ചുറ്റും വീടുകൾ, നവജാതശിശുക്കളെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയെന്ന് വിശ്വസിക്കാനാവാതെ നാട്ടുകാർ

തൃശൂർ പുതുക്കാട് നവജാതശിശുക്കൾ അമ്മയുടെ കൈകളാൽ കൊല്ലപ്പെട്ടന്ന വാർത്തയുടെ ഞെട്ടലിലാണ് നാട്ടുകാർ. കൊടകര നൂലുവള്ളി സ്വദേശിയായ അനീഷയുമായി പ്രണയബന്ധത്തിലായിരുന്നെന്നും ഈ ബന്ധത്തിൽ പിറന്ന രണ്ട് കുട്ടികൾ മരിച്ചെന്നും വ്യക്തമാക്കി ആമ്പല്ലൂർ സ്വദേശിയായ ഭവിൻ പുതുക്കാട് പോലീസ് സ്റ്റേഷനിൽ എത്തുന്നതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തെളിവായി കുഞ്ഞുങ്ങളുടെ അസ്ഥി ബാഗിലാക്കിയാണ് ഭവിൻ ഞായറാഴ്ച പുലർച്ചെ സ്റ്റേഷനിൽ എത്തിയത്.

വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ച അനീഷ ആദ്യത്തെ കുഞ്ഞിനെ സ്വന്തം വീട്ടുമുറ്റത്തും രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹം ഭവിന്റെ സഹായത്തോടെ ഭവിന്റെ വീടിന്റെ പരിസരത്തുമാണ് സംസ്കരിച്ചത്. ചുറ്റും വീടുകളുള്ള പ്രദേശത്ത് ഗർഭകാലവും പ്രസവവുമെല്ലാം അനീഷയ്ക്ക് എങ്ങനെ ഒളിച്ചുവെക്കാനായെന്നതാണ് ഞെട്ടിക്കുന്ന കാര്യമെന്ന് പ്രദേശവാസികൾ പറയുന്നു. അതേസമയം, ചില അയൽക്കാർക്ക് ഇതേക്കുറിച്ച് ചില സംശയങ്ങളും ഉണ്ടായിരുന്നു.

അനീഷയുടെയും ഭവിന്റെയും വീടുകളിൽ ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഇവയുടെ ശാസ്ത്രീയ പരിശോധനയാണ് കേസിൽ നിർണായകമാവുക.

Content Highlights: Shocking incident in Thrissur`s Pudukkad where a mother allegedly killed her newborns