ദളിത് യുവാക്കള്‍ക്ക് മര്‍ദനം: ഗുണ്ടാസംഘത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും
ദളിത് യുവാക്കളെ ആക്രമിച്ച്, കാറില്‍ തട്ടിക്കൊണ്ടുപോയ ഗുണ്ടാസംഘത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും. യൂത്ത് കോണ്‍ഗ്രസ് പുല്‍പള്ളി മണ്ഡലം പ്രസിഡന്റ് കാപ്പിക്കുന്ന് പാറപ്പുറത്ത് ടോണി തോമസ്, പുല്‍പള്ളി ഗ്രാമപ്പഞ്ചായത്തിലെ പ്രതിപക്ഷ അംഗത്തിന്റെ മകന്‍ ശ്രദ്ധഖ്, അഭിലാഷ് ജോര്‍ജ്, ശരത്ത്, റെനി എന്നിവരെയാണ് പോലീസ് കേസില്‍ പുതുതായി പ്രതി ചേര്‍ത്തത്. ഇവരെല്ലാം നിലവില്‍ ഒളിവിലാണുള്ളത്. പ്രതികള്‍ക്കെതിരേ ജാമ്യമില്ലാവകുപ്പുപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഈ കേസില്‍ ആദ്യംഅറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടോണിയുടെ സഹോദരന്‍ ജിത്തു(26)വും മീനംകൊല്ലി തെറ്റിക്കോട്ടില്‍ ടി.ജെ. ബിജോബിന് (24) നും നിലവില്‍ റിമാന്‍ഡിലാണ്. ഗുണ്ടകള്‍ യുവാക്കളെ മര്‍ദിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുടെ പങ്ക് പുറത്തായത്. ഇതോടെയാണ് പോലീസ് അഞ്ച്‌പേരെക്കൂടി കേസില്‍ പ്രതിചേര്‍ത്തത്.