കൊച്ചിയുടെ കൊച്ചു ഫാഷന്‍ ഡിസൈനര്‍

കൊച്ചു കുട്ടിയാണെങ്കിലും മനസ്സിൽ നിറയെ വലിയ സ്വപ്നങ്ങളുമായാണ് അവൾ സംസാരിക്കുന്നത്. താൻ തീർത്ത വസ്ത്രങ്ങൾ ഈ ലോകത്തിന് മുന്നിൽ കൊണ്ടുവരണം... അതിനെക്കുറിച്ച് എല്ലാവരും ചർച്ച ചെയ്യണം... ഡിസൈനുകൾ റാമ്പിലെ വെള്ളിവെളിച്ചത്തിൽ മിന്നിത്തിളങ്ങണം... അങ്ങനെയങ്ങനെ...
ഇത് രുക്മിണി പ്രകാശിനി. കൊച്ചിയുടെ കൊച്ചു ഫാഷൻ ഡിസൈനർ. വ്യത്യസ്ത നിറങ്ങളിലും ഡിസൈനുകളിലും ഉള്ള ഗൗണുകൾ തീർക്കാനിഷ്ടപ്പെടുന്ന ഈ മിടുക്കിയുടെ ആദ്യ ഷോ കൊച്ചിയിൽ നടന്നു. വെസ്റ്റേൺ ഡ്രസുകളും എത്‌നിക് പാർട്ടി വെയറുകളുമാണ് രുക്മിണി അവതരിപ്പിച്ചത്.
നിറങ്ങളുടെ ഉത്സവം കൊണ്ട് ബാല്യത്തിൽ അവൾ കുറേ ചിത്രങ്ങൾ വരച്ചു. പത്താം വയസ്സിൽ അവൾ അത് വസ്ത്രങ്ങളിലേക്ക് പകർത്തി. അങ്ങനെ മുതിർന്ന ഫാഷൻ ഡിസൈനർമാരെ വരെ വെല്ലുന്ന വസ്ത്രങ്ങളുമായി ഈ കൊച്ചുമിടുക്കി കൊച്ചിയുടെ റാമ്പിലേക്ക് എത്തി.
ഗ്ലോബൽ പബ്ലിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ രുക്മിണിയുടെ 111 കളക്‌ഷനുകളുടെ പ്രദർശനം വരാനിരിക്കുകയാണ്. നവംബറിൽ ആണ് ഈ പ്രദർശനം നടത്തുക. ഒരു ബ്രൈഡൽ, 100 വെസ്റ്റേൺ, ഒരു പാർട്ടി വെയർ എന്നിവ അടങ്ങുന്നതാണ് 111 കളക്‌ഷൻ.ഏറ്റവും പ്രായംകുറഞ്ഞ ഫാഷൻ ഡിസൈനർ എന്ന നേട്ടം സ്വന്തമാക്കാനാണ് രുക്മിണിയുടെ ശ്രമം. ഫാഷൻ ഡിസൈനിലേക്ക് എത്തുന്നത് അമ്മ വഴിയാണ്.
അമ്മ പ്രശാന്തി പ്രഭാകർ ഫാഷൻ ഡിസൈനറാണ്. 'ഉഷ ഫാഷൻ ഡിസൈനിങ്‌ ഇൻസ്റ്റിറ്റ്യൂട്ട്' നടത്തുകയാണ് അവർ. ചെറുപ്പത്തിൽ ഇവിടെ വന്നിരുന്ന രുക്മിണി, ചില ചിത്രങ്ങൾ വരച്ചാണ് തുടങ്ങിയത്.അച്ഛൻ ബിഷേയ്ൻ അവളുടെ വരയ്ക്ക് നിറങ്ങൾ കൂടി നൽകിയപ്പോൾ മനസ്സിലെ ആഗ്രഹം ഫാഷനിങ്‌ മേഖലയിലേക്ക് തിരിയുകയായിരുന്നു. തുടർന്ന് ഗൗണുകളിൽ പല തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തി. നൂറോളം ഗൗണുകൾ ചിത്രങ്ങളിൽ തീർത്തു.
സ്വന്തം വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നത് രുക്മിണി തന്നെയാണ്. അത്യാവശ്യം തയ്യൽ ജോലികളും ഇതിനിടയിൽ പഠിച്ചു. ഒൻപതാമത്തെ വയസ്സിൽ വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത് തുന്നാൻ തുടങ്ങി. മകളുടെ ആഗ്രഹം കണ്ടറിഞ്ഞ മാതാപിതാക്കൾ രുക്മിണിയെ പിന്തുണച്ചു.ബ്രൈഡൽ വെയറുകളും ഗൗണുകളും ചെയ്യാനാണ് തനിക്ക് ഏറെ ഇഷ്ടമെന്ന് രുക്മിണി പറയുന്നു. ''ഞാൻ ഓരോ ഡ്രസും ഡിസൈൻ ചെയ്ത് കൊടുക്കും. അമ്മ തയ്ച്ച് തരും.
കുടുബത്തിൽ നിന്നുള്ള പിന്തുണയാണ് ഏറ്റവും വലുത്. ഭാവിയിൽ നല്ലൊരു ഫാഷൻ ഡിസൈനർ ആകണം. എല്ലാവരിൽ നിന്നും വ്യത്യസ്തമായത് ചെയ്യണം...'' -രുക്മിണിയുടെ മോഹങ്ങൾ ഇങ്ങനെ. ഇന്ത്യയിൽ മനീഷ് മൽഹോത്രയാണ് താൻ ഏറെ സ്നേഹിക്കുന്ന ഡിസൈനർ.പാരീസിൽ പോയി ഫാഷൻ ഡിസൈനിങ്‌ പഠിക്കണമെന്നാണ് ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം. rukminiprakashini.com എന്ന വെബ്‌സൈറ്റിലൂടെ രുക്മിണി ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങൾ വിപണനത്തിന് എത്തിക്കാനും പദ്ധതിയുണ്ട്.


VIEW ON mathrubhumi.com