചിക്കാന്‍ ആവശ്യത്തിന് സമയവും ലഭിക്കും.
പക്ഷേ ഇറ എന്ന യുവതി തന്റെ ഭര്‍ത്താവിന് നല്‍കിയ പച്ചക്കറി ലിസ്റ്റ് ഇതുവരെയുള്ള കുറിപ്പടികളുടെ സങ്കല്പം തന്നെ തിരുത്തിയെഴുതിയിരിക്കുകയാണ്. സാധാരണ എല്ലാവരും ചെയ്യുന്ന പോലെ ഉള്ളി - ഒരുകിലോ, ഉപ്പ് - ഒരു പാക്കറ്റ് എന്ന് എഴുതിക്കൊടുക്കുകയല്ല ഇറ ചെയ്തത്. പകരം വാങ്ങിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റിനൊപ്പം എങ്ങനെയുള്ള സാധനങ്ങളാണ് വാങ്ങേണ്ടതെന്നും വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചിത്രസഹിതം ഇറ കുറിച്ച് നല്‍കി.
ഇറയുടെ ലിസറ്റ് കണ്ടാല്‍ ആരും ചിരിച്ചുപോകുമെന്ന് മാത്രമല്ല ചെറിയ കുട്ടികള്‍ക്ക് പോലും നിഷ്പ്രായസം പച്ചക്കറികള്‍ വാങ്ങി വരികയും ചെയ്യാം. തനിക്ക് ചുവന്ന നിറത്തിലുള്ളതും മഞ്ഞനിറത്തിലുള്ളതുമായ തക്കാളി വേണമെന്നാണ് ഇറ പറയുന്നത്. പിന്നെയും നിര്‍ദേശങ്ങളുണ്ട്. ചീഞ്ഞ തക്കാളിയും ദ്വാരമുള്ളതും വാങ്ങരുത്. ഉള്ളി ചെറിയ സൈസായിരിക്കണം, അതും വട്ടതിലുള്ളത്. ഇനിയും സംശയം തോന്നുന്നുണ്ടെങ്കില്‍ അത് ദുരീകരിക്കാനായി ഉള്ളിയുടെ ചിത്രം തന്നെ വരച്ചിട്ടുണ്ട്.
ഉരുളക്കിഴങ്ങ് വാങ്ങുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. മീഡിയം സൈസിലുള്ളത് വേണം വാങ്ങാന്‍ ഇനി മീഡിയം സൈസ് അറിയില്ലെങ്കില്‍ മൂന്നുവലിപ്പത്തിലുള്ള ഉരുളക്കിഴങ്ങിന്റെ ചിത്രം വരച്ച് അതിലേതാണ് മീഡിയം സൈസെന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. നിസ്സാരമെന്ന് കരുതുന്ന പച്ചമുളക് പോലും ഇറ നിര്‍ദേശിക്കും പ്രകാരം വാങ്ങുമ്പോള്‍ ഒന്ന് കുഴങ്ങിപ്പോകും. കാരണം അറ്റം വളഞ്ഞ പച്ചമുളക് പാടില്ല, നീളത്തിലുള്ള വളവുകളൊന്നുമില്ലാത്ത പച്ചമുളക് തന്നെ വേണം വാങ്ങാന്‍.
This is the task I gave to my hubby last weekend!! Even U guys shud follow this list for happy customers #bigbasket#grofers#reliancefreshpic.twitter.com/cGkPuRAvE9
- Era Londhe (@eralondhe) September 23, 2017
'ഈ ആഴ്ചാവസാനം ഞാന്‍ ഭര്‍ത്താവിനെ ഏല്‍പ്പിച്ച ജോലി' എന്ന കുറിപ്പോടെ ഇറ തന്നെയാണ് പച്ചക്കറി ലിസ്റ്റ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ആര്‍ക്കും തന്റെ കുറിപ്പടി മാതൃകയാക്കാവുന്നതാണെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. സംഗതി ഏതായാലും ക്ലിക്കായി. ഇതിനേക്കാള്‍ നന്നായി പച്ചക്കറി ലിസ്റ്റ് ഭര്‍ത്താവിന് കുറിച്ച് കൊടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്. പക്ഷേ മഞ്ഞത്തക്കാളി വേണമെന്ന് പറഞ്ഞത് എന്തിനാണെന്നായിരുന്നു ചിലരുടെ സംശയം. സംശയങ്ങള്‍ക്കുള്ള മറുപടിയും ഇറ ട്വീറ്റ് ചെയ്തിട്ടുണ്ട്.


VIEW ON mathrubhumi.com