കാഞ്ചി കാമാക്ഷിയമ്മൻ മാരിയമ്മൻക്ഷേത്രത്തിൽ നവരാത്രിയാഘോഷം തുടങ്ങി

മാനന്തവാടി : ജില്ലയിലെ ഏക നവഗ്രഹക്ഷേത്രമായ മാനന്തവാടി കാഞ്ചി കാമാക്ഷിയമ്മൻ മാരിയമ്മൻ ക്ഷേത്രത്തിൽ നവരാത്രിയാഘോഷം തുടങ്ങി. ജില്ലയിൽ ഏറ്റവും വലിയ നവരാത്രിയാഘോഷം നടക്കുന്ന ക്ഷേത്രംകൂടിയാണിത്.
ഞായറാഴ്ച രാവിലെ വിവിധപൂജകൾ തുടങ്ങി. വൈകീട്ട് ക്ഷേത്രപരിസരത്തുനിന്ന് തുടങ്ങി നഗരം ചുറ്റി നടത്തിയ വിളംബരറാലി ക്ഷേത്രത്തിൽ സമാപിച്ചു. നവരാത്രിയുത്സവത്തിന് തന്ത്രി വടക്കേ കോറമംഗലം കൃഷ്ണൻനമ്പൂതിരി കൊടിയേറ്റി. എല്ലാ ദിവസവും പതിവുപൂജകളും ചൊവ്വാഴ്ചമുതൽ ഉത്സവം തീരുന്നതുവരെ ഉച്ചയ്ക്ക് അന്നദാനമുണ്ടാകും.
16-ന് വൈകീട്ട് നാലിനു സുമംഗലീപൂജ. 18-ന് വൈകീട്ട് നാലിനു ഗ്രന്ഥംവെപ്പ്. രാത്രി ഏഴിനുള്ള സാംസ്കാരികസമ്മേളനം മാനന്തവാടി നഗരസഭാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്യും. ഉഷാ വിജയൻ എം.എൽ.എ. മുഖ്യാതിഥിയാകും. തുടർന്ന് കലാവിരുന്ന്. ദുർഗാഷ്ടമി ദിനമായ 19-ന് വൈകീട്ട് 5.30-ന് താഴെയങ്ങാടി മാരിയമ്മൻ ക്ഷേത്രത്തിൽനിന്ന് എരുമത്തെരുവ് കാഞ്ചി കാമാക്ഷിയമ്മൻ മാരിയമ്മൻ ക്ഷേത്രത്തിലേക്ക് താലപ്പൊലിയുടെ അകമ്പടിയോടെ കരകം എഴുന്നള്ളിപ്പ്. രാത്രി 7.30-ന് കലാവിരുന്ന്, 9.30-ന് ഗാനമേള.
മഹാനവമിദിനത്തിൽ വൈകീട്ട് നിറമാല, ആയുധ, വാഹനപൂജകൾ. തുടർന്ന് ക്ഷേത്രത്തിലേക്ക് മാവിളക്ക് വരവേൽപ്പ്. 7.30-ന് സിനിമാറ്റിക് ഡാൻസ്, 9.30-ന് ഗാനമേള. വിജയദശമിദിനമായ 21-ന് രാവിലെ ഏഴുമുതൽ ക്ഷേത്രം മേൽശാന്തി അരുൺ ശർമയുടെ നേതൃത്വത്തിൽ കുട്ടികളെ എഴുത്തിനിരുത്തും.
വൈകീട്ട് ചിറക്കൽ കാളിദാസൻ, മരുതൂർകുളങ്ങര മഹാദേവൻ എന്നീ ഗജരാജന്മാരുടെ അകമ്പടിയോടെ രഥഘോഷയാത്ര. പുരാണ കഥാപാത്രങ്ങളെ അനുസ്മരിച്ചുള്ള പ്ലോട്ടുകൾ ഘോഷയാത്രയിലുണ്ടാവും. മാരിയമ്മയുടെ അനുഗ്രഹം വാങ്ങിയശേഷം എഴുന്നള്ളത്ത് അമ്പുകുത്തിയിലെത്തും. ഇവിടെ വാഴവെച്ച് അതിൽ അമ്പുകുത്തി ഒറ്റച്ചെണ്ടയടിച്ച് ക്ഷേത്രത്തിലേക്ക് മടങ്ങും.
വാഴയിൽ അമ്പുകുത്തുന്നത് ദേവി മഹിഷാസുരനെ നിഗ്രഹിക്കുന്നതായാണ് കണക്കാക്കുന്നത്.
ഉത്സവാഘോഷക്കമ്മിറ്റി പ്രസിഡന്റ് നിഥീഷ് ലോകനാഥൻ, സെക്രട്ടറി വി.സി. ജ്യോതിഷ്, ക്ഷേത്ര സമുദായക്കമ്മിറ്റി പ്രസിഡന്റ് എം.ജി. അനിൽകുമാർ, സെക്രട്ടറി എം.ആർ. അശോകൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.