വായുമലിനീകരണം ശ്വാസകോശത്തെ മാത്രമല്ല, എല്ലാ അവയവങ്ങളെയും ബാധിക്കുമെന്ന് വിദഗ്ധർ
വായുമലിനീകരണം ശ്വാസകോശത്തിന്റ പ്രവർത്തനത്തെ ബാധിക്കുമെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തേയും വായുമലിനീകരണം സാരമായിത്തന്നെ ബാധിക്കുമെന്ന് പറയുകയാണ് ഒരു പറ്റം ഗവേഷകർ. 80 ശതമാനം ആരോഗ്യവിദഗ്ധർക്കും വായു മലിനീകരണം മനുഷ്യശരീരത്തിലുണ്ടാക്കുന്ന ആഘാതം എത്രത്തോളം വലുതാണെന്നതിനെക്കുറിച്ച് ധാരണയില്ലെന്ന് ഗവേഷകരെ ഉദ്ധരിച്ച് പ്രമുഖ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ശ്വാസകോശസംബന്ധമായ അസുഖങ്ങൾ കൂടാതെ ത്വക്ക് സംബന്ധിയായ അലർജി രോഗങ്ങൾ, ബ്രെയിൻ സ്ട്രോക്ക്, പ്രമേഹം മുതലായ ജീവിതശൈലി രോഗങ്ങൾക്കെല്ലാം വായുമലിനീകരണം കാരണമാകുന്നെന്നാണ് ലംഗ് കെയർ ഫൗണ്ടേഷന്റെ സ്ഥാപകനായ ഡോ.രാജീവ് ഖുറാന പറയുന്നത്. ജൻമനാലുള്ള അസുഖങ്ങൾക്ക് പോലും വായുമലിനീകരണം കാരണമാകുന്നതുകൊണ്ട് ജനിക്കാനിരിക്കുന്ന കുട്ടികൾ പോലും സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു. വായുമലിനീകരണം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ഒരു കമ്മ്യൂണിറ്റി തന്നെ രൂപീകരിക്കേണ്ടത് ആവശ്യമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.