ദേ,ഇതാണാ 'ജിമിക്കി'പ്പെണ്ണ്!!

By: വീണാ ചന്ദ്‌
ഓണത്തിന് ഏറ്റവും വൈറലായ വീഡിയോ ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു. കൊച്ചി ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നവതരിപ്പിച്ച ജിമിക്കിഡാന്‍സ്. കൊച്ചുകേരളത്തില്‍ നിന്ന് പുറപ്പെട്ട് അമേരിക്കക്കാരന്‍ ജിമ്മി കിമ്മലിന്റെ ട്വീറ്റില്‍ വരെ കയറിക്കൂടി കാമ്പസിലെ ഈ തകര്‍പ്പന്‍ ഡാന്‍സ്. അത് മാത്രമല്ല, ഈ ഡാന്‍സ് വീഡിയോയിലൂടെ കേരളത്തിന് ഒരു സെലിബ്രിറ്റി ഡാന്‍സറെയും ലഭിച്ചു, ഷെറില്‍ ജി കടവന്‍.
തെന്നിന്ത്യയാകെ ഷെറിലും ഷെറിലിന്റെ ഡാന്‍സും തരംഗമായിരിക്കുകയാണ്. തമിഴ്‌നാട്ടിലെ യുവജനത ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് ഈ സുന്ദരിക്കുട്ടിയെക്കുറിച്ചാണെന്ന് പുറത്തുവരുന്ന വാര്‍ത്തകളും സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചയും തെളിയിക്കുന്നു. വിശേഷങ്ങള്‍ നേരിട്ടറിയാനാണ് ഷെറിലിനെ ഫോണില്‍ വിളിച്ചത്. താരപരിവേഷത്തിന്റെ ജാടകളേതുമില്ലാതെ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട അധ്യാപികയായി ഷെറില്‍ സംസാരിച്ചുതുടങ്ങി.
ഒരുപാട് സന്തോഷമുണ്ട്. അതേക്കുറിച്ച് എങ്ങനാ പറയേണ്ടതെന്നറിയില്ല. തീരെ പ്രതീക്ഷിക്കാതെ ആയതുകൊണ്ട് ആകെ എക്‌സൈറ്റഡായിപ്പോയി.
photo:fb/soorajvijayan
ഡാന്‍സും ആഘോഷങ്ങളിലെ പങ്കാളിത്തവുമൊന്നും ഷെറിന് പുതുമയുള്ള കാര്യങ്ങളേയല്ല.
കുടുംബത്തിലെല്ലാവരും വളരെ ആക്ടീവ് ആണ്. ഇടയ്ക്കിടയ്ക്ക്‌ ഫാമിലി ഫംഗ്ഷനൊക്കെ വരുമ്പോ എല്ലാവരും ഡാന്‍സ് ചെയ്യാറൊക്കെയുണ്ട്. ചെറുപ്പം മുതലേ ഡാന്‍സ് പഠിക്കുന്നുണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴും പരിപാടികളിലൊക്കെ പങ്കെടുക്കുമായിരുന്നു.
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ പഠനകാലമാണ് ഷെറിലിനെ കലാരംഗത്ത് കൂടുതല്‍ സജീവമാക്കിയത്
ഡിഗ്രിയും പിജിയും സെന്റ് തെരേസാസിലായിരുന്നു. പിജി സമയത്താണ് ശരിക്കും ഞാന്‍ ഡാന്‍സ് പ്രോഗ്രാമിലൊക്കെ ആക്ടീവായത്. ഹോസ്റ്റലിലും കോളേജിലുമൊക്കെ എന്ത് പരിപാടി വന്നാലും മുന്നിട്ടിറങ്ങുമായിരുന്നു.
photo:youtube
ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സില്‍ ഷെറില്‍ അധ്യാപികയായി ജോലിക്ക് കയറിയിട്ട് ചുരുങ്ങിയ കാലമേ ആയിട്ടുള്ളു. ഓണാഘോഷത്തിന് വ്യത്യസ്തമായി എന്ത് ചെയ്യാമെന്ന ക്രിയേറ്റിവ് ഹെഡ് മിഥുന്‍ മഞ്ഞാളിയുടെ ചിന്തയാണ് ജിമിക്കി ഡാന്‍സിലെത്തിയത്. സഹപാഠിയും ഇപ്പോള്‍ സഹപ്രവര്‍ത്തകയുമായ അന്ന ജോര്‍ജും സഹായത്തിനെത്തിയതോടെ അടിപൊളിച്ചുവടുകളുമായി ഡാന്‍സ് തയ്യാര്‍. ഷെറിലും അന്നയും ചേര്‍ന്നാണ് കൊറിയോഗ്രഫി ചെയ്തതും മറ്റുള്ള അധ്യാപകരെയും വിദ്യാര്‍ഥികളെയും ഡാന്‍സ് പഠിപ്പിച്ചതും.
രണ്ട് മണിക്കൂര്‍ കൊണ്ടാണ് ഡാന്‍സ് പഠിപ്പിച്ചത്. ക്ലാസ്മുറിയില്‍ പരിശീലനം നടത്തുന്നതിന്റെയും വീഡിയോ യൂട്യൂബില്‍ വന്നിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായിട്ട് ഡാന്‍സ് ചെയ്തത് ഹാളിലായിരുന്നു. അങ്ങനെ രണ്ട് തവണയേ ആകെ എല്ലാവരും കൂടി അത് കളിച്ചിട്ടുള്ളു.
വീഡിയോ യൂട്യൂബില്‍ വൈറലായതോടെ ഷെറിലിന് ആരാധകരെക്കൊണ്ട് രക്ഷയില്ലാതായി. അഭിനന്ദനമറിയിക്കാനും പരിചയപ്പെടാനുമായി നിരവധി പേരാണ് ദിവസേനെ ഷെറിലിന്റെ ഫോണിലേക്ക് വിളിക്കുന്നത്.
എനിക്കറിയില്ലായിരുന്നു വീഡിയോ ഇത്രയും പേര്‍ ശ്രദ്ധിച്ചു, എന്നെക്കുറിച്ച് അന്വേഷിച്ചു എന്നൊന്നും. ചെന്നൈയില്‍ നിന്നാണ് കൂടുതല്‍ പേരും വിളിക്കുന്നത്. അവര്‍ക്കൊക്കെ എങ്ങനെ എന്റെ ഫോണ്‍ നമ്പര്‍ കിട്ടിയെന്നറിഞ്ഞൂടാ.
photo:youtube
ഷെറില്‍ സെലിബ്രിറ്റിയായതോടെ നിരവധി ഫെയ്‌സ് ബുക്ക് പേജുകള്‍ ഷെറിലിന്റെ പേരില്‍ തുടങ്ങിയിട്ടുണ്ട്.
ഷെറില്‍ ഡാന്‍സര്‍ എന്നൊക്കെയുള്ള കുറേ പേജ് വരുന്നുണ്ട്. കൂട്ടുകാരൊക്കെ കാണുമ്പോ വിളിച്ചുപറയാറുണ്ട്. അതൊന്നും ഞാനുണ്ടാക്കിയതല്ല. എനിക്കൊരറിവുമില്ല ആ പേജിനെക്കുറിച്ചൊന്നും.
സിനിമാ ഓഫറുകളും ഷെറിലിന് വന്നുതുടങ്ങിയിട്ടുണ്ട്. ഉടന്‍ തന്നെ ബിഗ്‌സ്‌ക്രീനില്‍ പ്രതീക്ഷിക്കാമോ എന്ന് ചോദിച്ചപ്പോള്‍ അതെക്കുറിച്ച് ആലോചിച്ച് തുടങ്ങിയിട്ടേയില്ലെന്ന് മറുപടി.
photo:youtube
ചേര്‍ത്തല സ്വദേശികളായ ജോര്‍ജ് കടവന്റെയും ടെസി ജോര്‍ജിന്റെയും മകളാണ് ഷെറില്‍. സഹോദരന്‍ ജെറില്‍ ജി കടവന്‍ കാനഡയില്‍ ജോലി ചെയ്യുന്നു.


VIEW ON mathrubhumi.com