കനത്തമഴയിൽ കെഎസ്ഇബിക്ക് നഷ്ടം 56.7 കോടി രൂപ; 30 ലക്ഷം ഉപഭോക്താക്കൾക്ക് വൈദ്യുതിതടസ്സപ്പെട്ടു
രണ്ടുദിവസത്തെ കനത്തമഴയിൽ സംസ്ഥാനത്ത് കെഎസ്ഇബിക്കുണ്ടായത് 56.7 കോടി രൂപയുടെ നഷ്ടം. മരങ്ങൾ കടപുഴകിയും മരക്കൊമ്പുകൾ ഒടിഞ്ഞും വീണ് 25 ഇലക്ട്രിക്കൽ സർക്കിളിലായി 12000 വൈദ്യുതി പോസ്‌റ്റുകളാണ് 48 മണിക്കൂറിനിടെ ഒടിഞ്ഞത്. 48 ട്രാൻസ്ഫോർമറുകളും തകരാറിലായി. 18100 ട്രാൻസ്ഫോർമർ പരിധിയിലായി 30 ലക്ഷം ഉപഭോക്താക്കൾക്കാണ് വൈദ്യുതിതടസ്സം നേരിട്ടത്. ഇതിൽ 8.6 ലക്ഷം ഉപഭോക്താക്കൾക്ക് വൈദ്യുതി പുനഃസ്ഥാപിക്കാനുണ്ടെന്നാണ് കെഎസ്ഇബി ഡിസ്ട്രിബ്യൂഷൻ വിഭാഗം പറയുന്നത്. പലയിടത്തും വെള്ളപ്പൊക്കത്തെ തുടർന്ന് ഹൈ ടെൻഷൻ ലൈനുകളും ട്രാൻസ്ഫോർമറുകളും ഓഫ് ചെയ്യേണ്ടിവന്നിട്ടുണ്ട്. സബ്‌സ്‌റ്റേഷനിലെ ജീവനക്കാരെക്കൂടി നിയോഗിച്ച് വൈദ്യുതിതടസ്സം നീക്കാനുള്ള തീവ്രശ്രമത്തിലാണ് കെഎസ്ഇബി. മഴ കുറഞ്ഞാൽ ചൊവ്വാഴ്ച വൈകീട്ടോടെ വൈദ്യുതി വിതരണം പൂർണമായും പുനഃസ്ഥാപിക്കാനാകും.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതികമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്. പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണമെന്നായിരുന്നു നിർദേശം. പൊട്ടിവീണ ലൈനിൽ മാത്രമല്ല, പരിസരത്തും വൈദ്യുതപ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്തുപോവുകയോ സ്പർശിക്കുകയോ ചെയ്യരുത്. ഇത്തരം അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്ത കെഎസ്ഇബി സെക്ഷൻ ഓഫീസിലോ 9496010101 എന്ന നമ്പറിലോ അറിയിക്കണം. വൈദ്യുതി തടസം സംബന്ധിച്ച പരാതികൾ 1912 ൽ വിളിച്ചോ 9496 00 1912 എന്ന നമ്പറിൽ വാട്സാപ് സന്ദേശമയച്ചോ രേഖപ്പെടുത്താം. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ എല്ലാ ഇലക്ട്രിക്കല്‍ സെക്ഷനുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.