'പുത്തന്‍തോപ്പ് അമ്മ'മാര്‍ പറയുന്നു സൂംബ സൂപ്പറാാാാാ......
തിരുവനന്തപുരം: പ്രായം കൊണ്ടവര്‍ മുട്ടുകുത്തിച്ചു സൂംബാഡാന്‍സിനെ. ശരീരം കൊണ്ടല്ലാ മനസുകൊണ്ടാണ് 'പുത്തന്‍തോപ്പിലെ അമ്മ' മാര്‍ സൂംബയ്ക്കായി ഓരോ ചുവടും വയ്ക്കുന്നത്. അന്യഭാഷാ ഗാനങ്ങള്‍ക്ക് പകരം മലയാളഗാനങ്ങളാണ് സൂംബയ്‌ക്കൊപ്പം ഇവര്‍ക്ക് പ്രിയം. പുത്തന്‍തോപ്പിലെ ജയ്ഹിന്ദ് വായനശാലയുടെ നേതൃത്വത്തിലാണ് വീട്ടമ്മമാരെ സൂംബാ ഡാന്‍സ് പരിശീലിപ്പിക്കുന്നത്.
പള്ളിത്തുറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപിക സ്റ്റെഫിന്‍ ജോണ്‍ ആണ് പരിശീലക. ജയ്ഹിന്ദ് വായനശാലയുടെ വനിതാവേദിയെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെയ് മാസത്തില്‍ സൂംബാ പരിശീലനം തുടങ്ങിയത്. തൊഴിലുറപ്പിനും മറ്റ് ജോലികള്‍ക്കും പോകുന്ന സാധാരണക്കാരായ സ്ത്രീകള്‍ സൂംബയില്‍ പങ്കെടുക്കുമോയെന്ന ആശങ്കയായിരുന്നു വായനശാലാ അധികൃതര്‍ക്ക്. എന്നാല്‍ 20 പേരില്‍ തുടങ്ങിയ ക്ലാസ് മൂന്നുമാസം പിന്നിട്ടപ്പോള്‍ അറുപതിനോടടുത്തു. പരിശീലനത്തിനെത്തുന്നവരിലേറെയും 45-ന് മുകളില്‍ പ്രായമുള്ളവര്‍. ശാരീരികമായി വലിയ ആയാസമുണ്ടാക്കാത്ത രീതിയില്‍ കൃത്യമായ ഇടവേളകള്‍ നല്‍കിയാണ് പരിശീലനം. ജീവിതത്തിലെ കൊച്ചു സന്തോഷങ്ങളെല്ലാം ഈ സമയത്താണ് അവര്‍ പങ്കുവയ്ക്കുന്നത്. ആഘോഷവേളകള്‍ക്കായി സൂംബ കഴിഞ്ഞുള്ള സമയം മാറ്റിവയ്ക്കും. ശാരീരികമായ ബുദ്ധിമുട്ടുകളൊന്നും പരിശീലന സമയത്ത് തോന്നാറേയില്ലെന്ന് അമ്മമാര്‍ പറയുന്നു. മലയാളത്തിലെ നിത്യഹരിതഗാനങ്ങളും അടിച്ചുപൊളി ഗാനങ്ങളുമാണ് സൂംബയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. സ്വന്തം ഭാഷയിലെ ഇഷ്ടഗാനങ്ങളാകുമ്പോള്‍ ഊര്‍ജവും ആവേശവും ഏറെയെന്ന് പരിശീലക സ്റ്റെഫിന്‍ പറയുന്നു. വായനശാല പ്രസിഡന്റ് സ്റ്റീഫന്‍ ഡിസില്‍, സെക്രട്ടറി സേവ്യര്‍ എന്നിവര്‍ എല്ലാവിധ പിന്തുണയുമായി ഇവര്‍ക്കൊപ്പമുണ്ട്.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് ആറുമുതല്‍ ഏഴുവരെയാണ് 'സൂംബാ ടൈം'. പരിശീലനം. 65 വയസുള്ളവര്‍ പോലും ആവേശത്തോടെ ഇവിടെയത്തുന്നു. എല്ലാ ദിവസവും പരിശീലനം വേണമെന്നാണ് ഈ അമ്മമാരുടെ ആവശ്യം. ക്ലാസില്ലാത്ത ദിവസങ്ങളില്‍ വീട്ടുജോലിയ്ക്കിടെ പാട്ടുവച്ച് പരിശീലിക്കും. മനസ് പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ആരുടെയും അനുവാദത്തിനായി കാത്തുനില്‍ക്കേണ്ടതില്ലെന്നാണ് പഠിതാക്കള്‍ക്ക് പറയാനുള്ളത്. അര്‍ബുദം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളേറെയുള്ളവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ജീവിതത്തെ ശുഭാപ്തിവിശ്വാസത്തോടെ നേരിടാന്‍ സൂംബ ഇവര്‍ക്കൊരു കാരണമാണ്. കഠിനമായ വ്യായാമങ്ങളില്ലാതെ തന്നെ ശരീരത്തെ 'ഫിറ്റാക്കി' നിര്‍ത്തിച്ചാന്‍ സൂംബ സഹായിക്കുമെന്നാണ് ഇവരുടെ അനുഭവ സാക്ഷ്യം. ജീവിതത്തില്‍ എവിടെയൊക്കെയോ നഷ്ടപ്പെട്ട സൗഹൃദങ്ങള്‍, ഉല്ലാസങ്ങള്‍, ഊര്‍ജസ്വലത എന്നിവയെല്ലാം തിരിച്ചുകിട്ടിയ സന്തോഷമാണ് ഓരോരുത്തര്‍ക്കും. സൂംബാ ഡാന്‍സുമായി വേദികളില്‍ സജീവമാകാന്‍ ഒരുങ്ങുകയാണിവര്‍.
Inshort | Women in Kerala find joy and fitness through Zumba. This empowering initiative promotes health and community.