ഓവര്‍സീസ് കളക്ഷനില്‍ മോഹന്‍ലാലിന്റെ എമ്പുരാനെ പിന്നിലാക്കി യുവതാരചിത്രം

മലയാളത്തില്‍ എക്കാലത്തെയും വലിയ പണക്കൊയ്ത്ത് നടത്തിയ സിനിമയാണ് എമ്പുരാന്‍. മോഹന്‍ലാല്‍ നായകനായ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് 265 കോടിയില്‍ അധികമാണ്. കൂടാതെ ഓവര്‍സീസ് ബോക്‌സ് ഓഫീസില്‍ ഈ വര്‍ഷം ഇന്ത്യയിലെ മറ്റ് എല്ലാ ഭാഷകളിലെ ചിത്രങ്ങളും എടുത്താലും ഒന്നാം സ്ഥാനം എമ്പുരാനായിരുന്നു. എന്നാല്‍  ലാലേട്ടന്‍ സിനിമയുടെ റെക്കോര്‍ഡ്  തിരുത്തിയിരിക്കുകയാണ് സൂപ്പര്‍താരങ്ങളില്ലാത്ത ഒരു ബോളിവുഡ് ചിത്രം. എമ്പുരാനെ ഈ വര്‍ഷത്തെ ഓവര്‍സീസ് റെക്കോര്‍ഡില്‍ നിന്ന് താഴെയിറക്കിയത് മോഹിത് സൂരി സംവിധാനം ചെയ്ത സൈയാര എന്ന ഹിന്ദി ചിത്രമാണ്. ജൂലൈ 18-ന് റിലീസ് ചെയ്ത ചിത്രത്തില്‍ നവാഗതനായ അഹാന്‍ പാണ്ഡേ, അനീത് പദ്ദ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസ് ഓഗസ്റ്റ് 5 ന് പുറത്തുവിട്ട കണക്ക് പ്രകാരം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 507 കോടി രൂപയാണ്. എമ്പുരാന്റെ ഓവര്‍സീസ് ബോക്‌സ് ഓഫീസ് കളക്ഷന്‍ 142.25 കോടി ആയിരുന്നെങ്കില്‍ സൈയാര വിദേശത്തുനിന്ന് ഇതുവരെ നേടിയിരിക്കുന്നത് 144 കോടിയാണ്. 22 ദിവസത്തെ കണക്കാണ് ഇത്.

inshort-Bollywood`s `Saiyaara` surpasses Mohanlal`s `Empuraan` in overseas box office collections, grossing over 507 crores globally.

Content Highlights: Empuraan`s Overseas Box Office Record Broken