കാഴ്ചയിൽ മിനി എസ്.യു.വി, ഭാവത്തിൽ ഹാച്ച്ബാക്ക്; പഞ്ചിനോട് കോർക്കാൻ സിട്രോൺ
രണ്ട് സെഗ്മെന്റുകളിലെ വാഹനങ്ങളെ ഒരുപോലെ വെല്ലുവിളിക്കാൻ പോന്ന വാഹനം. കാഴ്ചയിൽ ഒരു മിനി എസ്.യു.വി. ഭാവവും ഫീച്ചറുകളും സൗകര്യങ്ങളുമെല്ലാം ഹാച്ച്ബാക്കിലേതും. ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോണിൽ നിന്നും രണ്ടാമനായി ഇന്ത്യയിൽ എത്തുകയാണ് സി3. ഇന്ത്യൻ വിപണിയിലേക്ക് സിട്രോണിന് പ്രവേശനം ഒരുക്കിയ സി 5 എയർക്രോസ് പ്രീമിയം എസ്.യു.വി. ശ്രേണിയിൽ എത്തിയതിനാൽ രണ്ടാമന്റെ കൺസെപ്റ്റ് കണ്ടപ്പോൾ മുതൽ ആളുകൾ ഉറപ്പിച്ചത് ഇത് മിനി എസ്.യു.വിയായിരിക്കുമെന്നാണ്.
എന്നാൽ, ഇന്ത്യൻ വാഹന വിപണിയിലെ ഇളമുറക്കാരായ സിട്രോണിന് മറ്റ് വാഹന നിർമാതാക്കളോട് മത്സരിക്കുന്നതിനെക്കാൾ ഉപരി സ്വന്തം നിലനിൽപ്പ് ഉറപ്പിക്കുകയായിരുന്നു ലക്ഷ്യം. അതുകൊണ്ട് സാധാരണക്കാരും ആദ്യ വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരും തിരഞ്ഞെടുക്കുന്ന ശ്രേണിയായിരുന്നു സിട്രോണും ഉന്നംവെച്ചത്. നിലവിൽ ഈ സെഗ്മെന്റ് ഭരിക്കുന്ന വാഹനങ്ങളോട് മത്സരിക്കാനെത്തുമ്പോൾ അൽപ്പം പുതുമ വേണമല്ലോ, അതുകൊണ്ട് വലിപ്പത്തിലും കുറച്ചധികം പവറിലും സി3 എത്തിക്കാനാണ് സിട്രോൺ തീരുമാനിച്ചത്.
ഇന്ത്യൻ നിരത്തുകളെ സംബന്ധിച്ച് സി 3 എന്ന വാഹനം പുതുമയാണെങ്കിലും ഇതിന്റെ മൂന്നാം തലമുറ മോഡലാണ് ഇന്ത്യയിലേക്ക് എത്തുന്നത്. സിട്രോണിന്റെ മാതൃരാജ്യമായ ഫ്രാൻസിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും സി3 വർഷങ്ങൾക്ക് മുമ്പുതന്നെ ഈ വാഹനത്തിന്റെ രണ്ട് തലമുറകൾ വന്നുപോയിട്ടുണ്ട്. ഇന്ത്യയിൽ ഒരുങ്ങുന്ന സി3-ക്ക് മറ്റൊരു പ്രത്യേകതയുണ്ട്. 90 ശതമാനവും ഇന്ത്യയിൽ നിർമിക്കുന്ന ഈ വാഹനം ഇന്ത്യയിൽ നിന്ന് ലോകത്തിലേക്ക് എന്ന ലക്ഷ്യവുമായി ഒരുങ്ങുന്നതാണ്. ലാറ്റിൻ അമേരിക്കൻ, ആസിയാൻ രാജ്യങ്ങളുമാണ് ഇന്ത്യൻ നിർമ്മിത സി3യുടെ വിപണികൾ.
Content Highlights: Citroen c3 Review