ആശാവർക്കർമാർക്ക് തുച്ഛമായ വേതനത്തിന് പണമില്ല, പക്ഷേ PSC-യിൽ 1.6 ലക്ഷം രൂപ ശമ്പള വർധന

ആശാവർക്കർമാർക്ക് തുച്ഛമായ ശമ്പളം കൂട്ടിക്കൊടുക്കാൻ പണമില്ല. ക്ഷേമ പെൻഷൻ കൂട്ടാനോ കുടിശ്ശിക പൂർണമായി നൽകാനോ പോലും പണമില്ല. പക്ഷേ സാധാരണക്കാരന്റെ കണ്ണ് തള്ളിപ്പോകുന്ന തരത്തിൽ പിഎസ്.സി ചെയർമാനും അംഗങ്ങൾക്കും ശമ്പളം വർധിപ്പിക്കാൻ ഖജനാവിൽ പണമുണ്ട്. ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ശമ്പളം കുത്തനെ ഉയർത്താൻ സർക്കാരിന് പണമുണ്ട്. ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെവി തോമസിന്റെ യാത്രാബത്ത 5 ലക്ഷത്തിൽനിന്ന് 11 ലക്ഷമാക്കി ഉയർത്താനുള്ള ശ്രമങ്ങളും അണിയറയിൽ നടക്കുന്നു.

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഈ ധൂർത്തിനെല്ലാം പണം കണ്ടെത്തുന്ന സർക്കാരാണ് ന്യായമായ ആവശ്യങ്ങൾക്കായി സമരം ചെയ്യുന്നവരേയും സാധാരണക്കാരേയും മറന്നത്. അല്ലെങ്കിൽ കണ്ടിട്ടും കണ്ടില്ലെന്ന് നടക്കുന്നത്. 

സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാരുടെ സമരം പത്ത് ദിവസം പിന്നിടുന്ന വേളയിലാണ് അതേ സെക്രട്ടേറിയേറ്റിനുള്ളിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പിഎസ്.സി അംഗങ്ങൾക്ക് ഒന്നര ലക്ഷത്തിലേറെ രൂപയുടെ ശമ്പള വർധനവിന് അംഗീകാരം നൽകിയത്. മന്ത്രിമാരുടെ കൺമുന്നിൽ ഇത്രയുംനാൾ സമരം ചെയ്ത ആ സ്ത്രീകളെയത്രയും പരസ്യമായി പരിഹസിക്കുന്ന നിലപാട്. 

ശമ്പളം കൂടുന്നത് 4 ലക്ഷത്തിലേക്ക്

പിഎസ്.സി ചെയർമാന്റെ ശമ്പളം, ജില്ലാ ജഡ്ജിയുടെ സൂപ്പർ ടൈം സ്‌കെയിലിലേക്കാണ് സർക്കാർ ഉയർത്തിയത്. 76,450 രൂപയായിരുന്നു നിലവിൽ ചെയർമാന്റെ ശമ്പള സ്‌കെയിൽ. ഇത് 2,24,100 രൂപയാകും. ഇതോടൊപ്പം കേന്ദ്ര ജുഡീഷ്യൽ ഓഫീസർമാർക്ക് കിട്ടുന്ന ഡിഎ, എച്ച്.ആർ.എ എന്നിവയെല്ലാം ചേരുമ്പോൾ ചെയർമാന് മാസം കൈയിൽ കിട്ടുക നാല് ലക്ഷത്തിന് മുകളിൽ. ജില്ലാ ജഡ്ജിയുടെ സെലക്ഷൻ സ്‌കെയിലിലേക്ക് ശമ്പളം ഉയർത്തിയ പിഎസ്.സി അംഗങ്ങൾക്കും കിട്ടും അലവൻസ് ഉൾപ്പെടെ പ്രതിമാസം നാല് ലക്ഷംവരെ ശമ്പളം. 

സംസ്ഥാനത്തെ 27,000ത്തോളം വരുന്ന ആശാവർക്കർമാർക്ക് നിലവിൽ മാസംതോറും ലഭിക്കുന്ന ഓണറേറിയം വെറും 7000 രൂപയാണ്. മിനിമം കൂലിക്ക് അടുത്തുപോലും എത്താത്ത ഈ തുക കൂട്ടി മാന്യമായ തുക നൽകണമെന്ന് ആവശ്യപ്പെട്ടുളള്ള സമരം കണ്ടില്ലെന്ന് നടിച്ചാണ് രാഷ്ട്രീയ നിയമനത്തിലെ അടുപ്പക്കാർക്ക് വേണ്ടിയുള്ള സർക്കാരിന്റെ ധൂർത്തെന്നതും കാണാതെ പോകരുത്. 

4 കോടിയുടെ അധിക ബാധ്യത

ചെയർമാനടക്കം 20 അംഗങ്ങളാണ് പി.എസ്.സിയിൽ നിലവിലുള്ളത്. ഇവർക്കെല്ലാം പുതുക്കിയ നിരക്കിൽ ശമ്പളം നൽകുമ്പോൾ സർക്കാരിന് നാല് കോടി രൂപയുടെ അധികബാധ്യത വരും. അവിടേയും തീർന്നില്ല. ചെയർമാന്റെ പെൻഷൻ 1.25 ലക്ഷത്തിൽനിന്ന് 2.5 ലക്ഷമായും അംഗങ്ങളുടേത് 1.20 ലക്ഷത്തിൽനിന്ന് 2.25 ലക്ഷമായി വർധിപ്പിച്ചു. ഒരു വർഷം പി.എസ്.സി. അംഗമായി ഇരുന്നാൽ ശമ്പളത്തിന്റെ 7.5 ശതമാനമാണ് അടിസ്ഥാനപെൻഷൻ. തുടർന്നുള്ള ഓരോ വർഷവും 7.5 ശതമാനം വീതം പെൻഷൻ തുക വർധിക്കും. ആറുവർഷമാണ് പരമാവധി കാലാവധി. ആറുവർഷവും അംഗത്വമുണ്ടായിരുന്നയാൾക്ക് ശമ്പളത്തിന്റെ 45 ശതമാനം തുക അടിസ്ഥാനപെൻഷനായി ലഭിക്കും. ഇതിനൊപ്പം ഡി.എ.യുമുണ്ടാകും. ഒന്നിനും പണിമില്ലാതെ നട്ടംതിരിയുന്ന ഇടത് സർക്കാരാണ് പിഎസ്.സി അംഗങ്ങൾക്ക് ഇങ്ങനെ ലക്ഷങ്ങൾ വാരിക്കോരി കൊടുക്കുന്നത്. 

പി.എസ്.സിയിലെ ശമ്പള വർധനവ് വലിയ വിവാദമായതോടെ സർക്കാർ തീരുമാനത്തിനെതിരേ പ്രതിപക്ഷവും രംഗത്തെത്തി. പി.എസ്.സി.യിലെ അനിയന്ത്രിതമായ ശമ്പളവർധന ജനങ്ങളോടുള്ള പരസ്യവെല്ലുവിളിയാണെന്നും ഇത് പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. ഇത്ര വലിയ ശമ്പള വർധന സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന തീരുമാനമാണെന്ന് സിപിഐയുടെ സർവീസ് സഘടനയായ ജോയിന്റ് കൗൺസിൽ പോലും കുറ്റപ്പെടുത്തി. 

സർക്കാർ കണ്ണ് തുറക്കുമോ?

സർക്കാരിന്റെ ആരോഗ്യദൗത്യങ്ങൾ ജനങ്ങളിലെത്തിക്കുന്ന സുപ്രധാന ഉത്തരവാദിത്വം നിർവഹിക്കുന്നവരാണ് ആശാ വർക്കർമാർ. പ്രാഥമിക വൈദ്യസഹായം എത്തിക്കൽ, പകർച്ചവ്യാധി പകരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കൽ, മാതൃ-ശിശുസംരക്ഷണം ഉറപ്പുവരുത്തൽ തുടങ്ങി സമീപകാലത്തായി ജീവിതശൈലീരോഗങ്ങൾ തടയുന്നതിന് സമൂഹത്തെ സജ്ജമാക്കൽവരെ ഇവരുടെ ചുമതലകളിൽപ്പെടുന്നു. അതുകൂടാതെ, പല സർക്കാർപരിപാടികളും വിജയിപ്പിക്കാൻ ആളെക്കൂട്ടുന്നതും ഇവരെ ഉപയോഗിച്ചാണ്. 

എന്നാൽ ജീവനക്കാരെന്ന അംഗീകാരം ലഭിക്കാതെ, സേവന-വേതനവ്യവസ്ഥകളില്ലാതെ, കൃത്യമായ അവധികൾപോലുമില്ലാതെ ജോലിചെയ്യേണ്ട അവസ്ഥയാണ് ആശാ വർക്കർമാരുടേത്. സ്ഥിരമോ താത്കാലികമോ ആയ മറ്റു ജോലികളിൽ ഏർപ്പെടാൻ അനുവാദമില്ല. ഇക്കാര്യങ്ങളിലൊക്കെ ഏറെയായി അധികാരികളുമായി ചർച്ചനടന്നിട്ടും ഫലമില്ലാതെ വന്നതോടെയാണ് ആശാ വർക്കർമാർ സമരപാതയിലേക്കിറങ്ങിയത്. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാതെ 62 വയസ്സിൽ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിക്കുക, അഞ്ചുലക്ഷംരൂപ വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇവരുടെ സമരം. 

രാഷ്ട്രീയനിയമനത്തിലൂടെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലെത്തി രണ്ടുവർഷം പൂർത്തിയാക്കുന്നവർക്ക് വരെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന സംസ്ഥാനത്താണ് സുപ്രധാന ജോലി ചെയ്യുന്ന ആശാവർക്കർമാർ യാതൊരു ആനുകൂല്യവുമില്ലാതെ ഇങ്ങനെ കഷ്ടപ്പെടുന്നത്.

Content Highlights: psc members massive salary hike controversy while asha workers protest