ഇത് റെക്കോർഡ്; ഒരുലക്ഷം കോടി രൂപ കടന്ന് ഐഫോൺ കയറ്റുമതി, വർധന ഐഫോൺ 16 ഇറങ്ങിയതിനുപിന്നാലെ

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

നടപ്പ്‌ സാമ്പത്തികവർഷം ആദ്യ പത്തുമാസം പിന്നിടുമ്പോൾ രാജ്യത്തുനിന്നുള്ള ഐഫോൺ കയറ്റുമതി പിന്നിട്ടത് ഒരുലക്ഷംകോടി രൂപ. ആദ്യമായാണ് ഒരു സാമ്പത്തികവർഷം രാജ്യത്തുനിന്നുള്ള ഐഫോൺ കയറ്റുമതി ഒരുലക്ഷംകോടി രൂപ കടക്കുന്നത്. 2024 ഏപ്രിലിനും 2025 ജനുവരിക്കും ഇടയിലായി ഇന്ത്യയിൽനിന്നുള്ള ഐഫോൺ കയറ്റുമതിയിൽ 31 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തികവർഷം ഇതേ കാലയളവിൽ 76,000 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്.

2025 ജനുവരിയിൽമാത്രം 19,000 കോടി രൂപയുടെ കയറ്റുമതി നടന്നതായാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബറിൽ 14,000 കോടിയുടെ കയറ്റുമതിയാണ് നടന്നത്. ഒരുമാസത്തെ ഉയർന്ന കയറ്റുമതിയുടെ ഈ റെക്കോഡാണ് ജനുവരിയിൽ ആപ്പിൾ മറികടന്നത്. 2024 ഒക്ടോബറിൽ ഐഫോൺ 16 അവതരിപ്പിച്ചശേഷമാണ് കയറ്റുമതിയിൽ വലിയ വർധന തുടങ്ങിയത്. 
അതിനുശേഷമുള്ള ഓരോ മാസവും 10,000 കോടി രൂപയിലധികമാണ് കയറ്റുമതി രേഖപ്പെടുത്തുന്നത്. ഇതാണ് 2025 സാമ്പത്തികവർഷം പത്തുമാസംകൊണ്ട് ഐഫോൺ കയറ്റുമതി ഒരുലക്ഷംകോടി കടക്കാൻ കമ്പനിയെ സഹായിച്ചത്. ഐഫോൺ 16 ഇന്ത്യയിലും ഉത്പാദിപ്പിക്കുന്നുണ്ട്. 

ഫോക്‌സ്‌കോൺ, ടാറ്റ ഇലക്‌ട്രോണിക്സ്, പെഗാട്രോൺ എന്നിങ്ങനെ മൂന്ന്‌ കമ്പനികളാണ് ഇന്ത്യയിൽ ഐഫോണുകൾ അസംബിൾചെയ്യുന്നത്. ഇതിൽ പെഗാട്രോണിന്റെ 60 ശതമാനത്തോളം ഓഹരികൾ അടുത്തിടെ ടാറ്റ ഏറ്റെടുത്തിരുന്നു.

Content Highlights: India`s iPhone exports surged to ₹1 lakh crore in 10 months