മുഖം മിനുക്കി, നിശബ്ദ വിപ്ലവവുമായി റെനോ; കെെഗർ MY22 - Malayalam Review
വാഹനങ്ങള്‍ പുളയ്ക്കുന്ന ഇന്ത്യന്‍ വിപണിയുടെ ഓരംചേര്‍ന്നായിരുന്നു 'റെനോ'യുടെ സഞ്ചാരം. വലിയ മത്സരത്തിനൊന്നും ബാല്യമില്ലാതെ ആ ഫ്രഞ്ചുക്കാരന്‍ നീങ്ങി. ഇന്നും ആരാധകരുള്ള 'ഡസ്റ്ററി'നെ പിന്‍വലിച്ചശേഷം 'റെനോ'യ്ക്ക് ഇന്ത്യയില്‍ വേരുകള്‍ നഷ്ടപ്പെട്ടുതുടങ്ങി. ശേഷം വന്നവരൊന്നുംതന്നെ ക്ലച്ചുപിടിച്ചില്ല. ഒന്നര വര്‍ഷം മുമ്പായിരുന്നു 'കൈഗറി'നെ ഇന്ത്യയിലേക്ക് 'റെനോ' കൊണ്ടുവന്നത്. ഫ്രഞ്ചുകാരും ഇന്ത്യക്കാരുമായി കൈകോര്‍ത്തിറങ്ങിയ നാലാമന്‍. ആ സമയം കോംപാക്ട് എസ്.യു.വി. വിഭാഗത്തില്‍ പോരുനടക്കുകയായിരുന്നു. അധികം ബഹളമൊന്നുമില്ലാതെ ഞങ്ങളിവിടെ ഉണ്ടേ എന്നുമാത്രം പറഞ്ഞ് 'റെനോ'യും കളത്തിലിറങ്ങി.
എന്നാലിപ്പോള്‍ ആ നിശ്ശബ്ദ വിപ്ലവം 50,000 വില്‍പ്പന തികഞ്ഞു. ഇത്രയും വണ്ടികള്‍ കുറഞ്ഞകാലത്തിനിടയില്‍ വിറ്റുപോകുമെന്ന് കമ്പനിപോലും കരുതിയിട്ടുണ്ടാവില്ല. അവിടെയാണ് 'കൈഗറി'നെ പഠിക്കേണ്ടത്, ഫ്രഞ്ച് ബുദ്ധിയെ അളക്കേണ്ടത്. വിലയിലും സൗകര്യത്തിലും സൗന്ദര്യത്തിലും ഒരുചുവട് മുന്നിട്ടാണ് 'റെനോ' 'കൈഗറി'നെ നിരത്തിലിറക്കിയത്. പരിമിതികളും അപാകങ്ങളുമുണ്ടെങ്കിലും 'ഡസ്റ്ററി'ന്റെ ആ ഹിറ്റ് കാലം ഓര്‍മിപ്പിക്കുകയാണ് കൈഗറും.
Content Highlights: renault kiger my22 malayalam review