ഊട്ടി, കൊടൈക്കനാല്‍ യാത്രക്ക് ഇനിയും ഇ-പാസ് വേണം; സഞ്ചാരികളും വ്യാപാരികളും നിരാശയില്‍

ഊട്ടി ഉള്‍പ്പെടുന്ന നീലഗിരിജില്ലയിലും കൊടൈക്കനാലിലും ഏര്‍പ്പെടുത്തിയ ഇ-പാസ് സംവിധാനം തുടരും. മദ്രാസ് ഹൈക്കോടതി ഇനിയൊരു ഉത്തരവ് പുറപ്പെടുവിക്കുംവരെ ഇ-പാസ് തുടരുമെന്ന് നീലഗിരി ദിണ്ടിക്കല്‍ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. സെപ്തംബര്‍ 30 ന് ഇ-പാസ് കാലാവധി കഴിഞ്ഞതോടെയാണ് വീണ്ടും നീട്ടിയത്. 

ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് മേയ് ഏഴുമുതലാണ് ഇ-പാസ് സംവിധാനം നിലവില്‍വന്നത്. വിനോദസഞ്ചാരികളുടെയും വാഹനങ്ങളുടെയും കൃത്യമായ കണക്കെടുക്കുന്നതിനാണ് ഇ-പാസ് ഏര്‍പ്പെടുത്തിയതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.

ഇതുമൂലം ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ വരവ് കുത്തനെ കുറഞ്ഞു. വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് കഴിയുന്നവര്‍ പ്രതിസന്ധിയിലായി. ഇ-പാസ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് നീലഗിരിയിലെ ചെറുകിട വ്യാപാരികള്‍ സമരത്തിലാണ്. 

നിലവില്‍ ഊട്ടിയില്‍ വിനോദസഞ്ചാരത്തിന്റെ രണ്ടാം സീസണ്‍ തുടങ്ങിയിരിക്കുകയാണ്. നവംബര്‍ പകുതിവരെയാണ് ഈ സീസണ്‍. 
ഊട്ടി സസ്യോദ്യാനത്തില്‍ പുഷ്പപ്രദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. കാലാവധി തീരുന്നതോടെ ഇ-പാസ് പിന്‍വലിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ടൂറിസം പ്രവര്‍ത്തകര്‍. ഇ-പാസ് നീട്ടിയതോടെ സഞ്ചാരികളും നിരാശയിലാണ്.

Content Highlights: kodaikanal ooty epass requirement extended