കൗമാരക്കാര്‍ക്ക് വൈകാരിക പിന്തുണ ഉറപ്പാക്കാം

By: സന്ധ്യാ വര്‍മ
മുൻ ആഴ്ചകളിലെ ലേഖനങ്ങളുടെ തുടർച്ചയാണിത്. കുട്ടികളുടെയും കൗമാരക്കാരുടെയും വൈകാരിക ആവശ്യങ്ങളെ എങ്ങനെ പരിഗണിക്കണം എന്നതിനെ കുറിച്ചാണ് ഇത്തവണത്തെ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
കുട്ടികൾ
4-11 വയസ്സിനിടയിലുള്ളവരെയാണ് കുട്ടികൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികളുടെ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള കാലയളവാണിത്. സ്കൂൾ പഠനകാലം ആരംഭിക്കുന്നതും ഇതേ സമയത്താണ്. സ്കൂൾ പഠനം ആരംഭിക്കുന്നതോടെ, രക്ഷാകർത്താക്കൾ അരികിൽ ഇല്ലെങ്കിൽ കൂടിയും കാര്യങ്ങൾ തനിയെ ചെയ്യാനുള്ള പ്രാപ്തി കുട്ടികൾ കൈവരിക്കും. സമപ്രായക്കാരായ മറ്റുകുട്ടികളുമായി അവർ ചങ്ങാത്തം സ്ഥാപിക്കുന്നതും ഈ സമയത്താണ്. വിദ്യാഭ്യാസത്തിന്റെ ഫലമായി സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ബോധം അവരിൽ രൂപം കൊള്ളുകയും വൈകാരിക ആവശ്യങ്ങൾ പ്രകടിപ്പിക്കാൻ പ്രാപ്തരാവുകയും ചെയ്യും.
വ്യത്യസ്തങ്ങളായ സാഹചര്യങ്ങളിലൂടെയാണ് ആധുനിക കുടുംബജീവിതം കടന്നുപോകുന്നത്. കുടുംബത്തിൽ പെട്ടെന്നുണ്ടാകുന്ന ഒരുമാറ്റം, കുട്ടിയെ ഉൾക്കൊള്ളുന്ന രീതിയിലല്ല സംഭവിക്കുന്നതെങ്കിൽ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. മാതാപിതാക്കൾ ജീവിതസാഹചര്യത്തിൽ മാറ്റം വരുത്തുമ്പോൾ അക്കാര്യം കുട്ടികളെയും ബോധ്യപ്പെടുത്തുക. ആ മാറ്റത്തിലേക്ക് അവരെയും ഉൾക്കൊള്ളിക്കുന്നുവെന്നും പരിഗണിക്കുന്നുവെന്നുമുള്ള ബോധ്യം നൽകാൻ ഇത് സഹായകമാകും. രക്ഷാകർത്താക്കൾ ഒരുമിച്ച് എന്തെങ്കിലും ചെയ്യുകയും കുട്ടികൾ അതിൽ ഭാഗമല്ലാതിരിക്കുകയും ചെയ്യുന്നത് താൻ ഒഴിവാക്കപ്പെടുകയാണോ എന്ന ചിന്ത കുട്ടികളിൽ വളർത്തും.
പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സ്വാതന്ത്ര്യം നൽകാം
തെറ്റുകൾ ചെയ്യാൻ അവസരം നൽകുന്നതു പോലെ തന്നെ പ്രാധാന്യമുള്ളതാണ് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് നൽകുന്നത്. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ അവരെ അവരുടേതായ രീതിയിൽ അനുവദിക്കുക. നിങ്ങൾ പരമാവധി ഇടപെടാതിരിക്കുക. ഇത്തരം അവസരങ്ങൾ നൽകുന്നത് കുട്ടികളിൽ ആത്മവിശ്വാസം വളരാനും ചിന്താശക്തി മെച്ചപ്പെടാനും സഹായകമാകും.
ഒരുപക്ഷേ, ഫ്രിഡ്ജിന് അടുത്തേക്ക് സ്റ്റൂൾ എങ്ങനെ നീക്കാമെന്ന് ആലോചിക്കാൻ കുട്ടികൾ 20 മിനിറ്റ്‌ എടുത്തേക്കാം. ക്ഷമയോടെ അവരെ അതിന് അനുവദിക്കുക. സ്വാതന്ത്ര്യബോധവും താൻ ഒരു ജോലി വിജയകരമായി ചെയ്തെന്ന ചിന്തയും കുട്ടികളിൽ ആത്മാഭിമാനം വളരാൻ സഹായിക്കും. മറ്റുള്ളവരുടെ സഹായമില്ലാതെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവർ ക്രമേണ പഠിച്ചു തുടങ്ങുകയും ചെയ്യും. മറ്റു കുട്ടികളുമായി പ്രശ്നങ്ങളുണ്ടാകുമ്പോഴും ആ മാർഗം പരീക്ഷിക്കാവുന്നതാണ്. അവർക്കു വേണ്ടി പ്രശ്നങ്ങൾ പരിഹരിക്കാൻ ചാടിയിറങ്ങുന്നതിനു പകരം അവരെത്തന്നെ പ്രശ്നങ്ങൾ പരിഹരിക്കാൻ അനുവദിക്കുന്നതിൽ എന്താണ് തെറ്റ്.
കുട്ടികളിലും അവരുടെ നേട്ടങ്ങളിലും താത്പര്യം കാണിക്കാം
കഴിഞ്ഞ മണിക്കൂറിൽ നിങ്ങളുടെ കുട്ടി കൈവരിച്ച ഏറ്റവും വലിയ നേട്ടമായിരിക്കും അവൻ/ അവൾ തയ്യാറാക്കിയ ഒരു ചിത്രം. അത് നിങ്ങൾ കാണണമെന്നും ഇഷ്ടപ്പെടണമെന്നും അവർക്ക് ഏറെ ആഗ്രഹമുണ്ടായിരിക്കും. കുട്ടികളിലും അവരുടെ നേട്ടങ്ങളിലും താത്പര്യം പ്രകടിപ്പിക്കുക എന്നത് വളരെ അത്യാവശ്യമാണ്. കാരണം നിങ്ങൾ അവരെ മനസ്സിലാക്കുന്നു എന്നതിന്റെ ഒരു സൂചകം കൂടിയാണിത്.
ആ നിമിഷത്തിലെ അവരെ സംബന്ധിച്ചിടത്തോളമുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യമാകും കുട്ടികൾ നിങ്ങളോട് പറയാനെത്തുക. ഒരു പക്ഷേ, കുഞ്ഞുങ്ങൾ വിശേഷവുമായെത്തുന്നത് നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ആയിരിക്കണമെന്നുമില്ല. നിങ്ങൾ ചെയ്യുന്ന കാര്യം മുഴുവൻ ഉപേക്ഷിച്ച് കുഞ്ഞുങ്ങൾ പറയുന്നതിനായി കാതോർക്കുക എന്നത് ശരിയായ നടപടിയല്ല. പകരം കുഞ്ഞിന് പറയാനുള്ള കാര്യം ക്ഷമയോടെയും ശ്രദ്ധയോടെയും കേൾക്കാനുള്ള സമയം നിങ്ങൾ കണ്ടെത്തുകയാണ് വേണ്ടത്.
അതിർത്തികൾ കൃത്യമായി പറഞ്ഞുകൊടുക്കാം
തെറ്റും ശരിയും എന്തൊക്കെയാണ് എന്നറിഞ്ഞു കൊണ്ടല്ല കുഞ്ഞുങ്ങൾ പിറന്നുവീഴുക. ശരിയെന്താണ് തെറ്റെന്താണ് എന്ന് അവരെ പഠിപ്പിക്കുക, പരിശീലിപ്പിക്കുക. കുട്ടികൾ എന്തെങ്കിലും തെറ്റുചെയ്താൽ നിങ്ങൾ അവർക്കു നേരേ ശബ്ദമുയർത്തി എന്നിരിക്കട്ടെ. ചെയ്തത് ശരിയല്ലെന്ന ബോധം കുട്ടിയിലുണ്ടാകാൻ നിങ്ങളുടെ ശബ്ദമുയർത്തൽ കൊണ്ട് സാധിക്കും.
എന്നാൽ, ശരികേട് എന്തായിരുന്നുവെന്ന് അവർക്ക് തിരിച്ചറിയാൻ സാധിക്കണമെന്നില്ല. വ്യക്തമായും സമാധാനത്തോടെയും അവർക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കുക. ഉദാ: റോഡിലേക്ക് ഇറങ്ങിപ്പോകുമ്പോൾ നിങ്ങൾക്കു ദേഷ്യം വരുന്നതെന്തു കൊണ്ടാണെന്ന് കുഞ്ഞുങ്ങളോട് സമാധാനത്തോടെ പറഞ്ഞുകൊടുക്കുക. അത്തരം കാര്യങ്ങൾ വീണ്ടും ചെയ്യരുതെന്നും പറഞ്ഞുകൊടുക്കാം.
കൗമാരക്കാർ
12-18 വരെ പ്രായമുള്ളവരെയാണ് കൗമാരക്കാർ എന്നു വിശേഷിപ്പിക്കുന്നത്. 18 വയസ്സാകുന്നതോടെ അവരെ പ്രായപൂർത്തിയായവരായി കണക്കാക്കും. എന്നാൽ, പതിനെട്ടു വയസ്സിൽ പ്രായപൂർത്തിയാകുന്നതോടെ ഇവർ വൈകാരികമായി പക്വത ആർജിച്ചു കൊള്ളണമെന്നില്ല. കൗമാരക്കാരെ കുറിച്ചുള്ള ചില സ്ഥിര സങ്കല്പങ്ങളിൽ അവർ വൈകാരിക വിക്ഷോഭങ്ങളുള്ളവരും അമിതാനന്ദം പ്രകടിപ്പിക്കുന്നവരും അതൃപ്തി പ്രകടിപ്പിക്കുന്നവരുമാണ്.
പ്രവചനാതീതമായ സ്വഭാവസവിശേഷതകളുള്ളവരായും അവരെ വിശേഷിപ്പിക്കാറുണ്ട്. അങ്ങനെ നിരവധി വിശേഷണങ്ങളുള്ളവരാണ് കൗമാരക്കാർ. കൗമാരകാലം പലപ്പോഴും പലർക്കും ബുദ്ധിമുട്ടേറിയതാണ്. കാരണം സ്വതന്ത്രരും ഉത്തരവാദിത്വബോധമുള്ളവരുമായി കാണപ്പെടുമെങ്കിലും യുക്തിപൂർവമായ തീരുമാനങ്ങളെടുക്കുന്നതിലും ജീവിതത്തിലെ അനുഭവപരിചയത്തിന്റെ കാര്യത്തിലും ഇവർക്ക് വലിയ പരിശീലനം ലഭിച്ചിട്ടുണ്ടാകില്ല.
സ്വാതന്ത്ര്യബോധം വളർത്തുക
കൗമാരക്കാരെ പ്രായംകുറഞ്ഞ മുതിർന്നവർ എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. അവരെ ആ രീതിയിൽ വേണം പരിഗണിക്കാൻ. മുതിർന്നവരാണെന്ന ഭാവത്തിൽ പകുതി സമയം പെരുമാറുകയും ബാക്കിസമയം യാതൊരു പാകതയും വന്നിട്ടില്ലാത്തതു പോലെയുമാകും കൗമാരക്കാരുടെ പെരുമാറ്റം. അതുകൊണ്ടുതന്നെ കൗമാരക്കാരെ കൈകാര്യം ചെയ്യുക കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്.
ചെറിയരീതിയിൽ സ്വാതന്ത്ര്യം ഇവർക്ക് അനുവദിച്ച് കൊടുക്കുന്നത് മാതാപിതാക്കളുമായുള്ള കലഹം കുറയ്ക്കാനും അവരിൽ ആത്മാഭിമാനം വളരാനും സഹായിക്കും. ഉദാഹരണമായി പണം ചെലവഴിക്കുന്ന കാര്യം ശ്രദ്ധയോടെ ചെയ്യാൻ ആവശ്യപ്പെടാം. അവരവർക്ക് ആവശ്യമായ ഉച്ചഭക്ഷണം ഒരുക്കാൻ ആവശ്യപ്പെടാം. ഇതിന്റെ ഭാഗമായി ബജറ്റ് തയ്യാറാക്കാനും ഭക്ഷണം തയ്യാറാക്കാനും അവരെ സഹായിക്കാവുന്നതുമാണ്.
പ്രായത്തിന് അനുസരിച്ചുള്ള തീരുമാനമെടുക്കാൻ പഠിപ്പിക്കാം
ഏതുവസ്ത്രം ധരിക്കണം, ഏതു സംഗീതം കേൾക്കണം? എന്തുഭക്ഷണം കഴിക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് തീരുമാനമെടുക്കാൻ പ്രാപ്തരായിരിക്കും കൗമാരക്കാർ. എന്നിരുന്നാലും ചിലപ്പോൾ തീരുമാനങ്ങൾ തെറ്റിപ്പോയെന്നും വരാം. അത്തരം സാഹചര്യങ്ങളിൽ മെച്ചപ്പെട്ട തീരുമാനം കൈക്കൊള്ളാൻ മാതാപിതാക്കൾ അവരെ സഹായിക്കണം. കുട്ടികളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തുക എന്നത് കുട്ടികളെയും രക്ഷിതാക്കളെയും തമ്മിലകറ്റാനേ സഹായിക്കൂ. കുട്ടികളുമായി പരസ്പര ബഹുമാനത്തോടെയുള്ള സംഭാഷണങ്ങൾക്ക് അവസരം കണ്ടെത്തുക. കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുക.
കൗമാരക്കാരെ വിശ്വസിക്കാം
കൗമാരക്കാരെ വിശ്വസിക്കുക എന്നത് കുറച്ച് ദുഷ്കരമായ കാര്യമാണ്. മുതിർന്നവരായെങ്കിൽക്കൂടിയും ചുമതലകളെക്കുറിച്ച് വേണ്ടത്ര അറിവ് ഇവർക്ക് ഉണ്ടായിരിക്കണമെന്നില്ല. കാര്യങ്ങളോടുള്ള അവരുടെ നിഷ്കളങ്കമായ സമീപനം കുട്ടികളെ അപകടകരമായ സാഹചര്യത്തിൽ എത്തിക്കാനിടയുണ്ട്. കൗമാരക്കാർക്ക് സ്വാതന്ത്ര്യം അനുവദിക്കുകയും അവരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുകയും ചെയ്യുക എന്നത് ശ്രമകരമായ ജോലിയാണ്.
ഉദാഹരണത്തിന് അവരെ തനിയെ ഉല്ലാസയാത്ര പോകാൻ അനുവദിക്കുക എന്നത് നല്ലൊരു തുടക്കമാണ്. എന്തുചെയ്യാം എന്ത് ചെയ്തുകൂടാ എന്ന കാര്യത്തിൽ കൃത്യമായ നിർദേശം നൽകുക. ഇവ പാലിക്കപ്പെടുന്നുണ്ടെങ്കിൽ അവരെ വീണ്ടും തനിയെ യാത്രപോകാൻ അനുവദിക്കാവുന്നതാണ്. രക്ഷാകർത്താക്കളും കൗമാരക്കാരും തമ്മിലുള്ള ബന്ധത്തിൽ വിശ്വാസത്തിന്റെ സാന്നിധ്യം ഇതിലൂടെ സൃഷ്ടിക്കാനാകും.
അഭിപ്രായം പ്രകടിപ്പിക്കാൻ അവസരം നൽകുക
ഏതുവിഷയവുമായി ബന്ധപ്പെട്ടതായിക്കോട്ടെ, കുട്ടികൾക്ക് അവരുടെ വികാരവും അഭിപ്രായവും പ്രകടിപ്പിക്കാൻ അവസരം നൽകുക. കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം ദൃഢമാകുന്നതിനുള്ള ഒരു വഴികൂടിയാണിത്. ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെ കുറിച്ചും പോണിനെ കുറിച്ചും ഉത്തേജക മരുന്നുകളെക്കുറിച്ചുമുള്ള കുട്ടികളുമായുള്ള സംസാരത്തിൽ ചിലപ്പോൾ നിങ്ങൾക്ക് നാണക്കേട് തോന്നിയേക്കാം.
എന്നാൽ, കുട്ടികൾക്ക് ഇവയെ കുറിച്ച് ശരിയായ അറിവു നൽകേണ്ടതും ശരിയായ തീരുമാനമെടുക്കാൻ പ്രാപ്തരാക്കേണ്ടതും മാതാപിതാക്കളുടെ ചുമതലയാണ്. ലൈംഗികത, വംശീയത, മതം, മയക്കുമരുന്ന്, മദ്യം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് നിങ്ങൾ വീട്ടിൽ സംസാരിക്കാതിരുന്നാൽ കുട്ടികൾ ഇവയെ കുറിച്ച് അറിയാൻ മറ്റു മാർഗങ്ങൾ സ്വീകരിക്കാനിടയുണ്ട്. ആ സാഹചര്യത്തിന് തടയിടുക.
കുട്ടികൾ വളർച്ചയുടെ വിവിധഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ അവർക്ക് ആവശ്യമായ വൈകാരിക പിന്തുണ ഉറപ്പാക്കുക എന്നത് വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്വമാണ്. ഓരോ വ്യക്തിയും ഓരോ കുഞ്ഞും വ്യത്യസ്തരാണ്. എന്നാൽ, അവരുടെ വൈകാരിക ആവശ്യങ്ങളോടുള്ള നിങ്ങളുടെ തുറന്ന സമീപനം കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള കരുത്തുറ്റ ബന്ധത്തിന് തുടക്കംകുറിക്കും.
(ഓണ്‍ലൈന്‍ അധ്യയന സ്ഥാപനമായ ലേണിങ് അരീനയുടെ സി ഇ ഒയാണ് ലേഖിക)
Read more.....


VIEW ON mathrubhumi.com

READ MORE WOMEN STORIES: