വൈദ്യുതി ബില്ല് അടയ്ക്കാൻ പതിവായി മറന്നുപോവാറുണ്ടോ? മീറ്റര്‍ റീഡിങ് എടുക്കുമ്പോള്‍ ബില്ലും അടയ്ക്കാം

വൈദ്യുതി ബില്ല് അടയ്ക്കാൻ പതിവായി മറന്നുപോവാറുണ്ടോ? എന്നാലിനി മീറ്റര്‍ റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്ലും അടയ്ക്കാം. അതിനായി പേ സ്വിഫ് സംവിധാനം കൊണ്ടുവന്നിരിക്കുകയാണ് കെഎസ്ഇബി. മീറ്റര്‍ റീഡര്‍ വീട്ടിലെത്തി ഉപഭോക്താവിന്റെ സാന്നിധ്യത്തില്‍ റീഡിങ് എടുക്കുമ്പോള്‍ത്തന്നെ റീഡറുടെ കൈയിലുള്ള പിഒഎസ് ഉപകരണത്തിലൂടെ ബില്ലടയ്ക്കാം.  ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഇതിനായി ഉപയോ​ഗിക്കാം. അപ്പോള്‍ത്തന്നെ രസീതും കിട്ടും. ഓണ്‍ലൈനായി പിന്നീട് പണം അടയ്ക്കുന്നവര്‍ക്ക് അങ്ങനെയുമാവാം.

റീഡിങ് കഴിഞ്ഞ് ബില്‍ ഓണ്‍ലൈന്‍ പെയ്മെന്റ് സിസ്റ്റത്തില്‍ കയറ്റാന്‍ രണ്ടു മൂന്നുദിവസത്തെ കാലതാമസമുണ്ട്. ബില്ല് സിസ്റ്റത്തില്‍ കയറിയാലേ ഇപ്പോള്‍ ബില്ല് അടയ്ക്കാനാവുന്നുള്ളൂ. പുതിയ സംവിധാനം വന്നാൽ റീഡിങ് എടുക്കുന്ന സമയത്തുതന്നെ പിഒഎസ് സംവിധാനത്തിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ചെയ്ത് പണമടയ്ക്കാം. ആദ്യഘട്ടത്തില്‍ എടപ്പാള്‍ കെഎസ്ഇബിയിലാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്തമാസത്തോടെ സംസ്ഥാനത്താകെ നടപ്പാക്കും. 

ഉപയോഗിക്കുന്ന സമയത്തിനനുസരിച്ച് താരിഫ് നിശ്ചയിക്കുന്ന ടൈം ഓഫ് ഡേ സംവിധാനവും സംസ്ഥാനത്താകെ നടപ്പായിരുന്നു. പ്രതിമാസം 250 യൂണിറ്റോ അധിലധികമോ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ഇതിനായി ടിഒഡി മീറ്ററുകൾ ഘടിപ്പിച്ചു. ദിവസത്തെ മുന്ന് ഘട്ടങ്ങളായി തിരിച്ചാണ് ചാർജ് കണക്കാക്കുക. രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ 10 ശതമാനം കുറഞ്ഞ നിരക്ക്. വൈകീട്ട് ആറുമുതൽ രാത്രി 10 വരെ പിക്ക് സമയത്ത് 25 ശതമാനം കൂടുതൽ. രാത്രി 10 മുതൽ രാവിലെ ആറു വരെ സാധാരണ നിരക്ക്

Content Highlights: KSEB introduces PaySwift in Edappal, enabling instant bill payment during meter reading