മകന്റെ ആഗ്രഹം, കുടുംബമൊന്നിച്ചപ്പോൾ പണിതത് 25 വീടുകൾ, ഇനി ലക്ഷ്യം നാടൊന്നിച്ച് 50 വീടുകൾ

കരൂര്‍ ഞാവള്ളില്‍ ആണ്ടൂക്കുന്നേല്‍ കുട്ടപ്പന്‍ എന്ന കുര്യന്‍ ചാണ്ടിയുടെയും ഭാര്യ സിസിലിയുടെയും ഓര്‍മ്മകള്‍ ഇനി 25 സ്‌നേഹ വീടുകളായി ഉയര്‍ന്നു നില്‍ക്കും. ആദ്യ ഘട്ടമെന്ന നിലയില്‍ പാവപ്പെട്ട പതിനൊന്ന് കുടുംബങ്ങള്‍ക്ക് ആലയം ഒരുക്കിയിരിക്കുകയാണ് ഞാവള്ളില്‍ ആണ്ടൂക്കുന്നേല്‍ കുര്യന്‍ ചാണ്ടി മെമ്മോറിയല്‍ ഇന്‍ഫന്റ് ജീസസ് ചാരിറ്റബിള്‍ ട്രസ്റ്റ്. ഇനി പതിനാല് കുടുംബങ്ങള്‍ക്കുകൂടി തലചായ്ക്കാനൊരിടം ഒരുക്കാനുള്ള ശ്രമവും ഇതോടൊപ്പം ആരംഭിച്ചു . അങ്ങനെ ഇരുപത്തഞ്ച് സ്നേഹവീടുകള്‍ കരൂര്‍ വൈദ്യശാലപ്പടിയിലെ ഇന്‍ഫന്റ് ജീസസ് നഗറില്‍ ഉയരും. മൂന്ന് ഏക്കര്‍ സ്ഥലം വാങ്ങിയാണ് ഭവന പദ്ധതി ആരംഭിച്ചത്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീടുകളാണ് നിര്‍മ്മിച്ചു നല്‍കുന്നത്.ഇംഗ്ലണ്ടിൽ വ്യവസായിയായ മകൻ മാത്യു അലക്സാണ്ടറിന്റെ ആഗ്രഹത്തിനൊപ്പം കുടുംബവും ഒത്തുചേരുകയായിരുന്നു.

പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുന്‍കൈ എടുത്ത് നടത്തുന്ന പാവങ്ങള്‍ക്കുള്ള വീട് എന്ന ഹോം പ്രോജക്ടിന്റെ പ്രചോദനത്താലാണ് തങ്ങളും കഴിയുന്നത്ര വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതെന്ന് മാത്യു അലക്സാണ്ടര്‍ (ബോബി) പറഞ്ഞു. പാലാ രൂപതയില്‍ സ്വന്തമായി വീടുകള്‍ ഇല്ലാത്തവരായി ആരും ഉണ്ടാവരുതെന്ന് ബിഷപ് പറഞ്ഞിരുന്നു. മാര്‍ കല്ലറങ്ങാട്ടുമായി ഒരിക്കല്‍ സംസാരിക്കാന്‍ ഇട വന്നപ്പോഴാണ് വീട് നിര്‍മ്മാണം എന്ന ആശയം ഉദിച്ചതെന്നും ഇതില്‍ ജാതി-മത ഭേദമന്യെ അര്‍ഹതപ്പെട്ട പാവപ്പെട്ട കുടുംബങ്ങളെ കണ്ടെത്തിയാണ് തങ്ങള്‍ വീട് നിര്‍മ്മിച്ച് കൊടുത്തിട്ടുള്ളതെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. ഓരോ വീടിനും 15 ലക്ഷത്തോളം രൂപാ ചിലവഴിച്ചായിരുന്നു നിര്‍മ്മാണം.

ആദ്യഘട്ടത്തിൽ പൂർത്തിയായ 11 വീടുകൾ കൈമാറി. ബാക്കി 14 വീടുകളുടെ നിർമ്മാണം ഉടൻ തുടങ്ങും. കുര്യൻ ചാണ്ടിയുടെയും സിസിലിയുടെയും ഓർമ്മകൾ ഇനി ഈ 25 വീടുകളിലും നിറയും.

Content Highlights: A charitable trust builds 25 homes for the poor in memory of Kurian Chandy and Sicily. The project, inspired by a bishop`s initiative, provides fully equipped houses to families regardless of caste or religion.