അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മണ്ണിലേക്ക് മടക്കം; ഒടുവില്‍ ഡീഗോ ഗാര്‍ഷ്യന്‍ ജനതയ്ക്ക് 'നീതി'

ഒടുവില്‍ ഡീഗോ ഗാര്‍ഷ്യന്‍ ജനതയ്ക്ക് അവരുടെ ദ്വീപസമൂഹത്തിലേക്ക് മടങ്ങാന്‍ അവസരമൊരുങ്ങുകയാണ്. ഡീഗോ ഗാര്‍ഷ്യ ഉള്‍പ്പെടുന്ന ചാഗോസ് ദ്വീപുകളുടെ അധികാരം മൗറീഷ്യസിന് തിരിച്ചുനല്‍കാന്‍ ബ്രിട്ടണ്‍ തീരുമാനിച്ചതോടെയാണ് ഇത് സാധ്യമായത്. ചാഗോസിലെ ഏറ്റവും വലിയ ദ്വീപാണ് ഡീഗോ ഗാര്‍ഷ്യ. ഇന്ത്യന്‍ മഹാസമുദ്രത്തിലെ അമേരിക്കയുടെ സൈനിക താവളം സ്ഥിതി ചെയ്യുന്നത് ഈ ദ്വീപിലാണ്. ചാഗോസിന്റെ നിയന്ത്രണം മൗറീഷ്യസിന് ലഭിക്കുമെങ്കിലും സൈനിക താവളത്തിന്റെ പ്രവര്‍ത്തനം തുടരാന്‍ തന്നെയാണ് ധാരണ.

1814 മുതല്‍ ബ്രിട്ടനാണ് ചാഗോസ് ദ്വീപുകളും മൗറീഷ്യസും നിയന്ത്രിച്ചിരുന്നത്. 1968 ല്‍ മൗറീഷ്യസ് സ്വാതന്ത്ര്യം നേടിയെങ്കിലും ചാഗോസ് വിട്ടുനല്‍കാന്‍ ബ്രിട്ടണ്‍ തയ്യാറായില്ല. എഴുപതുകളുടെ തുടക്കത്തില്‍ ഇവിടത്തെ രണ്ടായിരത്തോളം നാട്ടുകാരെ ഡീഗോ ഗാര്‍ഷ്യ എയര്‍ബേസ് നിര്‍മിക്കുന്നതിന്റെ ഭാഗമായി മൗറീഷ്യസിലേക്കും സീഷെല്‍സിലേക്കും മാറ്റി. ഇതിനിടയില്‍ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുമുണ്ടായി. അന്ന് കുടിയൊഴിപ്പിച്ചവര്‍ക്ക് ഡീഗോ ഗാര്‍ഷ്യ ഒഴികെയുള്ള മറ്റ് ചാഗോസ് ദ്വീപുകളിലേക്ക് മടങ്ങാമെന്നും പുതിയ ഉടമ്പടിയില്‍ പറയുന്നുണ്ട്.

2019ല്‍ രാജ്യാന്തര നീതിന്യായ കോടതി ബ്രിട്ടനോട് ചാഗോസ് ദ്വീപ് മൗറീഷ്യസിനു തിരിച്ചുകൊടുക്കണമെന്നു നിര്‍ദേശിച്ചിരുന്നു. എഴുപതുകളിലെ കുടിയൊഴിപ്പിക്കല്‍ തെറ്റായ നടപടിയാണെന്നും കോടതി അന്ന് നിരീക്ഷിച്ചു.

തങ്ങളുടെ സൈനിക കേന്ദ്രങ്ങളില്‍ ഏറ്റവും യു.എസ് ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് ഡീഗോ ഗാര്‍ഷ്യക്കാണ്. അമേരിക്കയുടെ ഇറാക്ക്, അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങളില്‍ ഏറെ നിര്‍ണായകമായിരുന്നു ഡീഗോ ഗാര്‍ഷ്യ. വലിയ കടല്‍ വ്യാപാരനീക്കങ്ങള്‍ നടക്കുന്ന മേഖല കൂടിയാണിത്. സമുദ്രങ്ങളിലെ ശക്തി വ്യാപിക്കുന്ന ചൈനയെ എതിര്‍ക്കാനും അമേരിക്കയ്ക്ക് ഈ കേന്ദ്രം നിര്‍ണായകമാണ്.

Content Highlights: uk gives up sovereignty of chagos islands to mauritius