സിസ്‌റ്റോസീല്‍; തുടര്‍ച്ചയായ മൂത്രശങ്കയും അറിയാതെയുള്ള മൂത്രം പോകലും

മധ്യവയസ്‌കരായ സ്ത്രീകളെ അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ് അടിക്കടിയുണ്ടാകുന്ന മൂത്രശങ്കയും അറിയാതെയുള്ള മൂത്രം പോകലും. ഇതോടനുബന്ധിച്ച് ചിലരില്‍ യോനിയിലേക്ക് മൂത്രസഞ്ചി തള്ളിവരുന്ന അവസ്ഥയുമുണ്ടാകാം. ഈ അവസ്ഥയാണ് സിസ്‌റ്റോസീല്‍. യോനീഭിത്തിക്കും മൂത്രസഞ്ചിക്കും ഇടയിലുള്ള പേശികള്‍ക്കും കോശകലകള്‍ക്കും ബലക്ഷയം സംഭവിക്കുകയും വലിയുകയും ചെയ്യുന്നതു മൂലമാണ് സിസ്‌റ്റോസീല്‍ ഉണ്ടാവുന്നത്.
പേശികള്‍ വലിയുകയും ദുര്‍ബലമാവുകയും ചെയ്യുന്നതിന് വിവിധ കാരണങ്ങളുണ്ട്.
  • ദീര്‍ഘകാലമായതോ അല്ലെങ്കില്‍ ശക്തമായതോ ആയ ചുമ.
  • വിസര്‍ജ്ജനം നടത്തുമ്പോള്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്
  • മലബന്ധം
  • അമിതവണ്ണം
  • സാധാരണപ്രസവം
  • ഈസ്ട്രജന്‍ നിലയിലുള്ള വ്യതിയാനം
പെല്‍വിക് ഭാഗത്ത് ഭാരം തോന്നുന്നതും വേദനാജനകമായ ലൈംഗികബന്ധവും സിസ്‌റ്റോസീലിന്റെ ലക്ഷണങ്ങളാണ്.
ആരംഭഘട്ടമാണെങ്കില്‍ സിസ്‌റ്റോസീലിന് പ്രത്യേക ചികിത്സ ആവശ്യമില്ല. ഭാരമെടുക്കുന്നതില്‍ നിന്നും മറ്റ് കഠിനാധ്വാനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക,കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക,മൂത്രസഞ്ചിയില്‍ മൂത്രം കെട്ടിനില്‍ക്കാന്‍ അനുവദിക്കാതെ ഇടയ്ക്കിടെ മൂത്രമൊഴിക്കുക,കെഗല്‍ വ്യായാമങ്ങള്‍ പരിശീലിക്കുക തുടങ്ങിയവയിലൂടെ ഈ അവസ്ഥ മറികടക്കാനാവും.
സിസ്റ്റോസീല്‍ കാരണം ബുദ്ധിമുട്ടുകള്‍ വര്‍ധിക്കുകയാണെങ്കില്‍ ചികിത്സ തേടാന്‍ മടിക്കരുത്.


VIEW ON mathrubhumi.com