കൈവിട്ട കളി തിരിച്ചുപിടിച്ച അസാമാന്യ പോരാട്ടം; കന്നി രഞ്ജി കിരീടം കേരളത്തിലെത്തുമോ?
ഒരു ലോകകപ്പിലുണ്ടായിരുന്നോ ഇത്രയും ത്രസിപ്പിക്കൊന്നൊരു ദിനം. ഇതുപോലെ ഉദ്വേഗഭരിതമായൊരു മുഹൂർത്തം. ഉണ്ടെങ്കിൽ തന്നെ അതിനെയെല്ലാം നിഷ്പ്രഭമാക്കിക്കളഞ്ഞു, ഈ രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടം. ഒരു പതിറ്റാണ്ട് മുൻപ് വരെ ഇന്ത്യയുടെ ക്രിക്കറ്റ് ഭൂമികയിൽ പേരിനുപോലുമില്ലാതിരുന്ന കേരളമെന്ന കൊച്ചു സംസ്ഥാനം ചരിത്രത്തിൽ ഇന്നുവരെ കാണാത്തൊരു ഭ്രാന്തൻ സ്വപ്നത്തിനുവേണ്ടിയാണ് അഹമ്മദാബാദിലെ ഇരുപത്തിരണ്ട് വാരയിൽ കണ്ണുനട്ടിരുന്നത്. രഞ്ജി ട്രോഫി ഫൈനൽ എന്ന സ്വപ്നസാഫല്യം കണ്ണുനിറയെ കണ്ടത്.
ക്രിക്കറ്റ് എന്ന കളിയുടെ, പ്രവചനങ്ങൾക്ക് പിടിതരാത്ത സകല സൗന്ദര്യവും ഇതൾവിടർത്തിയാടിയ സെമിയിൽ ഗുജറാത്തിനെ വെറും രണ്ട് റണ്ണിന്റെ മാത്രം ലീഡിൽ മറികടന്നാണ് കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ ഇടം നേടിയത്. ഒരുവേള ലീഡ് വഴങ്ങി കൈവിട്ടുവെന്ന് തോന്നിയ കളി തിരിച്ചുപിടിച്ചത് സച്ചിൻ ബേബിയും സൽമാൻ നിസാറും കൂട്ടരും പുറത്തെടുത്ത അസാമാന്യ പോരാട്ടവീര്യം ഒന്നുകൊണ്ട് മാത്രം.
കേരളത്തിനും ഒന്നാമിന്നിങ്സ് ലീഡിനും ഇടയിൽ തടസമായി നിന്ന നാഗ്വസ്വല്ലയെ സച്ചിൻ ബേബിയുടെ കൈകളിലെത്തിക്കാൻ കാരണമായ സൽമാന്റെ ആ ഹെൽമറ്റിനും കൊടുക്കണം കുതിരപ്പവൻ. അദിത്യ സർവാതെ എറിഞ്ഞ 175-ാം ഓവറിലെ നാലാം പന്ത് നാഗ്വസ്വല്ല അടിച്ചത് സൽമാന്റെ ഹെൽമറ്റിൽ ഇടിച്ചാണ് സച്ചിൻ ബേബിയുടെ കൈയിലൊതുങ്ങിത്. അതുവരെ ശ്വാസമടക്കിപ്പിടിച്ച് കളി കണ്ട ആരാധകർ എല്ലാംമറന്ന് ആർത്തുല്ലസിച്ച നിമിഷം.
നേരിയ വ്യത്യാസത്തിൽ സെമി കടമ്പ കടന്നത് എങ്ങനെയാണോ അതിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു ക്വാർട്ടറിലും കേരളത്തിന്റെ മുന്നേറ്റം. ഗുജറാത്തിനെതിരേ രണ്ട് റൺസ് ലീഡിലായിരുന്നെങ്കിൽ ക്വാർട്ടറിൽ ജമ്മുവിനെതിരേ പിടിച്ചത് ഒരു റൺസിന്റെ ലീഡ്. അവിടേയും നിർണായകമായത് പതിനൊന്നാമൻ ബേസിൽ തമ്പിയെ കൂട്ടുപിടിച്ച് സൽമാൻ നടത്തിയ അസാമാന്യ പ്രകടനം. സെമിയിൽ ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി നേടി കേരളത്തെ മുന്നിൽനിന്ന് നയിച്ച അസ്ഹറുദ്ദീന് ഉറച്ച പിന്തുണയുമായി ക്രീസിൽ നിലയുറപ്പിച്ചും സൽമാൻ താരമായിരുന്നു.
കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 457 റൺസ് പിന്തുടർന്ന ഗുജറാത്ത് മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ ഏറക്കുറേ സാധ്യതകൾ അസ്തമിച്ചെന്ന് കരുതിയ ഇടത്തുനിന്നാണ് കേരളം ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റത്. അവസാന ദിനം ഫൈനൽ ഉറപ്പിക്കാൻ ഗുജറാത്തിന് വേണ്ടിയിരുന്നത് വെറും 29 റൺസ് മാത്രമായിരുന്നു. കേരളത്തിന് മൂന്ന് വിക്കറ്റും. നിലയുറപ്പിച്ച് കളിച്ച ജയ്മീത് പട്ടേലിനേയും സിന്ധാർഥ് ദേശായിയും അതിവേഗം പുറത്താക്കി കേരളം പ്രതീക്ഷ തിരിച്ചുപിടിച്ചു. ഒടുവിൽ സമ്മർദ്ദം അതിജീവിച്ച് ചക്രവ്യൂഹം തീർത്ത് രണ്ട് റൺസ് അകലെ ഗുജറാത്തിന്റെ അവസാന വിക്കറ്റും പിഴുതെടുത്ത് ആദ്യ രഞ്ജി ഫൈനലിലേക്കും കേരളം ടിക്കറ്റെടുത്തു.
ഇനി കാത്തിരിപ്പാണ്. ഫെബ്രുവരി 26ന് തുടങ്ങുന്ന കലാശപ്പോരിൽ വിദർഭയെ കീഴടക്കി കന്നി രഞ്ജി കിരീടത്തിൽ കേരളം മുത്തമിടുന്ന നിമിഷത്തിനായി...
Content Highlights: kerala team set for historic ranji final after dramatic two run lead over gujarat