പ്രധാനപ്പെട്ട മൂന്ന് സ്റ്റേഡിയങ്ങൾ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ, ആകെ 14 എണ്ണം; അറിയാം കായിക മേളയിലെ വേദികൾ

സംസ്ഥാന സ്കൂൾ കായിക മേള കൊടിയേറാൻ ഇനി മണിക്കൂറുകൾ മാത്രം. ഒക്ടടോബർ 21 മുതൽ 28 വരെ നടക്കുന്ന കായിക മാമാങ്കത്തെ വരവേൽക്കാൻ തലസ്ഥാന നഗരി ഒരുങ്ങിക്കഴിഞ്ഞു. ജില്ലയിലെ 14 വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ്റെ സമീപത്ത് തന്നെയാണ് തമ്പാനൂർ ബസ് സറ്റാൻഡ്. ഓട്ടോ, ടാക്സി സൗകര്യങ്ങളും തൊട്ടടുത്തുണ്ട്. ഒരു കിലോമീറ്റർ അകലെയായി കിഴക്കേക്കോട്ട ബസ് ഡിപ്പോയുമുണ്ട്.

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് പ്രധാനപ്പെട്ട മൂന്ന് സ്റ്റേഡിയങ്ങളുമുള്ളത്. വടംവലി, കബഡി, കരാട്ടെ തുടങ്ങിയ മത്സരയിനങ്ങൾ നടക്കുന്ന പ്രധാനവേദിയായ സെൻട്രൽ സ്റ്റേഡിയം റെയിൽവേ സ്റ്റേഷനിൽ നിന്നും 1.5 കിലോമീറ്റർ ദൂരത്തിലാണ്. അതിലറ്റിക്‌സ് മത്സരങ്ങൾ നടക്കുന്ന ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലേയ്ക്കുള്ള ദൂരം 2.8 കിലോമീറ്ററാണ്. ഇൻക്ലൂസീവ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന യൂണിവേഴ്സിറ്റി സ്റ്റേഡിയവും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയവും തമ്മിലുള്ള അകലം 500 മീറ്റർ മാത്രമാണ്.

ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്ന മെഡിക്കൽ കോളേജ് ഗ്രൗണ്ടിലേയ്ക്ക് തമ്പാനൂരിൽ നിന്നും 6.5 കിലോമീറ്റർ ദൂരവും തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജ് സ്റ്റേഡിയത്തിലേക്ക് 17 കിലോമീറ്റർ ദൂരവുമുണ്ട്. എന്നാൽ കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലാണ് ഇറങ്ങുന്നതെങ്കിൽ തുമ്പയിലേയ്ക്ക് 4.7 കിലോമീറ്റർ ദൂരമേയുള്ളൂ. ഹോക്കി, ഫുട്ബോൾ തുടങ്ങിയ മത്സരങ്ങൾ നടക്കുന്ന ജിവി രാജ സ്പോർട്സ് സ്കൂളിലേയ്ക്ക് 14 കിലോമീറ്റർ ദൂരമുണ്ട്. ഹാൻഡ്ബോൾ മത്സരങ്ങൾ നടക്കുന്ന വെള്ളായണി കാർഷിക കോളേജ് 12 കിലോമീറ്റർ അകലെയാണ്.

പിരപ്പൻകോടുള്ള ഡോ. ബിആർ അംബേദ്കർ ഇൻ്റർനാഷണൽ അക്വാട്ടിക് കോംപ്ലക്സിലാണ് അക്വാട്ടിക്സ് മത്സരങ്ങൾ നടക്കുന്നത്. നഗരത്തിൽ നിന്നും 22 കിലോമീറ്റർ സഞ്ചരിച്ചുവേണം ഇവിടെയെത്താൻ. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് ബാഡ്മിൻ്റൺ മത്സരങ്ങൾ നടക്കുന്നത്. തമ്പാനൂരിൽ നിന്നും 4.3 കിലോമീറ്റർ ദൂരമാണ് ഇവിടേയ്ക്കുള്ളത്. വോളിബോൾ ജൂനിയർ വിഭാഗം മത്സരങ്ങൾ നടക്കുന്ന കാലടി ഗവ ഹയർ സെക്കൻഡറി സ്കൂളും നഗരപരിധിയ്ക്കുള്ളലാണ്. നാല് കിലോമീറ്ററാണ് ഈ വേദിയിലേയ്ക്കുള്ള ദൂരം. തമ്പാനൂരിൽ നിന്നും വട്ടിയൂർക്കാവിലെ ഷൂട്ടിങ് റേഞ്ചിലേയ്ക്ക് 9 കിലോമീറ്റർ ദൂരമുണ്ട്. 4.8 കിലോമീറ്റർ ദൂരത്തിലാണ് ടെന്നിസ് ക്ലബ്ബ്.

ദീർഘദൂര ഓട്ടമത്സരങ്ങൾ നടക്കുന്ന എയർപോർട് റോഡിലേയ്ക്ക് 5.3 കിലോമീറ്റ‍ർ ദൂരവും സെെക്ലിങ് മത്സരങ്ങൾ നടക്കുന്ന കാരോട് പ്പാസിലേക്ക് ഏഴ് കിലോമീറ്റർ ദൂരവുമാണ് തമ്പാനൂരിൽ നിന്നുമുള്ളത്. കിഴക്കേക്കോട്ട ബസ് ഡിപ്പോയുടെ തൊട്ടടുത്താണ് ഭക്ഷണത്തിനായി സജ്ജീകരിച്ചിരിക്കുന്ന പുത്തരിക്കണ്ടം മെെതാനമുള്ളത്.

Content Highlights: Your comprehensive guide to the Kerala State School Sports Meet in Trivandrum. Find venue locations, travel routes from key points like the railway station and bus stands, and distances.