വരൂ, സ്വയം മറന്ന് നൃത്തം ചെയ്യൂ: റിമ കല്ലിങ്കല്‍

By: പുഷ്പ എം
ഫുട്ബോള്‍ മാമാങ്കത്തിനു വേദിയാകുന്ന കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിനു പിന്നിലാണ് മുല്ലപ്പൂ മാമാങ്കം. മാതൃഭൂമിയും നടി റിമ കല്ലിങ്കലിന്റെ ഡാന്‍സ് സ്‌കൂളായ മാമാങ്കവും ചേര്‍ന്നൊരുക്കുന്ന ഡാന്‍സ് തീയേറ്റര്‍ വര്‍ക്ക്ഷോപ്പ്. മാമാങ്കത്തിന്റെ ഫ്ളോറില്‍ ഇപ്പോള്‍ കണ്ടംപററി ഡാന്‍സര്‍ സത്യയുടെ നിര്‍ദേശങ്ങള്‍ക്കൊത്ത് നര്‍ത്തകര്‍ ഊര്‍ജസ്വലരായി ചുവടുവയ്ക്കുന്നു. റിമ കല്ലിങ്കലും അവിടെയുണ്ട്.ഒക്ടോബര്‍ ഒന്ന് മുതല്‍ എട്ട് വരെ നടക്കുന്ന മുല്ലപ്പൂ മാമാങ്കത്തിന്റെ വിശേഷങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ റിമ പറഞ്ഞുതുടങ്ങി....
മുല്ലപ്പൂ മാമാങ്കം, കൗതുകമുള്ള പേരാണല്ലോ?വര്‍ക്ക്ഷോപ്പിനെക്കുറിച്ചുള്ള ഡിസ്‌കഷന്‍ നടന്നപ്പോള്‍, കയ്യിലൊരു മുല്ലപ്പൂമാല കെട്ടിക്കൊടുത്തുകൊണ്ട് പങ്കെടുന്നവരെ സ്വീകരിച്ചാലോ എന്നു ഞാന്‍ ആഷിക്കിനോട് ചോദിച്ചിരുന്നു. വ്യത്യസ്തയുണ്ടാകും, ഈ ഫ്ളോര്‍ മുഴുവന്‍ മുല്ലപ്പൂവിന്റെ മണം പരക്കും... എന്നൊക്കെ ഞാനന്ന് പറഞ്ഞിരുന്നു. ആ ഐഡിയയില്‍ നിന്ന് ആഷിക് കണ്ടെത്തിയ പേരാണ് മുല്ലപ്പൂ മാമാങ്കം. മുല്ലപ്പൂവിന് മലയാളിത്തമുണ്ട്, പ്രത്യേക ഭംഗിയുണ്ട്, എല്ലാവര്‍ക്കും ഇഷ്ടമാണ്. അതൊക്കെയോര്‍ത്ത് ആ പേരുതന്നെ തീരുമാനിച്ചു.
ഫ്ളെമന്‍കോ, കപോയേര, ബെല്ലി ഡാന്‍സ്, കണ്ടംപററി... വര്‍ക്ക്ഷോപ്പില്‍ വെറൈറ്റി ഡാന്‍സ് ഫോംസ് ഉള്‍പ്പെടുത്തിയത് എന്തുകൊണ്ടാണ്?പല രാജ്യങ്ങളില്‍ നിന്നുള്ള, പല തരം ഡാന്‍സ് ഫോംസ് പരിചയപ്പെടുത്തുവാന്‍ വേണ്ടിയാണ്. ഫ്ളെമന്‍കോ സ്പാനിഷ് നാടോടിനൃത്തരൂപമാണ്. ബ്രസീലിയന്‍ മാര്‍ഷ്യല്‍ ആര്‍ട്സും ഡാന്‍സും സമന്വയിപ്പിച്ചതാണ് കപോയേര. ഇത്തരം ഡീറ്റെയ്ല്‍സ് ഇന്റര്‍നെറ്റില്‍ നിന്നു കിട്ടുമായിരിക്കും. പക്ഷേ, അങ്ങനെ കിട്ടുന്ന അറിവും നമ്മള്‍ അത് പഠിച്ച് ഡാന്‍സ് കളിക്കുമ്പോഴുള്ള എക്സ്പീരിയന്‍സും വ്യത്യസ്തമല്ലേ. ബെല്ലി ഡാന്‍സിന്റെ വര്‍ക്​ഷോപ്പ് സ്ത്രീകള്‍ക്കു മാത്രമാണ്. വര്‍ക്ക്ഷോപ്പ് നടത്തുന്ന കാവ്യ വിശ്വനാഥന്റെ അടുത്തുപോയി ഞാനും ബെല്ലി ഡാന്‍സ് പഠിച്ചിട്ടുണ്ട്. അന്നാണ് അതെത്ര ലിബറേറ്റിംഗ് ആണെന്ന് എനിക്ക് മനസിലായത്. എല്ലാവരും വരട്ടെ, മതിമറന്ന് ഈ ഫ്ളോറില്‍ ഡാന്‍സ് ചെയ്യട്ടെ എന്നാണ് എന്റെ ആഗ്രഹം.
മാമാങ്കത്തില്‍ സുംബ, ഹിപ് ഹോപ്, കളരി, കണ്ടംപററി, സല്‍സ, കുച്ചിപ്പുടി, ഭരതനാട്യം എന്നിവയില്‍ ക്ലാസുകള്‍ ഉണ്ട്. ഉദയ് എന്ന സെക്ഷന്‍ മൂന്ന് മുതല്‍ ഏഴ് വയസ് വരെയുള്ള കുട്ടികള്‍ക്കായുള്ള ക്ലാസാണ്. ഈ മാസം മുതല്‍ ക്രാഫ്റ്റിലും ഇവിടെ ക്ലാസുകള്‍ തുടങ്ങുന്നു.
ദിലീഷ് പോത്തന്റെ തിയേറ്റര്‍ വര്‍ക്ക്ഷോപ്പിലും ശ്യാം പുഷ്‌കരന്റെ തിരക്കഥ ശില്‍പ്പശാലയ്ക്കും സീറ്റ് ഫുള്‍ ആയെന്നു കേട്ടല്ലോ?ശരിയാണ്. അനൗണ്‍സ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസം സീറ്റ് ഫുള്‍ ആയി. അതാണ് സിനിമയുടെ പവര്‍.
മാമാങ്കം തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായി. ഇപ്പോള്‍ വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. റിമ നല്ല ഓര്‍ഗനൈസറാണോ?സത്യത്തില്‍ അതിനുള്ള ട്രിക്സ് പഠിച്ചുകൊണ്ടിരിക്കുകയാണ്. ബാംഗ്ലൂരിലെ ഡാന്‍സ് കമ്പനിയില്‍ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അവിടെ ഏത് പ്രോഗ്രാം ചെയ്യുമ്പോഴും ഗൈഡന്‍സ് കിട്ടുമായിരുന്നു; അത് ഫോളോ ചെയ്്താല്‍ മതിയായിരുന്നു. ഇവിടെ ഞാനാണ് ഗൈഡ് ചെയ്യേണ്ടത്. പക്ഷേ, ഞാനത് നന്നായി എന്‍ജോയ് ചെയ്യുന്നുണ്ട്. എനിക്കിവിടെ നല്ലൊരു ടീമുണ്ട്. ഞങ്ങള്‍ ഒരു ഫാമിലി പോലെയാണ്.
റിമ നടിയാണ്, ഡാന്‍സറാണ്, മാമാങ്കം എന്ന ഡാന്‍സ് സ്‌കൂളിനെക്കുറിച്ച് പറയുമ്പോള്‍ ഒരു സംരംഭകയുമാണ്. ഏതു റോളാണ് ഏറ്റവും ഇഷ്ടം?ഫസ്റ്റ് ഓഫ് ഓള്‍ ഞാനൊരു പെര്‍ഫോമറാണ്. ക്യാമറയുടെ മുന്നിലും ഓഡിയന്‍സിന്റെ മുന്നിലും സ്റ്റേജിനു മുന്നിലും ആയിരിക്കാന്‍ എനിക്കിഷ്ടമാണ്. ഇപ്പോള്‍ ക്രിയേറ്റ് ചെയ്യുന്നതിന്റെ മാജിക്കും ആസ്വദിച്ചു തുടങ്ങി. മാമാങ്കത്തിന്റെ ചെറിയ വീഡിയോസ്,അത്‌ ചെറുതാണെങ്കില്‍ പോലും അതിന്റെ ഐഡിയേഷന്‍ തുടങ്ങി എക്സിക്യൂഷന്‍ വരെയുള്ള കാര്യങ്ങള്‍ ക്രിയേറ്റ് ചെയ്യുന്നത് ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്.
ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ടല്ലോ, ടൈം മാനേജ്മെന്റിലും റിമ മിടുക്കിയാണോ?എനിക്ക് നല്ലൊരു സപ്പോര്‍ട്ട് സിസ്റ്റമുണ്ട്. എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്നവരില്‍ നിന്ന് ഹെല്‍പ്പ് സ്വീകരിക്കാന്‍ എനിക്ക് മടിയില്ല. എനിക്കറിയാവുന്ന വര്‍ക്കിംഗായ ചേച്ചിമാരില്‍ നിന്നും പഠിച്ച പാഠമാണിത്. അമ്മ, ഭര്‍ത്താവ്, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, അയല്‍ക്കാര്‍, വീട്ടിലെ ഹെല്‍പ്പര്‍... ഇങ്ങനെ സഹായിക്കാനാകുന്ന ആരോടും നമുക്ക് ഹെല്‍പ്പ് ചോദിക്കാം. അങ്ങനെ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനായി സമയം കണ്ടെത്താവുന്നതേയുള്ളു.
സിനിമയില്‍ ഏതൊക്കെയാണ് പുതിയ പ്രോജക്ടുകള്‍?ആദ്യം വരാനുള്ളത് ആഭാസം- ആര്‍ഷഭാരതസംസ്‌കാരം. അതൊരു സോഷ്യോ പൊളിക്കല്‍ ഡ്രാമയാണ്. മലയാളത്തില്‍ ഇതുവരെ പറയാത്ത കാര്യങ്ങള്‍ പറയുന്ന, പുതിയ നറേറ്റിവ് സ്‌റ്റൈല്‍ ഉള്ള സിനിമയാണത്. പിന്നെ, മെട്രോ തീമായി വരുന്ന അറബിക്കടലിന്റെ റാണി- ദ് മെട്രോ വുമണ്‍. പിന്നെ ഒരു സ്പോര്‍ട്സ് ബെയ്സ്ഡ് സിനിമ.മാമാങ്കത്തിന്റെ ഫ്ളോറില്‍ ഡാന്‍സുകാര്‍ താളത്തില്‍, ചുറുചുറുക്കോടെ ചുവടുവയ്ക്കുന്നു. അത് നോക്കിയിരിക്കേ റിമ പറഞ്ഞു- ' എനിക്ക് പുതിയ ഡാന്‍സ് സ്‌റ്റൈല്‍സ് ലൈവായി പെര്‍ഫോമന്‍സ് ചെയ്യണം, ഡാന്‍സ് ഫെസ്റ്റിവല്‍ നടത്തണം. ഐ ഹാവ് സോ മച്ച് മോര്‍ റ്റു ഡു...'


VIEW ON mathrubhumi.com