ഗുരുവായൂരിലെ പെണ്‍കുട്ടിയും വെര്‍ച്വല്‍ ലോകവും

By: ആര്‍.ഹരി
രിത്രത്തില്‍ ആദ്യമായല്ല കേരളത്തില്‍ നിശ്ചയിച്ചുറപ്പിച്ച ഒരു കല്യാണം മുടങ്ങുന്നത് , വിവാഹദിനം പെണ്‍കുട്ടി കാമുകനൊപ്പം ഇറങ്ങിപ്പോകുന്നത്. പിന്നെ എന്തുകൊണ്ടാണ് ഇനിയൊരിക്കലും പുറത്തിറങ്ങാനാകാത്തവിധം ആ പെണ്‍കുട്ടിയെ സമൂഹമാധ്യമങ്ങള്‍ ആഘോഷിക്കുന്നത്? ഉത്തരം ഒന്നേയുള്ളു സാഡിസം. അന്യന്റെ പതനം നല്‍കുന്ന ആനന്ദം.
വിവാഹദിനത്തില്‍ കാമുകനൊപ്പം ഇറങ്ങിപ്പോകുന്നതിന് മുമ്പ് അവള്‍ നൂറാവര്‍ത്തി അതേ കുറിച്ചുചിന്തിച്ചുവെന്നോ, അവള്‍ തന്റെ പ്രണയത്തെ കുറിച്ച് മാതാപിതാക്കളോടോ, പ്രതിശ്രുതവരനോടോ പറഞ്ഞിരുന്നുവെന്നോ; അതല്ല ആരോടും ഒന്നും പറയാതെ തന്റെ പ്രണയത്തിന് പിറകേ ഇറങ്ങിപ്പോകാന്‍ അവള്‍ തീരുമാനിക്കുകയായിരുന്നോ എന്നുള്ളതെല്ലാം ഇവിടെ അപ്രസക്തമാണ്.
അവള്‍ പ്രണയിക്കുകയാണ് ചെയ്തത്. അല്ലാതെ മോഷണമോ, പിടിച്ചുപറിയോ, കൊലപാതകമോ പോലെയുള്ള കുറ്റകൃത്യമല്ല. ഇത്തരത്തിലുള്ള ജനകീയ വിചാരണ അവളര്‍ഹിക്കുന്നില്ല തന്നെ. അവളുടെ മാതാപിതാക്കളുടെ ദു:ഖത്തില്‍ പങ്കുചേര്‍ന്നതായി അഭിനയിച്ച് സമൂഹമാധ്യമങ്ങളിലൂടെ അവളെ തേപ്പുകാരിയായി ചിത്രീകരിക്കുമ്പോള്‍, അവളുടെ ചിത്രം ഒരു ലജ്ജയും കൂടാതെ, മന:സാക്ഷിക്കുത്തില്ലാതെ പ്രചരിപ്പിക്കുമ്പോള്‍ നാളെയും അവളുടെ കുടുംബത്തിന് പുറത്തിറങ്ങി നടക്കണമെന്ന് എത്രപേര്‍ ചിന്തിച്ചിരിക്കാം? (നടന്നതിന്റെ നിജസ്ഥിതി പ്രചാരകരില്‍ എത്രപേര്‍ക്കറിയാം)
സ്വകാര്യതയെ മാനിക്കാതെ സമൂഹമാധ്യമങ്ങളില്‍ ഒരു വ്യക്തിയുടെ ചിത്രം പ്രചരിപ്പിക്കുകയും അവരെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യാന്‍ ശ്രമിക്കുന്നത് വഴി ഒരു സൈബര്‍ ക്രൈമാണ് യഥാര്‍ത്ഥത്തില്‍ സമൂഹം ചെയ്തിരിക്കുന്നത്. ഇവിടെ വിചാരണ നേരിടേണ്ടത് ആ പെണ്‍കുട്ടിയല്ല വെര്‍ച്വല്‍ ലോകമാണ്‌. സമൂഹമാധ്യമം എന്നാല്‍ എന്താണെന്നും അതെങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് അറിയാത്ത നമ്മളോരോരുത്തരുമാണ്. എന്തിനും വിദേശീയരെ മാതൃകയാക്കുന്ന നമ്മള്‍ അവരില്‍ നിന്ന് അവശ്യം കണ്ടുപഠിക്കേണ്ട ഒന്നാണ് വെര്‍ച്വല്‍ ലോകത്ത് അവര്‍ നടത്തുന്ന മാന്യമായ ഇടപെടലുകള്‍. അന്യരുടെ മാനത്തെ വിലയിടിച്ച് കാണിക്കാനുള്ള ഒന്നായിരിക്കരുത് നിങ്ങളുടെ ടൈംലൈനുകളും വാളുകളും.
നവമാധ്യമങ്ങളിലൂടെ തെറിവിളിച്ച് രോഷപ്രകടനം നടത്തുന്ന ജനതയില്‍ ഒരുപക്ഷേ മുമ്പില്‍ മലയാളികള്‍ തന്നെയായിരിക്കും. സച്ചിനെ അറിയില്ലെന്ന് പറഞ്ഞ ഷറപ്പോവയില്‍ നിന്നുതുടങ്ങിയതാണ് ആ ചരിത്രം. ഒരു തരം അഴിഞ്ഞാട്ടം. തനിക്കിഷ്ടമല്ലാത്തതിനെ വിമര്‍ശിച്ചും പുച്ഛിച്ചും തെറിവിളിച്ചും ഇല്ലാതാക്കുമെന്ന ധാര്‍ഷ്ട്യം. ഇരയെ കാത്തിരിക്കുന്ന വേട്ടക്കാരനെപ്പോലെയാണ് സൈബര്‍ ഇടത്തിലെ ഇത്തരക്കാര്‍. അവിടെ സെലിബ്രിറ്റിയെന്നോ, സാധാരണക്കാരനെന്നോ, സ്ത്രീയെന്നോ, പുരുഷനെന്നോ, കുട്ടിയെന്നോ വ്യത്യാസമില്ല..
വീണുകിട്ടുന്ന നിസ്സാര അവസരങ്ങള്‍ വരെ പാഴാക്കാതെ തങ്ങളുടെ പ്രാഗത്ഭ്യം അവര്‍ തെളിയിക്കും. പക്ഷേ തെളിയുന്നത് ഒരോരുത്തരുടേയും യഥാര്‍ത്ഥമുഖമാണ്. മറ്റൊരാളെ അപഹസിക്കാന്‍ ശ്രമിച്ച് സ്വയം അപഹാസ്യരാകുന്നവരുടെ മുഖം. സദാചാരസംരക്ഷകരായും സാംസ്‌കാരികസമ്പന്നരായും മേനിനടിക്കുന്നവരുടെ സൈബര്‍ സംസ്‌കാരം.
മലയാളി പഠിക്കേണ്ടിയിരിക്കുന്നു, മറ്റൊരാളുടെ സ്വകാര്യതയെ മാനിക്കാന്‍ സമൂഹമാധ്യമങ്ങളെ സര്‍ഗാത്മകമായി ഉപയോഗിക്കാന്‍..


VIEW ON mathrubhumi.com