പ്രിയ പിസി, ഫൂലൻദേവിയെയെങ്കിലും വെറുതെ വിടൂ

By: നിലീന അത്തോളി
സ്ത്രീകള്‍ കൈവരിക്കുന്ന വളര്‍ച്ചയുടെ അടിസ്ഥാനത്തിലേ ഞാന്‍ സമുദായത്തിന്റെ പോലും വളര്‍ച്ച അളക്കൂ എന്നാണ് നമ്മുടെ ഭരണഘടനാ ശില്‍പിയായ ബിആര്‍ അംബേദ്കര്‍ പറഞ്ഞത്. ഈ ദീര്‍ഘവീക്ഷണം ഹൃദയത്തിലേറ്റിയാണ് 1992ല്‍ ദേശീയ വനിത കമ്മീഷനും 1996ല്‍ കേരള വനിത കമ്മീഷനും നിലവില്‍ വരുന്നത്. സ്ത്രീകളെ സംബന്ധിക്കുന്ന എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുന്നതിന് അധികാരമുള്ള ഒരു സ്ഥാപനമായാണ് വനിത കമ്മീഷന്‍ അന്നു മുതല്‍ പ്രവര്‍ത്തിക്കുന്നത്.
പുരുഷ കേന്ദ്രീകൃത സാമൂഹിക വ്യവസ്ഥിതിയില്‍ സ്ത്രീകളുടെ പദവി മെച്ചപ്പെടുത്താനുള്ള ഇടപെടല്‍ നടത്തുകയും സ്ത്രീകള്‍ക്കെതിരായ നീതിരഹിതമായ പ്രവര്‍ത്തനങ്ങളില്‍ ഉചിതമായ തീരുമാനങ്ങൾ കൈക്കൊണ്ടു വരികയും ചെയ്യുന്നു വനിതാ കമ്മീഷന്‍. വനിതാ കമ്മീഷന്‍ എന്നെ തൂക്കി കൊല്ലുകയൊന്നുമില്ലല്ലോ എന്നാണ് പി.സി.ജോര്‍ജ്ജ് ചോദിച്ചത്. ഈ ചോദ്യത്തിലൂടെ പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീകളോടുള്ള സാമൂഹിക മനോഭാവം മെച്ചപ്പെടുത്താന്‍ ജനാധിപത്യപരമായി സൃഷ്ടിക്കപ്പെട്ട ഒരു സംവിധാനത്തെ പരിഹസിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. അതുവഴി ജനാധിപത്യത്തോടും സ്ത്രീ മുന്നേറ്റത്തിലൂന്നിയുള്ള ഒരു സാമൂഹിക വികസനത്തോടും അദ്ദേഹം പുറംതിരിഞ്ഞു നില്‍ക്കുന്നു.
രാഷ്ട്രീയബോധമുള്ള ഒരു രാഷ്ട്രീയക്കാരനില്‍ നിന്ന് ഒരിക്കലും വരാന്‍ പാടില്ലാത്ത മാപ്പര്‍ഹിക്കാത്ത പരിഹാസം. വനിതാ കമ്മീഷന്‍ തന്നെ തൂക്കിക്കൊല്ലുമോ എന്നും അല്‍പം ഉള്ളി കാട്ടിയാല്‍ കരയാമായിരുന്നു എന്നും പരിഹസിച്ച പി.സി ജോര്‍ജ് തനിക്ക് നോട്ടീസയച്ചാല്‍ സൗകര്യമുള്ള സമയത്ത് ഹാജരാകുമെന്നാണ് പരസ്യമായി പറഞ്ഞത്. സ്ത്രീകള്‍ക്കെതിരെയുള്ള നീതി നിഷേധത്തിനെതിരെ ജാഗ്രത പുലര്‍ത്താന്‍ കെല്‍പുള്ള വനിതാ കമ്മീഷന്‍ എന്ന ജനാധിപത്യ സംവിധാനത്തിനു മുന്നില്‍ സൗകര്യമുള്ളപ്പോൾ ഹാജരാകുമെന്ന് പറയുന്നതിലൂടെ കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയും അധിക്ഷേപിച്ചിരിക്കുന്നു പി.സി.ജോര്‍ജ്ജ്.
നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ദിലീപിനെ പിന്തുണച്ചു കൊണ്ട് പി.സി.ജോര്‍ജ്ജ് നടത്തിയ പ്രസ്താവനകളാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. 'ക്രൂരമായി ആക്രമിക്കപ്പെട്ട നടിയെങ്ങനെ രണ്ടു ദിവസം കഴിഞ്ഞ് ഷൂട്ടിങ്ങിനു പോയി, ഏതാശുപത്രിയിലാണ് അവര്‍ ചികില്‍സ തേടിയത്' എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ക്രൂരമായി ആക്രമിക്കപ്പെട്ട നടിയെ പരിഹസിക്കുകയല്ല പകരം ദിലീപിനെ പ്രതിരോധിക്കുകയാണ് താന്‍ ചെയ്തതെന്നായിരുന്നു അദ്ദേഹം പിന്നീട് തന്റെ പ്രസ്താവനയെ ന്യായീകരിച്ചത്. എത്ര നിസ്സാരമായാണ് തീര്‍ത്തും സ്ത്രീ വിരുദ്ധമായ വാക്കുകളെ അദ്ദേഹം ലഘൂകരിച്ചു കാണാന്‍ ശ്രമിച്ചത്. അദ്ദേഹം ഉദ്ദേശിച്ചതെന്തോ ആവട്ടെ, പക്ഷെ ഉദ്ദേശിച്ച കാര്യം തീര്‍ത്തും സ്ത്രീ വിരുദ്ധമായി പരിണമിച്ചതിനെയാണ് സാംസ്‌കാരിക കേരളം വിമര്‍ശിച്ചതും ആ വിമര്‍ശനത്തെ ഗൗരവമായി കണ്ട് വനിതാ കമ്മീഷന്‍ കേസെടുത്തതും.
ലൈംഗികാതിക്രമം നേരിട്ടു എന്ന് തുറന്നു പറയാനുള്ള ആര്‍ജ്ജവം ഇപ്പോൾ പോലും കേരളത്തിലെ സ്ത്രീകൾ പൂർണ്ണമായി കൈവരിച്ചിട്ടില്ല. ലൈംഗികമായി ആക്രമിക്കപ്പെട്ടു എന്നു പറയുന്നത് മാനം ഭംഗിക്കപ്പെടുന്ന വിഷയമാണെന്നാണ് പല പെണ്‍കുട്ടികളെയും കുടുംബവും സമൂഹവും പഠിപ്പിക്കുന്നത്. ബലാത്സംഗത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്ന സ്ത്രീ കഥാപാത്രങ്ങളെ മഹത്വവത്കരിച്ച എത്രയെത്ര സിനിമകള്‍ പുറത്തു വന്നിരിക്കുന്നു. ആ സിനിമകളും സമീപനങ്ങളും സ്ത്രീ സമൂഹത്തില്‍ ആഴത്തിലേല്‍പിച്ച ചട്ടങ്ങളില്‍ നിന്ന് സ്ത്രീകള്‍ പുറത്ത് വന്ന തുടങ്ങിയിട്ടേയുള്ളൂ, അതിന്റെ ശുഭസൂചനയാണ് പരാതിയുമായി മുന്നോട്ടു വന്ന ആക്രമിക്കപ്പെട്ട നടി. ഒരു വലിയ ചരിത്രപരമായ ദൂരം ഈ വിഷയത്തില്‍ നിലനില്‍ക്കെ ഈ നിയമം ദുരുപയോഗം ചെയ്യുന്നു എന്ന തരത്തില്‍ ഉയരുന്ന ചര്‍ച്ചകളെ സമൂഹ മധ്യത്തിലേക്കിട്ട് തീര്‍ത്തും സ്ത്രീവിരുദ്ധമായ സാമൂഹ്യാന്തരീക്ഷത്തിനാണ് പി സി ജോര്‍ജ്ജ് കോപ്പു കൂട്ടുന്നത്.
അഴിമതി വിരുദ്ധ നിയമവും, സ്വത്തവകാശ നിയമവും, വിവരാവാകാശ നിയമവുമെല്ലാം ദുരുപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍ ആ നിയമങ്ങള്‍ ദുരുപയോഗപ്പെടുത്തുമ്പോൾ ഇല്ലാത്ത ഭയവും ജാഗ്രതയും ഈ നിയമത്തില്‍ മാത്രം ദര്‍ശിക്കുന്നതെന്തേ എന്ന് ചോദിക്കാതിരിക്കാനാവുന്നില്ല. അത്രയും അരക്ഷിതരോ കേരളത്തിലെ പുരുഷ സമൂഹം. 2016ൽ ദിവസം 7സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ട കേരളത്തിൽ ഒരു സ്ത്രീ അത് ദുരുപയോഗം ചെയ്തു എന്ന് പറയുന്നതിലൂടെ സ്ത്രീസമൂഹത്തെ ഒന്നടങ്കം ആക്ഷേപിക്കുകയല്ലേ പിസി ജോര്‍ജ്ജ് ചെയ്തത്.
ഫൂലൻദേവിയെയും വെറുതെ വിടില്ല
ഹൃദയശുദ്ധിയുള്ളവര്‍ പോലീസിലുള്ളതുപോലെ ഫൂലന്‍ ദേവിയെപ്പോലെയുള്ളവരും ആ സേനയിലുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞ മറ്റൊരു പ്രസ്താവന. ഫൂലന്‍ദേവിയെപ്പോലെ നിരപരാധികളുടെ ജീവിതം തകര്‍ത്തവരാണ് ഇതേ പോലീസുകാര്‍ എന്ന് മറ്റൊരു അഭിപ്രായ പ്രകടനവും നടത്തുകയുണ്ടായി. ഫൂലന്‍ ദേവി ആരാണെന്ന സാമാന്യ വിവരമുള്ള ഒരാള്‍ ഇത്തരമൊരു താരതമ്യത്തിന് മുതിരില്ല..
21 പകലും രാത്രിയും തന്നെ ബലാത്സംഗം ചെയ്ത പുരുഷന്‍മാരെ കൊല്ലാനുള്ള പ്രതികാരാഗ്നിയിൽ തോക്കെടുത്തവളാണ് ഫൂലന്‍ദേവി. ബലാത്സംഗത്തിനിരയാവുന്ന സ്ത്രീകളെ സംരക്ഷിക്കാന്‍ നിയമങ്ങളോ മറ്റ് ജനാധിപത്യ സംവിധാനങ്ങളോ ശക്തമായ ഇടപെടലുകള്‍ നടത്താതിരുന്ന കാലത്താണ് ഫൂലന്‍ ദേവിയ്ക്ക തോക്കേന്തേണ്ടി വന്നത്.
വിഷയത്തിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടപെടുകയും തൂക്കിക്കൊല്ലില്ലെന്ന മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉറപ്പിന്‍മേലുമാണ് 1983ല്‍ ഫൂലന്‍ ആയുധം വെച്ച് കീഴടങ്ങിയതെന്ന് പറയപ്പെടുന്നു. രണ്ട് തവണ ലോക്‌സഭയിലേക്ക് മത്സരിച്ച ജനപ്രതിനിധി കൂടിയാണവര്‍. അടിച്ചമർത്തപ്പെട്ടവരുടെ അഗ്നിയിൽ കുരുത്ത ഫെമിനിസ്റ്റായി പോലും അവരെ വാഴ്ത്തുന്ന സമൂഹത്തോടാണ് ഫൂലൻ ദേവിയെ നികൃഷ്ടയാക്കി കൊണ്ടുള്ള പിസി ജോർജ്ജിന്റെ താരതമ്യം.
'കേരളം പുരുഷ പീഡന സമൂഹം'
കേരളം ഏറ്റവും കൂടുതല്‍ പുരുഷ പീഡനം നടക്കുന്ന സമൂഹമാണെന്നാണ് പിസി പറഞ്ഞ മറ്റൊരു കാര്യം. ഇന്ത്യയില്‍ ഓരോ 20 മിനുട്ടിലും ഒരു സ്ത്രീ വീതം ബലാത്സംഗം ചെയ്യപ്പെടുന്നു എന്ന കണക്കുകളില്‍ കേരളം അത്ര പുറകിലല്ലെന്ന് വാര്‍ത്തകള്‍ പിസി ജോര്‍ജ്ജ് കേട്ടില്ലെന്നുണ്ടോ. നിര്‍ഭയയ്ക്ക് ശേഷമുള്ള ശക്തമായ നിയമനിര്‍മ്മാണം നടന്നതിന് ശേഷവും 2016ല്‍ കേരളത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2568 ബലാത്സംഗക്കേസുകളാണ്. അതായത് പ്രതിദിനം 7 സ്ത്രീകൾ കേരളത്തിൽ ബലാത്സംഗത്തിനിരയായി. ഇതില്‍ 1644 പേര്‍ സ്ത്രീകളും 924 പേര്‍ കുട്ടികളുമാണ്. യഥാക്രമം 1263, 720 എന്ന 2015ലെ കണക്കിനേക്കാള്‍ കൂടുതലാണിത്.
നിലവിലെ അവസ്ഥയിലാണ് ഇന്ത്യയിലെ സ്ത്രീ സമൂഹത്തിന്റെ പോക്കെങ്കില്‍ ലിംഗ സമത്വം എന്ന ആശയത്തിലെത്താന്‍ 2181 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് വേള്‍ഡ് എക്കണോമിക് ഫോറം റിപ്പോർട്ടിലുള്ളത്. അപ്പോഴാണ് 2180 അല്ല 3000 വരെ കാത്തിരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന തീര്‍ത്തും സ്ത്രീ വിരുദ്ധ ആഹ്വാനങ്ങള്‍ക്ക് മാത്രമായി പിസി വായ തുറക്കുന്നത്.
ഒരു സ്വയം കല്‍പ്പിത തമ്പുരാട്ടിയുടേയോ ഏതാനും തമ്പുരാട്ടിമാരുടെയോ തിട്ടൂരത്തിനോ ഭയപ്പെടുത്തലിനോ വഴങ്ങി ഈ ജന്മം ഈശ്വരനെയല്ലാതെ ആരെയും പേടിച്ചു ജീവിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് അദ്ദേഹം പരസ്യമായി പറഞ്ഞത്. നിങ്ങള്‍ ഈശ്വരനെ വിശ്വസിക്കുന്നോ പേടിക്കുന്നോ എന്നത് ഞങ്ങള്‍ക്ക് വിഷയമല്ല പക്ഷെ നിങ്ങള്‍ സ്ത്രീകളെ ആക്ഷേപിക്കുന്നതും പരിഹസിക്കുന്നതും നിര്‍ത്തിയേ മതിയാവൂ. കാരണം സ്വയം പ്രഖ്യാപിത ദൈവഭക്തനില്‍ നിന്ന് സ്ത്രീകളെ അപമാനിക്കുന്നവനിലേക്കുള്ള ദൂരം തെല്ലകലെയല്ല എന്ന് കേരളത്തിലെ സ്ത്രീ സമൂഹം ഉറച്ചു വിശ്വസിക്കുന്നു.
ആക്രമിക്കപ്പെട്ട നടിയോട് കോടതി ചോദിക്കേണ്ട മനം മടുപ്പിക്കുന്ന ചോദ്യങ്ങള്‍ നിരന്തരം ഉന്നയിച്ച പിസി ജോര്‍ജ്ജ് ഒരു ചികിത്സക്കും വശംവദമാകാന്‍ കൂട്ടാക്കാത്ത ഒരു സ്ഥൂലരോഗപിണ്ഡമായി മാറിക്കഴിഞ്ഞുവെന്ന ശാരദക്കുട്ടിയുടെ അഭിപ്രായത്തോട് പുരോഗമന സ്വഭാവമുള്ള കേരളം ഐക്യപ്പെടുന്നത് പിസി ജോർജ്ജ് ഇനിയും കാണാതെ പോവരുത്.
'ഫെമിനിസ്റ്റ് കൊച്ചമ്മമാര്‍', 'തമ്പുരാട്ടിമാര്‍', 'വനിത കമ്മീഷന്‍ തൂക്കിക്കൊല്ലുകയൊന്നുമില്ലല്ലോ' എന്നീ സ്ത്രീ സമൂഹത്തെ ഒന്നടങ്കം വകവെക്കാത്ത പ്രസ്താവനകള്‍ പുറപ്പെടുവിച്ച പിസി ഇനിയെങ്കിലും നാക്ക് ചുരുട്ടി മടക്കി വെക്കണം. ഇല്ലെങ്കിൽ സ്ത്രീ സൗഹൃദ, സ്ത്രീ മുന്നേറ്റ സമൂഹം സൃഷ്ടിച്ചെടുക്കുന്ന പുതിയ കാലഘട്ടത്തില്‍ നിങ്ങളെന്ന രാഷ്ട്രീയക്കാരന്‍ അപ്രസക്തനാവും.


VIEW ON mathrubhumi.com